ഏഷ്യന്‍ പെയിന്റ്സിന് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനി. ഏഷ്യയിലെ നാലാമത്തെ വലിയ പെയിന്റ് കമ്പനി. ലോകത്തെ ഏഴാമത്തെ വലിയ ഡെക്കറേറ്റീവ് പെയിന്റ് കമ്പനിയും. അതാണിന്ന് ബെര്‍ജര്‍ പെയിന്റ്സ്. ധിംഗ്ര സഹോദരന്മാരെന്ന പേരില്‍ അറിയപ്പെടുന്ന കുല്‍ദീപ് സിംഗ് ധിംഗ്രയും ഗുര്‍ബചന്‍ സിംഗ് ധിംഗ്രയും ചേര്‍ന്ന് നയിക്കുന്ന ശക്തമായ ബിസിനസ്. 68,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂലധനം.

എന്നാല്‍ 90 കളില്‍ ഇതൊന്നുമായിരുന്നില്ല ബെര്‍ജര്‍. മദ്യരാജാവ് വിജയ് മല്യയുടെ കൈയില്‍ വന്നുപെട്ട ഒരു പാവം കമ്പനി. 1980 കളിലാണ് മല്യ ബെര്‍ജര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത്. എന്നാല്‍ മദ്യ ബിസിനസില്‍ നിന്ന് വലിയ ലാഭം കിട്ടിയിരുന്നതിനാല്‍ പെയിന്റിലേക്ക് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചില്ല. പതിയെപ്പതിയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി പൂട്ടിപ്പോവുമെന്ന സ്ഥിതി വന്നു.
അമൃത്സറിലെ പെയിന്റ് കട
ഇക്കാലയളവിലാണ് ധിംഗ്ര സഹോദരന്മാര് രംഗപ്രവേശം ചെയ്യുന്നത്. പരമ്പരാഗതമായി, 1898 മുതല്‍ പെയിന്റ് ബിസിനസ് നടത്തുന്ന കുടുംബമായിരുന്നു ധിംഗ്രമാരുടേത്. കുല്‍ദീപ് സിംഗ് ധിംഗ്രയുടേയും ഗുര്‍ബചന്‍ സിംഗ് ധിംഗ്രയുടേയും മുത്തച്ഛന് പഞ്ചാബിലെ അമൃത്സറില്, ഇറക്കുമതി ചെയ്ത ബ്രിട്ടീഷ് പെയിന്റുകള്‍ വില്‍ക്കുന്ന ഒരു ചെറിയ പെയിന്റ് ഷോപ്പ് സ്ഥാപിച്ചാണ് ബിസിനസ് ആരംഭിച്ചത്. നൂറ്റാണ്ടിനിപ്പുറം അതേ വിദേശ പെയിന്റ് കമ്പനിയെ തന്റെ പേരക്കുട്ടികല് സ്വന്തമാക്കുമെന്ന് അദ്ദേഹം അന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല.
ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം കുല്‍ദീപും ഗുര്‍ബചനും അമൃത്സറില് തങ്ങളുടെ കുടുംബ ബിസിനസില്‍ ചേര്‍ന്നു. നഗരത്തില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറന്നു. 1970 കളില്‍ അവര്‍ ഏകദേശം 10 ലക്ഷം രൂപ വാര്‍ഷിക വരുമാനം പെയിന്റ് ബിസിനസില്‍ നിന്ന് കണ്ടെത്തിയിരുന്നു. 1980 കളില്‍ ധിംഗ്ര സഹോദരന്മാര് ബിസിനസിനെ ആഗോള വിപണിയിലേക്ക് എത്തിച്ചു. 300 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തോടെ, സോവിയറ്റ് യൂണിയനിലേക്കുള്ള പെയിന്റ് കയറ്റുമതിയില്‍ ഒന്നാമതെത്തി. യുഎസ്എസ്ആറിലെ ആ സമയത്തെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കുതിപ്പാണ് ധിംഗ്രകളുടെ പെയിന്റ് ബിസിനസിനെയും പച്ച പിടിപ്പിച്ചത്.
സോവിയറ്റ് തിരിച്ചടി
1991 ല്‍ സോവിയറ്റ് യൂണിയന് തകര്‍ന്നു. എല്ലാ മേഖലകളിലും മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങി. ധിംഗ്ര കുടുംബത്തിന്റെ പെയിന്റ് ബിസിനസില്‍ നിന്നുള്ള വരുമാനവും ഇതിനൊപ്പം കൂപ്പുകുത്തി. കുല്‍ദീപും ഗുര്‍ബചനും മാറിച്ചിന്തിക്കാനാരംഭിച്ചത് ഇതോടെയാണ്. വിജയ് മല്യയുടെ നഷ്ടത്തിലോടുന്ന പെയിന്റ് കമ്പനി വാങ്ങാന്‍ അവര്‍ തീരുമാനിച്ചു.
ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത് കോര്‍പ്പറേറ്റ് തല കൂടിക്കാഴ്ചകളിലൊന്നുമായിരുന്നില്ല. ബോംബെയിലെ പ്രസിദ്ധമായ കുതിരയോട്ട മല്‍സരമായ ബോംബെ ഡെര്‍ബിക്കിടെ സുരീന്ദര്‍ സിംഗെന്ന മദ്യ വ്യവസായി വഴി ധിംഗ്ര സഹോദരന്മാര് തങ്ങളുടെ താല്‍പ്പര്യം മല്യയുടെ കാതുകളിലെത്തിച്ചു. മഹാലക്ഷ്മി റേസ് കോഴ്സിലിരുന്ന് ബിയര്‍ സിപ്പു ചെയ്തുകൊണ്ട് മല്യ ഈ ഡീലിനെ കുറിച്ച് കേട്ടു. മദ്യ രാജാവിന് ഈ ബിസിനസ് ആരുടെയെങ്കിലും തലയില്‍ വെച്ചൊഴിഞ്ഞാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ ദിംഗ്ര സഹോദരന്മാരുടെ താല്‍പ്പര്യം ശ്രദ്ധിച്ച അദ്ദേഹം കമ്പനിയുടെ വില പല മടങ്ങ് കൂട്ടി. ചര്‍ച്ചകള്‍ക്കൊടുവില്‍ ഏകദേശം 36 കോടി രൂപയ്ക്കാണ് ധിംഗ്രമാര് ബെര്‍ജറിനെ സ്വന്തമാക്കിയത്. 36 കോടിക്ക് കമ്പനി കൈമാറുമ്പോള്‍ ഏകദേശം രണ്ടായിരം ഇരട്ടിയായി വളരാന്‍ പോകുന്ന കമ്പനിയാണ് താന്‍ വിട്ടുകളയുന്നതെന്ന് മല്യ മനസിലാക്കിയിരുന്നില്ല.

തുടക്കം ബ്രിട്ടണില്‍
യഥാര്‍ത്ഥത്തില്‍ 1760 ലാണ് ബെര്‍ജര്‍ പെയിന്റ്സിന്റെ തുടക്കം. ജര്‍മന്‍ കുടിയേറ്റക്കാരനായ ലൂയിസ് ബെര്‍ജര്‍ ഡെക്കറേറ്റീവ് പെയിന്റുകളും പിഗ്മെന്റുകളും നിര്‍മിക്കാനാരംഭിച്ചത് അക്കാലത്താണ്. ഈ ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലാകെ പ്രചുര പ്രചാരം നേടി. ബ്രിട്ടീഷ് കോളനി ഭരണത്തിനൊപ്പം ബെര്‍ജറിന്റെ പെയിന്റുകള്‍ ഇന്ത്യയിലേക്കുമെത്തി. 1923 ല്‍ ബെര്‍ജര്‍ പെയിന്റ്സിന്റെ ഇന്ത്യയിലെ വില്പ്പനാവകാശം ഹാഡ്ഫീല്ഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനി വാങ്ങി. കമ്പനി സാമ്പത്തികമായി അത്ര മെച്ചമല്ലായിരുന്ന കാലത്താണ് വിജയ് മല്യ ഈ ബിസിനസ് സ്വന്തമാക്കുന്നത്.
പെയിന്റ് കടക്കാര് കമ്പനി നടത്തുന്നോ!
പെയിന്റ് കടക്കാര് ഇനി ബഹുരാഷ്ട്ര പെയിന്റ് കമ്പനി നടത്തുമോയെന്ന പരിഹാസമാണ് ബിസിനസ് രംഗത്ത് ഉയര്‍ന്നത്. ഇന്ത്യന്‍ പെയിന്റ് വ്യവസായം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന കാലമായിരുന്നു അത്. എക്സൈസ് നികുതി 20 ല്‍ നിന്ന് 45 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. വിപി സിംഗ് സര്‍ക്കാര്‍ പെയിന്റിന്റെ ഇറക്കുമതി നികുതി 110 ശതമാനത്തിലേക്കും ഉയര്‍ത്തിയിരുന്നു. പിന്നാലെ വന്ന നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ച ഉദാരവല്‍ക്കരണത്തില്‍ ധിംഗ്ര സഹോദരന്മാര് പ്രതീക്ഷയര്‍പ്പിച്ചു. ബെര്‍ജറിന് ആവശ്യമായ മാര്‍ക്കറ്റിംഗ് പദ്ധതികള്‍ വികസിപ്പിക്കുകയും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുകയും ചെയ്ത് സഹോദരന്മാര് നിശബ്ദമായി തങ്ങളുടെ ജോലി ആരംഭിച്ചു. ബെര്‍ജര്‍ പെയിന്റ്സിന്റെ വിപണി മൂല്യം വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. ക്രമേണ ഈ ഉദ്യമത്തില്‍ അവര്‍ വിജയം കണ്ടു.
അന്താരാഷ്ട്ര നിലവാരം നേടിയെടുക്കാന്‍ നിരന്തര ശ്രമം ധിംഗ്രകള് നടത്തിപ്പോന്നു. ജപ്പാനിലെ നിപ്പോണ്‍ പെയിന്റ്സുമായി പങ്കാളിത്തമുണ്ടാക്കി പ്രൊഡക്റ്റുകളില്‍ തുടര്‍ച്ചയായി മികവ് കൊണ്ടുവന്നു. ബെര്‍ജര്‍ പെയിന്റ്സിന്റെ ബിസിനസ്സ് ഇപ്പോള്‍ ബംഗ്ലാദേശ്, നേപ്പാള്‍, പോളണ്ട്, റഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഈ തന്ത്രം കമ്പനിയുടെ പേരും പ്രശസ്തിയും മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിലും വിദേശത്തും ബ്രാന്‍ഡ് വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഏഷ്യന്‍ പെയിന്റ്സിന് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയായി ബെര്‍ജര്‍ വളര്‍ന്നു.2023 ഓടെ 10,619 കോടി രൂപയുടെ വിറ്റുവരവ് നേടി.
ശരിക്കും ഒരു സ്വര്‍ണഖനി
വാസ്തവത്തില്‍ ബെര്‍ജര്‍ ഇടപാട് ഒരു ബിസിനസ് ഡീല്‍ മാത്രമായിരുന്നില്ല. ശരിക്കും സമ്പത്തിന്റെയും അവസരങ്ങളുടെയും ഒരു സ്വര്‍ണഖനി കണ്ടെത്തുകയായിരുന്നു ധിംഗ്രകള്. 28% സംയോജിത വാര്‍ഷിക വളര്‍ച്ചയിലാണ് പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ബെര്‍ജര്‍ മുന്നോട്ടു കുതിച്ചത്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ബിസിനസ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ഏറ്റെടുപ്പായി ഇത് മാറി.

ബെര്‍ഗര്‍ പെയിന്റ്സിന്റെ ഇന്നത്തെ വിജയം ധിംഗ്ര സഹോദരന്മാരുടെ സ്ഥിരോത്സാഹത്തിനും ബിസിനസ്സ് ബോധത്തിനും തെളിവാണ്. ചെയര്‍മാനായി കുല്‍ദീപ് സിംഗ് ധിംഗ്രയും വൈസ് ചെയര്മാന് സ്ഥാനത്തിരുന്ന് ഗുര്‍ബചന്‍ സിംഗ് ധിംഗ്രയും കമ്പനിയെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച്, ഇവരുടെ മൊത്തം ആസ്തി 8.2 ബില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 68,400 കോടി രൂപയാണ്. ധിംഗ്ര കുടുംബത്തിലെ പിന്‍തലമുറയും ബെര്‍ജറിന്റെ ഭാവി പരിപാടികളില്‍ സജീവമാണ്. കൊല്‍ക്കത്തയിലെ ആസ്ഥാനത്ത് ഗുര്‍ബചന്‍ സിംഗ് ദിംഗ്രയുടെ മകന് കന്‍വാര്‍ദീപ് സിംഗ് ധിംഗ്രയും കുല്‍ദീപ് സിംഗ് ധിംഗ്രയുടെ മകള്‍ റിഷ്മ കൗറും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നേതൃനിരയിലുണ്ട്.


