ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടല്‍ പാത തടയാന്‍ ഇറാന്
യുഎസ് നടത്തിയ ആക്രമണത്തില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും 260 ആളുകള്‍ക്ക് പരിക്കേറ്റെന്നും ഇറാന്. പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വ്യാപാരം നടത്തുന്ന എല്ലാ പാതകളും തടയുമെന്ന് ഇറാന് ഭീഷണി മുഴക്കി. യെമനിലെ ഗറില്ലാ ഗ്രൂപ്പായ ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള ബാബ്-എല്‍-മന്ദേബ് കടലിടുക്ക് തടയാനാണ് ഇറാന്റെ പദ്ധതിയെന്നാണ് സൂചന. ഇറാന്റെ തുറമുഖങ്ങള്‍ക്കും എണ്ണ വ്യാപാരത്തിനും മേല്‍ യുഎസ് ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ സിറ്റുവേഷന് റൂമില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ക്രൂഡ് വില ഉയരുന്നു, സ്വര്‍ണം ഇടിഞ്ഞു
ഇതോടെ ആഗോള എണ്ണവിപണിയിലും ഓഹരി വിപണികളിലും അനിശ്ചിതത്വം വര്‍ധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളറിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ശതമാനത്തോളം ഇടിഞ്ഞ് 4027 ഡോളറിലേക്കെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,160 രൂപയിലെത്തി. പവന് 560 രൂപ ഉയര്‍ന്ന് 1,05,280 രൂപയാണ് ഇന്നത്തെ വില.
ചിപ്പ് നിര്‍മാണത്തിനായി 1.4 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് അനുമതി
ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണ രംഗം ശക്തിപ്പെടുത്താന്‍ 1.4 ലക്ഷം കോടി രൂപയുടെ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന് 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. സെമികണ്ടക്ടര്‍, ഡിസ്പ്ലേ ഫാബ്, ചിപ്പ് ഡിസൈന്‍, ഗവേഷണം, വിതരണ ശൃംഖല എന്നിവ വികസിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള ഇലക്ട്രോണിക്സ് നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നതിനുള്ള നിര്‍ണായക നീക്കമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം മൊബൈല്‍ ഫോണ്‍ നിര്‍മാണ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്കി.
ഏഥര്‍ എനര്‍ജിയില്‍ നിക്ഷേപിക്കാന്‍ കേന്ദ്രം
ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി സമാഹരിക്കുന്ന 2,500 കോടി രൂപ ഫണ്ടില്‍ 200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും. കമ്പനിയുടെ സ്ഥാപകരും ഹീറോ മോട്ടോകോര്‍പ്പും ഈ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുക്കും. ആഭ്യന്തര ഇലക്ട്രിക് വാഹന നിര്‍മാണം, ഗവേഷണം, ബാറ്ററി സാങ്കേതികവിദ്യ, ഉല്‍പ്പാദന ശേഷി എന്നിവ വര്‍ധിപ്പിക്കുകയാണ് ക്യുഐപി മുഖേനയുള്ള ഫണ്ട് സമാഹരണത്തിന്റെ പ്രധാന ലക്ഷ്യം. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഏഥര്‍ എനര്‍ജി ഓഹരി 8 ശതമാനത്തോളം കുതിച്ചു.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ വലിയ അവസരങ്ങളാണ് ഇത് തുറക്കുക. വസ്ത്രങ്ങള്‍, ചെരുപ്പ്, ആഭരണങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ തീരുവ കുറയുകയോ ഒഴിവാകുകയോ ചെയ്യും. സമുദ്രോല്‍പ്പന്നങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും തീരുവ പൂര്‍ണമായും ഒഴിവാകുന്നത് കേരളത്തിനും നേട്ടമാണ്. ഡയറി, കൃഷി തുടങ്ങിയ മേഖലകളെ ഇന്ത്യ കരാറിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.




