ക്രൂഡ് വില 95 ഡോളറില്‍
ഇറാന് സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില താഴുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറിലേക്കെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 89.22 ഡോളറിലേക്ക് താഴ്ന്നു. രണ്ടോ മൂന്നോ ദിവസത്തിനകം ഇറാനുമായി ആണവ കരാറില്‍ ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഈ കരാര്‍ ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. കരാര്‍ ഒപ്പിടുന്നതിന് പിന്നാലെ ഹോര്‍മുസ് തുറമുഖം തുറക്കുമെന്നും എണ്ണവില താഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസിന്റെ സമ്പൂര്‍ണ വിജയമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ ഉണര്‍വ്; ബാങ്ക് ഓഹരികള്‍ കുതിച്ചു
ട്രംപിന്റെ അനുകൂല പ്രസ്താവനകളും എണ്ണവില കുറഞ്ഞതും ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി. രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം സെന്‍സെക്സ് 395 പോയന്റ് ഉയര്‍ന്ന് 73,919 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 119 പോയന്റ് മുന്നേറി 23,242 ല്‍ എത്തി. ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെ പരസ്പരം ആക്രമണം ഒഴിവാക്കുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കിയിരുന്നു. മറ്റ് ഏഷ്യന്‍ വിപണികളും ഇന്ന് പോസിറ്റീവായി.
വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഫോറക്സ് സ്വാപ്പ് കൊണ്ടുവന്ന ആര്‍ബിഐ നടപടി ബാങ്കിംഗ് ഓഹരികള്‍ക്ക് നേട്ടമായി. ബാങ്ക് നിഫ്റ്റി ഇന്ന് രണ്ട് ശതമാനത്തിലേറെ മുന്നേറി. ഓഹരികള്‍ നോക്കിയാല്‍ ഇന്‍ഡിഗോ ഇന്ന് 4% മുന്നേറി. നിഫ്റ്റി50 യില്‍ എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 2 ശതമാനത്തിലേറെ കുതിച്ചു. ബാങ്ക് ഓഫ് ബറോഡ 5.5 ശതമാനവും കാനറ ബാങ്ക് 4.5 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്ക് 4 ശതമാനവും യൂണിയന് ബാങ്ക് 3 ശതമാനവും മുന്നേറി. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 3.6% ഉയര്‍ന്നു. 70 ബില്യണ്‍ ഡോളറോളം വിദേശ നിക്ഷേപമാണ് ആര്‍ബിഐ നടപടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എഐയില്‍ പിടിച്ചുകയറി ടിസിഎസ്
ടിസിഎസിന്റെ വാര്‍ഷിക ജനറല്‍ ബോഡി നടന്ന ദിവസമാണിന്ന്. എഐ കാലത്ത് ഐടി കമ്പനിയുടെ പുതിയ പദ്ധതികള്‍ കമ്പനി ചെയര്മാന് എന്‍ ചന്ദ്രശേഖരന് വെളിപ്പെടുത്തി. ജീവനക്കാരുടേതിന് തത്തുല്യം എഐ ഏജന്റുമാര്‍ വൈകാതെ ടിസിഎസിന് ഉണ്ടാവുമെന്ന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു. കഴിഞ്ഞ നാല് പാദങ്ങളില്‍ കമ്പനിയുടെ എഐ വരുമാനം ശരാശരി 22% വളര്‍ന്നു. 2.5 ബില്യണ്‍ ഡോളര്‍ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഐയില്‍ നിന്ന് ടിസിഎസിന് ലഭിച്ചു.
ആഫ്രിക്കയിലേക്ക് പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി വര്‍ധിപ്പിച്ച് ഇന്ത്യ
ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തി ഇന്ത്യ. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി 34.4 ശതമാനമാണ് മേയില്‍ കുറഞ്ഞത്. എന്നാല്‍ ആഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മേയില്‍ 110% ഉയര്‍ന്നു. പ്രതിദിനം 3,70,000 ബാരല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് മേയില്‍ ഇന്ത്യ ആഫ്രിക്കയിലേക്ക് അയച്ചത്. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം കയറ്റുമതി കഴിഞ്ഞ മാസം 525 ശതമാനം ഉയര്‍ന്ന് പ്രതിദിനം 66,000 ബാരലിലേക്ക് എത്തി. പ്രതിദിനം 9.37 ലക്ഷം ബാരല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ മേയില്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. ഇത് മുന്‍ മാസത്തേക്കാള്‍ 3.6% കുറവാണ്.




