ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ഓഹരി വിപണിയായ ബി.എസ്.ഇ സെൻസെക്സ് 2027 ജൂണോടെ 89,000 പോയിന്റിൽ എത്തിയേക്കാം എന്ന് പ്രവചിക്കുന്നു. നിലവിലുള്ള വിപണി നിലവാരത്തിൽ നിന്ന് ഏകദേശം 16 ശതമാനം വളർച്ചയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ആഭ്യന്തര വ്യവസായ മേഖലകളിലെ ഉണർവും കമ്പനികളുടെ മികച്ച വരുമാന വളർച്ചയും ഓഹരി വിപണിക്ക് വരും വർഷങ്ങളിൽ വലിയ കരുത്ത് പകരണമെന്നും മോർഗൻ സ്റ്റാൻലിയിലെ വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
സാധ്യതകൾ മൂന്ന്
വിപണിയുടെ ഭാവി സാധ്യതകളെക്കുറിച്ച് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്. സാധാരണ ഗതിയിൽ വിപണി മുൻപോട്ടു പോയാൽ സെൻസെക്സ് 89,000-ൽ എത്തും; ഇതിന് അവർ 50% സാധ്യത നൽകുന്നു. എന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിന് താഴെയാകുകയും സാമ്പത്തിക വളർച്ച വേഗത്തിലാകുകയും ചെയ്യുന്ന അനുകൂല സാഹചര്യമുണ്ടായാൽ സെൻസെക്സ് 1,00,000 പോയിന്റ് വരെ കുതിച്ചുയരാം . മറിച്ച്, ആഗോളതലത്തിൽ പ്രതിസന്ധികൾ ഉണ്ടാകുകയും എണ്ണവില 120 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്താൽ വിപണി 66,000 പോയിന്റിലേക്ക് താഴാനും സാധ്യതയുണ്ട് .
ഇന്ത്യൻ വിപണിയിലെ താൽക്കാലിക തിരിച്ചടികളെ മറികടന്ന് ബാങ്കിംഗ്, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വ്യവസായ മേഖലകൾ എന്നിവ മികച്ച ലാഭം നൽകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. പലിശ നിരക്കുകളിലെ കുറവ്, ഉയർന്ന നിക്ഷേപങ്ങൾ, ജനങ്ങളുടെ വർദ്ധിച്ചുവരുന്ന വരുമാനം എന്നിവ വിപണിയെ കൂടുതൽ ഉത്തേജിപ്പിക്കും. കൃത്രിമബുദ്ധിയുടെ സാങ്കേതിക മുന്നേറ്റങ്ങളും ഭൗമരാഷ്ട്രീയ തർക്കങ്ങളും ചില ചെറിയ വെല്ലുവിളികൾ ഉയർത്തിയേക്കാമെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമായതിനാൽ ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണ് വരാനിരിക്കുന്നത് എന്ന് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നു.
ആന്റി എ ഐ ട്രേഡ്
കഴിഞ്ഞ കുറച്ചു കാലമായി വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ച് തായ്വാൻ, തെക്കൻ കൊറിയ തുടങ്ങിയ വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റുകയായിരുന്നു. ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സെമിക്കണ്ടക്ടർ ചിപ്പ് നിർമ്മാണം എന്നിവയിൽ ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അതിനു പ്രധാന കാരണം. എന്നാൽ, ഈ അമിതമായ എഐ തരംഗത്തിന് അയവു വരുമ്പോൾ അഥവാ എഐ ട്രേഡ് നിരാശപ്പെടുത്തുമ്പോൾ, നിക്ഷേപകർ അതിൽ നിന്ന് പിൻവാങ്ങി മറ്റു സാമ്പത്തിക മേഖലകളിലേക്ക് പണം മാറ്റുന്നതിനെയാണ് വിപണി വിദഗ്ദ്ധർ ‘ആന്റി-എഐ ട്രേഡ് എന്ന് വിശേഷിപ്പിക്കുന്നത്.
ഈ എഐ അധിഷ്ഠിത ഓഹരികളുടെ കച്ചവടം പരമാവധിയിൽ എത്തുമ്പോൾ അല്ലെങ്കിൽ ഉയർന്ന വാല്യുവേഷൻ കാരണം നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങുമ്പോൾ, വിദേശ നിക്ഷേപകർ ഇന്ത്യ പോലുള്ള വിപണികളിലേക്ക് തിരികെ വരാൻ വലിയ സാധ്യതയുണ്ട്. ഇന്ത്യയിൽ എഐ ചിപ്പ് നിർമ്മാതാക്കളുടെ വൻ വിപണിയില്ലെങ്കിലും, ബാങ്കിംഗ്, ഉപഭോഗം , നിർമ്മാണം തുടങ്ങിയ അടിസ്ഥാന സാമ്പത്തിക മേഖലകൾ വളരെ ശക്തമാണ്. അതിനാൽ ആഗോളതലത്തിൽ എഐ ടെക്നോളജി ഓഹരികളിൽ അനിശ്ചിതത്വം ഉണ്ടാകുമ്പോൾ, സ്ഥിരതയുള്ള വരുമാനം നൽകുന്ന ഇന്ത്യൻ വിപണിയാണ് വിദേശ നിക്ഷേപകർ സുരക്ഷിത താവളമായി തിരഞ്ഞെടുക്കുക.




