ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. വ്യക്തികളും ബിസിനസുകളും നിക്ഷേപകരും നികുതി കണക്കാക്കുന്നതിലും വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിലും ടിഡിഎസ് (tax deducted at source), ടിസിഎസ് (tax collected at source) നിയമങ്ങളിലും മാറ്റം വന്നിരിക്കുന്നു. പൊതുവെ നികുതി ഘടന ലളിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിഷ്കാരങ്ങള്‍.
ടിഡിഎസ്, ടിസിഎസ്, പെന്ഷന് എന്നിവ സംബന്ധിച്ച നിയമങ്ങള്‍, ചില വിഭാഗക്കാര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കല്‍, പുതിയ നികുതി ഇളവുകള്‍ അടക്കം നികുതിദായകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങള്‍ പരിശോധിക്കാം.
- എപ്രില്‍ 1 മുതല്‍ ഓഹരി തിരികെവാങ്ങലില്‍ കാപ്പിറ്റല്‍ ഗെയിന്‍ (മൂലധന നേട്ടം) വിഭാഗത്തിലുള്ള നികുതിയായിരിക്കും ബാധകമാകുക. അതായത് ഓഹരി വില്ക്കുമ്പോള് ലഭിക്കുന്ന ലാഭത്തിന് മാത്രമേ നികുതി ബാധകമാകുകയുള്ളു. മുമ്പ്, ഇത്തരം വരുമാനങ്ങളെ സ്ലാബ് നിരക്കില്‍ ലാഭവിഹിതമായി കണക്കാക്കിയാണ് നികുതി ഈടാക്കിയിരുന്നത്.
- ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വില്‍പ്പനയ്ക്കും വാങ്ങലിനും ബാധകമായ സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് (TSS) കൂടും. ഫ്യച്ചര്‍ ട്രേഡുകള്‍ക്ക് STT 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും ഓപ്ഷന് ട്രേഡുകള്‍ക്ക് നിലവിലെ 0.1 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമായും ഉയരും.
- സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളിലുള്ള (SGB) കാപ്പിറ്റല്‍ ഗെയിന്‍ നികുതിയിളവ്, കാലാവധി എത്തുന്നത് വരെ അത് കൈവശം വെക്കുന്ന വരിക്കാര്‍ക്ക് ( original subscriber) മാത്രമേ ലഭിക്കുകയുള്ളു. സെക്കന്‍ഡറി വിപണിയില്‍ നിന്നും ഓഹരി വ്യാപാരം വഴി SGBs വാങ്ങിയ നിക്ഷേപകര്‍ അവ കാശാക്കുമ്പോള്‍ ഇനിമുതല്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കേണ്ടതായി വരും.
- ലാഭവിഹിതം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിന്നുള്ള വരുമാനം എന്നിവയുടെ ഭാഗമായ പലിശ ചെലവുകള്‍ക്ക് നികുതിയിളവ് അവകാശപ്പെടാന്‍ നികുതിദായകര്‍ക്ക് ഇനി സാധിക്കില്ല. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന വിഭാഗത്തിലുള്ള നികുതിയാകും അത്തരം വരുമാനങ്ങള്‍ക്ക് ഈടാക്കുക. നേരത്തെ, പലിശയിലെ ഇളവിലൂടെ വരുമാനത്തിന്റെ 20 ശതമാനം വരെ നികുതിലാഭം ആദായദായകര്ക്ക് നേടാനാകുമായിരുന്നു.
- ലാഭവിഹിതം, സെക്യൂരിറ്റീസ്, മ്യൂച്വല്‍ ഫണ്ട് വരുമാനം എന്നിവയ്ക്കായി ചുമത്തുന്ന അധിക TDS ഒഴിവാക്കാന്‍ ഇനിയങ്ങോട്ട് നികുതിദായകര്‍ക്ക് 15G, 15H ഫോമുകള്‍ സമര്‍പ്പിക്കാം.
- എന്‍ആര്‍ഐകള്‍ നടത്തുന്ന വസ്തു ഇടപാടുകള്‍ക്കുള്ള TDS ലഘൂകരിക്കുമെന്ന് ബജറ്റവതരണവേളയില്‍ ധനമന്ത്രി പറഞ്ഞിരുന്നു. ഇനിമുതല്‍ താമസക്കാരായ ആളുകള്‍ക്ക് അവരുടെ സ്വന്തം പാന്‍ അധിഷ്ഠിത ചലാനിലൂടെ TDS പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. ഇതിന് ടാക്സ് ഡിഡക്ഷന് അക്കൗണ്ട് നമ്പര്‍ (TAN) വേണ്ട.
- വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് 2% ഏകീകൃത TCS എന്ന നിര്‍ദ്ദേശം ബജറ്റില്‍ മുന്നോട്ടുവെച്ചിരുന്നു. ഇത് ആശ്വാസകരമാണ്. മുമ്പ് 10 ലക്ഷം രൂപ വരെയുള്ള പാക്കേജുകള്‍ക്ക് 5%ഉം, 10 ലക്ഷത്തിലധികം രൂപയുടെ പാക്കേജുകള്‍ക്ക് 20%വും ആയിരുന്നു TCS. മാത്രമല്ല, വിദേശ വിദ്യാഭ്യാസം, ആരോഗ്യച്ചെലവുകള്‍ എന്നിവയ്ക്കുള്ള TCSഉം കുറച്ചിട്ടുണ്ട്.
- ഏപ്രില്‍ 1 മുതല്‍ക്ക് ഇന്ത്യയിലെ വലിയ, ലാഭത്തിലുള്ള കമ്പനികള്‍ സാധാരണ നികുതിക്ക് പുറമേ നല്‍കേണ്ട കുറഞ്ഞ ഇതര നികുതി (MAT) 14% ആയിരിക്കും. പുതിയ നിയമം അനുസരിച്ച പുതിയ മാറ്റ് ക്രെഡിറ്റ് സാധ്യമായിരിക്കില്ല, നിലവിലെ ക്രെഡിറ്റ് പ്രതിവര്‍ഷം കമ്പനിയുടെ ടാക്സ് ബില്ലിന്റെ 25% വരെയേ ഉപയോഗിക്കാവൂ.
- വികലാംഗ പെന്ഷന് ലഭിക്കുന്ന പ്രതിരോധ സേനാംഗങ്ങള്‍ക്കുള്ള ആദായ നികുതി നിയമത്തില്‍ മാറ്റമുണ്ട്. ഏപ്രില്‍ 1 മുതല്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ കാരണം ജോലിയില്‍ നിന്നും പുറത്തുപോകേണ്ടിവന്നവര്ക്ക് മാത്രമേ ആദായ നികുതിയിളവ് ലഭിക്കുകയുള്ളു. സൂപ്പര്‍ആനുവേഷനില്‍ വിരമിക്കുന്നവര്ക്കുന്നവരുടെ പെന്ഷന് നികുതിമുക്തമാകില്ല. സൈനികസേവനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയ്ക്കായിരിക്കും ഇളവുകള്‍ ബാധകമാകുക.
- RFCTLARR നിയമത്തിന് കീഴില്‍ ഭൂമി ഏറ്റെടുത്തവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പൂര്‍ണ്ണമായും നികുതിയിളവ് ലഭിക്കുമെന്ന് ബജറ്റ് 2026-ല്‍ പറഞ്ഞിരുന്നു.
- ഓഡിറ്റ് ചെയ്യാത്ത ബിസിനസ് കേസുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ITR ഫയല്‍ ചെയ്യുന്നതിനുള്ള തീയ്യതി ആഗസ്റ്റ് 31 ആയിരിക്കും. എങ്കിലും ഓഡിറ്റ് ചെയ്യാത്ത കേസുകളിലുള്ള ഭൂരിഭാഗം വ്യക്തിഗത നികുതിദായകര്‍ക്കും ജൂലൈ 31 തന്നെയായിരിക്കും അന്തിമ തീയതി.
- മോട്ടോര്‍ അപകട ട്രൈബ്യൂണലില്‍ നിന്നും അവകാശികള്‍ക്കോ അവരുടെ നിയമപരമായ അവകാശികള്‍ക്കോ ലഭിക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് മുക്തമായിരിക്കും. ഇത്തരം കേസുകളില്‍ TDS ഈടാക്കില്ല.




