സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ആനുപാതികമായി 70 രൂപ കുറഞ്ഞ് 13,245 രൂപയുമാണ് ഇന്നത്തെ വിപണിവില. പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ തുടരുമ്പോഴും സ്വർണവിലയിൽ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭീതിയിലെത്താൻ കാരണം. ഇന്നലെ പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ഇറാൻ ആക്രമണം.
അതേസമയം, അമേരിക്കയുടെ അത്യാധുനിക MQ-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായിരിക്കുകയാണ്. ഈ സംഭവം അന്താരാഷ്ട്ര ധന-ചരക്ക് വിപണികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ആവശ്യം കൂടാൻ സാധ്യതയുള്ളതിനാൽ, വരും ദിവസങ്ങളിൽ സ്വർണവിലയിലും ഇതിന്റെ പ്രതിഫലനം കണ്ടേക്കാമെന്നാണ് വിലയിരുത്തൽ.




