യുഎസിന് ഇറാന്റെ മുന്നറിയിപ്പ്
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ഗതാഗതത്തിനായി ഒമാനുമായി താല്‍ക്കാലിക സുരക്ഷിത പാത സംബന്ധിച്ച ധാരണയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമരൂപമാകുമെന്ന് ഇറാന് അറിയിച്ചു. ധാരണ യാഥാര്‍ഥ്യമായാല്‍ ടാങ്കര്‍ ഗതാഗതത്തിന് ആശ്വാസമാകുമെങ്കിലും കടലിടുക്കിന്റെ പൂര്‍ണ സുരക്ഷയും സാധാരണ ഗതാഗതവും എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇറാനിയന്‍ ടാങ്കറുകളെ ആക്രമിച്ചാല്‍ മധ്യേഷ്യയിലെ യുഎസിന്റെ എണ്ണക്കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മൊഹമ്മദ് ബഗേര്‍ ഗാലിബാഹ് മുന്നറിയിപ്പ് നല്കി. ഹോര്‍മുസ് പ്രതിസന്ധി കനത്തതോടെ എണ്ണവില ഉയര്‍ന്നു തന്നെയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 96.71 ഡോളര്‍ എന്ന നിലയിലാണ്.
ഓഹരി വിപണി സമ്മര്‍ദ്ദത്തില്‍
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഇന്ത്യന്‍ ഓഹരി വിപണിയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. നിഫ്റ്റി 23,800 എന്ന സപ്പോര്‍ട്ടിന് താഴേക്കു വീണു. സെന്‍സെക്സ് 383 പോയന്റ് നഷ്ടത്തില്‍ 76,132 ലാണ് ക്ലോസ് ചെയ്തത്. ഉയര്‍ന്ന എണ്ണവില ഇന്ത്യയുടെ പണപ്പെരുപ്പത്തെയും കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ ജാഗ്രതയിലാക്കിയത്. ഫാര്‍മ മേഖല മാത്രമാണ് ഇന്ന് പിടിച്ചു നിന്നത്.
എന്‍എസ്ഇ ജിഎംപിയില്‍ കുതിപ്പ്
ഏറെക്കാലമായി നിക്ഷേപകര്‍ കാത്തിരിക്കുന്ന നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) ഐപിഒയ്ക്ക് സെബി അനുമതി നല്‍കിയതോടെ ഗ്രേ മാര്‍ക്കറ്റില്‍ ആവേശം ശക്തമായി. ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (ജിഎംപി) 285 രൂപ വരെ ഉയര്‍ന്നു. ഐപിഒയുടെ ഓഹരി വില ഏകദേശം 1,800 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 21ന് ആരംഭിക്കുന്ന ആഴ്ചയില്‍ എന്‍എസ്ഇയുടെ ലിസ്റ്റിങ് ഉണ്ടായേക്കും.
ഐപിഒയ്ക്കൊരുങ്ങി ഒരു മദ്യക്കമ്പനി കൂടി
അബ്സൊലൂട്ട് വോഡ്ക, ഷിവാസ് റീഗല്‍, ജയിംസണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനിയായ പെര്‍നോഡ് റിക്കാഡ് ഇന്ത്യയിലെ ബിസിനസിന്റെ ഐപിഒയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കുന്നു. 1 ബില്യണ്‍ ഡോളറിലധികം, അഥവാ ഏകദേശം 8,000 കോടിയിലധികം രൂപ മൂല്യമുള്ള ഐപിഒ ലക്ഷ്യമിട്ട് നാല് നിക്ഷേപ ബാങ്കര്‍മാരെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. പെര്‍നോഡ് റിക്കാഡിന്റെ ആഗോള വിപണികളില്‍ ഇന്ത്യ രണ്ടാമത്തെ വലിയ വിപണിയാണ്.




