ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് അമേരിക്ക. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. ഇന്ത്യയെ 10 ശതമാനം താരിഫ് സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് ഇന്ത്യയ്ക്കെതിരെ 12.5 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ അന്തിമ പ്രഖ്യാപനത്തിൽ 10 ശതമാനം നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ബാധ്യതയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ആണ് ലോകത്തെ 60 വ്യാപാര പങ്കാളികൾക്ക് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. ആഗോള വിതരണ ശൃംഖലയിൽ നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയമപരമായി നിരോധിക്കുകയും അതിനെതിരെ കർശനമായി നിയമം നടപ്പാക്കുകയും ചെയ്യുന്ന ലോകത്തിലെ ഏക രാജ്യം അമേരിക്കയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് വ്യക്തമാക്കി. പുതിയ താരിഫ് സംവിധാനം ആ നയത്തിന്റെ ഭാഗമായാണെന്നും യുഎസ് വിശദീകരിച്ചു.
ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം ഇറക്കുമതി തീരുവ ബാധകമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ തൊഴിൽ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്കയുമായി നടത്തിയ അനുകൂല ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്നീട് 10 ശതമാനം താരിഫ് സ്ലാബിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. നിലവിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾക്കാണ് ഏറ്റവും കുറഞ്ഞ 10 ശതമാനം താരിഫ് ബാധകമാകുക. യുകെ, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്സിക്കോ, അർജന്റീന, കംബോഡിയ, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ജോർദാൻ, മലേഷ്യ, പാകിസ്ഥാൻ, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവയാണ് ഈ പട്ടികയിലെ മറ്റ് രാജ്യങ്ങൾ.
യൂറോപ്യൻ യൂണിയൻ, തായ്വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിലവിൽ ഈടാക്കുന്ന തീരുവയ്ക്ക് പുറമെ 10 ശതമാനമോ 12.5 ശതമാനമോ അധിക നികുതി ചുമത്തും. അതേസമയം, കുറഞ്ഞ നിരക്കുള്ള വിഭാഗത്തിൽ ഉൾപ്പെടാത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 12.5 ശതമാനം അധിക തീരുവ ബാധകമാകും. എന്നാൽ നിലവിൽ പ്രത്യേക താരിഫ് നിലവിലുള്ള ഉരുക്ക്, അലുമിനിയം തുടങ്ങിയ ഉൽപ്പന്നങ്ങളെ പുതിയ തീരുവ സംവിധാനം ബാധിക്കില്ല.
അമേരിക്ക 12.5 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന സാധ്യത ഉയർന്നതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയത്. ഉയർന്ന തീരുവയുടെ ആഘാതം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർബന്ധിത തൊഴിലിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും അവയുടെ കയറ്റുമതി നിയന്ത്രിക്കാനും വിശദമായ മാർഗനിർദേശങ്ങൾ ഇന്ത്യ നേരത്തേ പുറത്തിറക്കിയിരുന്നു.
English Summary
The US has announced new customs tariffs on imports from several countries, including India, targeting products linked to forced labour. India has been placed in the 10% tariff slab, lower than the previously expected 12.5%, easing concerns for Indian exporters.




