റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിർദേശിച്ച കെവൈസി മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ രാജ്യത്തെ ചെറുകിട വ്യാപാരികളുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ പ്രതിസന്ധിക്ക് സാധ്യത. നിലവിലുള്ള വ്യാപാരികൾ റീ-കെവൈസി നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 15 ആണ്. നിശ്ചിത സമയപരിധിക്കുള്ളിൽ കെവൈസി നടപടികൾ പൂർത്തിയാക്കാത്ത വ്യാപാരികളുടെ ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ കടകളിലും മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ക്യൂആർ കോഡ് മുഖേന യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കും.
പെട്ടിക്കടകൾ, ചെറുകിട റീട്ടെയിൽ സ്ഥാപനങ്ങൾ, തട്ടുകടകൾ എന്നിവയുൾപ്പെടെ ക്യൂആർ കോഡ് വഴി ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികളെയാണ് പുതിയ കെവൈസി നടപടികൾ പ്രധാനമായും ബാധിക്കാനിടയുള്ളത്. ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിലും കെവൈസി നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും നിരവധി ചെറുകിട വ്യാപാരികൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം, സാധാരണ ക്യൂആർ കോഡ് ഉപയോഗിക്കുന്ന ഓഫ്ലൈൻ വ്യാപാരികളിൽ ഏകദേശം 30 മുതൽ 35 ശതമാനം വരെ പേർക്ക് സമയപരിധിക്കുള്ളിൽ കെവൈസി പൂർത്തിയാക്കാൻ കഴിയാതെ വരാനുള്ള സാധ്യതയുണ്ട്. ഓൺലൈൻ മേഖലയിലെ ഏകദേശം 10 ലക്ഷം ചെറുകിട സ്ഥാപനങ്ങൾക്കും രേഖകൾ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടേക്കാമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഈ നടപടി സാധാരണ ഉപഭോക്താക്കളുടെ യുപിഐ സേവനം രാജ്യവ്യാപകമായി നിർത്തലാക്കുന്നതല്ല. കെവൈസി നടപടികൾ പൂർത്തിയാക്കാത്ത വ്യാപാരികൾക്ക് യുപിഐ വഴി പണം സ്വീകരിക്കുന്നതിലാണ് പ്രധാനമായും നിയന്ത്രണം വരാൻ സാധ്യത. യുപിഐ സൗണ്ട് ബോക്സ് ഉപയോഗിക്കുന്ന വ്യാപാരികളിൽ ഏകദേശം 85–90 ശതമാനം പേർ സമയബന്ധിതമായി കെവൈസി പൂർത്തിയാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണ ക്യൂആർ സ്റ്റാൻഡ് ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികളിലാണ് കൂടുതൽ ആശങ്ക.
അതിനാൽ, ഡിജിറ്റൽ പേയ്മെന്റിനെ വലിയ തോതിൽ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ സെപ്റ്റംബർ 15ന് മുമ്പായി ആവശ്യമായ കെവൈസി, റീ-കെവൈസി നടപടികൾ പൂർത്തിയാക്കുന്നത് നിർണായകമാണ്.




