ചൈനയിലെ മസാജ് സെന്ററുകള്‍ക്ക് പകരമായി ഇപ്പോള്‍ വലിയ തരംഗമായി മാറുന്ന ഒരു പുതിയ ബിസിനസ് ആശയത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷെന്‍ഷെന്‍ നഗരത്തിലെ 32-കാരനായ ഷാങ് ഷിയാവോക്യാവോ എന്ന വ്യക്തിയാണ് സാധാരണ മസാജിന് പകരം ആളുകളുടെ ശരീരം പതുക്കെ ചൊറിഞ്ഞു കൊടുക്കുന്ന സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് പ്രത്യേക രീതിയില്‍ ചൊറിഞ്ഞു നല്കി മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്.
ഇതിനായി അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ പ്രത്യേകമായി നിര്‍മ്മിച്ച നീളമുള്ള നഖങ്ങള്‍ ധരിച്ചാണ് ഉപഭോക്താക്കളുടെ ശരീരത്തിലും തലയിലും പതുക്കെ ചൊറിയുന്നത്. ഒരു മണിക്കൂര്‍ ഇത്തരം സേവനത്തിന് ഏകദേശം 3,500 രൂപ ആണ് ഈടാക്കുന്നത്. നഗരങ്ങളില്‍ കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്ന ആളുകള്‍ക്ക് സാധാരണ മസാജിനേക്കാള്‍ കൂടുതല്‍ ആശ്വാസവും ഉറക്കവും നല്കാന് ഇതിന് സാധിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
മാസം തോറും ഏകദേശം ഏകദേശം 12 ലക്ഷത്തോളം രൂപ വരുമാനം നേടുന്ന ഈ ബിസിനസിന് വലിയ ഉപഭോക്തൃ പിന്തുണയാണ് ലഭിക്കുന്നത്. വരുന്ന ഉപഭോക്താക്കളില്‍ 70 ശതമാനത്തോളം പുരുഷന്മാരാണ്. തനതായ ഈ ആശയം വന്‍ വിജയമായതോടെ ചൈനയിലുടനീളം നൂറോളം ശാഖകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭകന്.
ചൊറിയുന്നതിലും ഗവേഷണം
ഷാങ് ഒരു ദിവസം പെട്ടെന്ന് തീരുമാനമെടുത്ത് തുടങ്ങിയ ഒന്നല്ല ഈ സ്ക്രാച്ച് സര്‍വീസ്. പകരം, മാസങ്ങളോളം നീണ്ട തീവ്രമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് അദ്ദേഹം ഈ വേറിട്ട സംരംഭത്തിലേക്ക് കടന്നുവന്നത്. മനുഷ്യശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഭാഗങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച അദ്ദേഹം, ശരീരത്തില്‍ പ്രധാനമായും അഞ്ച് പ്രധാന ചൊറിച്ചില്‍ മേഖലകളും അവയ്ക്കുള്ളില്‍ 30-ലധികം വിശദമായ ഭാഗങ്ങളുമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഏകദേശം നാല് മാസത്തോളം തന്റെ പരിചയക്കാരിലും ആരാധകരിലും ഈ സേവനം നേരിട്ട് പരീക്ഷിച്ചുനോക്കുകയും, വ്യക്തികള്‍ക്ക് പരമാവധി ആശ്വാസം നല്കാന് ആവശ്യമായ ശരിയായ മര്‍ദ്ദം, രീതികള്‍, വേഗത എന്നിവ കൃത്യമായി പരിശീലിച്ചെടുക്കുകയും ചെയ്തു. വ്യക്തമായ ആസൂത്രണവും ഗവേഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഷാങ് ഒടുവില്‍ തന്റെ ആദ്യത്തെ ഔട്ട്ലെറ്റ് ഔദ്യോഗികമായി ആരംഭിച്ചത്.




