സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി ഇനി എൽപിജി സിലിണ്ടർ വീട്ടിലെത്തും. രാജ്യത്ത് ആദ്യമായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം വഴി എൽപിജി പാചകവാതക സിലിണ്ടർ വിതരണം ആരംഭിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്.പി.സി.എൽ) ചേർന്നാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ ആദ്യഘട്ട സേവനം ആരംഭിച്ചു. ഗ്രോസറികളും ദൈനംദിന ആവശ്യസാധനങ്ങളും കടന്ന് അവശ്യ ഗാർഹിക സേവനങ്ങളിലേക്കും ക്വിക്ക് കൊമേഴ്സ് വ്യാപിക്കുന്നതിന്റെ സൂചനയാണ് ഈ നീക്കം.
5 കിലോയും പുതിയ എച്.പി. നവ്യ 10 കിലോ കോമ്പോസിറ്റ് എൽപിജി സിലിണ്ടറുമാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. സാധാരണയായി ഉപയോഗിക്കുന്ന 14.2 കിലോ ഗാർഹിക സിലിണ്ടറുകൾ നിലവിൽ ഈ സേവനത്തിന്റെ ഭാഗമല്ല.
എച്.പി. ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും സിലിണ്ടർ വാങ്ങാനാകുമെന്നതാണ് ഈ സേവനത്തിന്റെ മറ്റൊരു പ്രത്യേകത. വിദ്യാർഥികൾക്കും, ജോലി ചെയ്യുന്നവർക്കും, ചെറിയ കുടുംബങ്ങൾക്കും, രണ്ടാമത്തെ എൽപിജി സിലിണ്ടർ ആവശ്യമുള്ളവർക്കും ഇത് കൂടുതൽ പ്രയോജനപ്പെടുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ആദ്യമായി സിലിണ്ടർ വാങ്ങുന്നവർ തിരിച്ചറിയൽ രേഖ നൽകണം. പിന്നീട് റീഫിൽ ആവശ്യമായാൽ ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകി പുതിയ സിലിണ്ടർ സ്വീകരിക്കാം.
എച്.പി.സി.എൽ-ന്റെ അംഗീകൃത ഡീലർ ശൃംഖല ഓർഡറുകൾ വഴിയാണ് വിതരണം ചെയ്യുക. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെലിവറി നടത്തുക. ബെംഗളൂരുവിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം വിജയകരമായാൽ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി.




