സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 960 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 1,14,880 രൂപയായി ഇന്നത്തെ സ്വർണ്ണത്തിന്റെ വിപണിവില. ഒരു ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്, ഇതോടെ ഗ്രാമിന് 14,360 രൂപയിലെത്തി. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വില. ഒരു കിലോഗ്രാമിന് 2,50,000 രൂപയിലാണുള്ളത്.
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നുനിൽക്കുകയാണ്. അതേസമയം, ഡോളറിന്റെ ദൗർബല്യവും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലെ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പണപ്പെരുപ്പ ഭീഷണി നേരിടാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമോ എന്നതിലാണ് നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. പലിശനിരക്ക് ഉയർത്തുന്നത് സ്വർണത്തിന്റെ നിക്ഷേപ ആകർഷണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ ഇതുവരെയുള്ള റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




