ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി വൈദ്യുതി ബില്‍ മുതല്‍ ലോണ്‍ തിരിച്ചടവ് വരെ ആപ്പില്‍നിന്നുതന്നെ അടയ്ക്കാം. മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പേമെന്റ്സ് സൗകര്യം അവതരിപ്പിച്ചതോടെയാണ് ഈ മാറ്റം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ ഘട്ടംഘട്ടമായി ഇന്ത്യയിലുടനീളം ലഭ്യമാക്കും. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് സേവനം എത്തുമെന്ന് മെറ്റ അറിയിച്ചു.
ഭാരത് കണക്റ്റ് (ബിബിപിഎസ്) നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ 30 വിഭാഗങ്ങളിലായി 22,722 ബില്ലര്മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്ടാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങളുടെ ബില്ലുകള്‍ ഇതുവഴി അടയ്ക്കാം. ലോണ്‍ തിരിച്ചടവിനും വാട്ട്സ്ആപ്പ് ഉപയോഗിക്കാം.
വാട്ട്സ്ആപ്പിന്റെ ഹോം സ്ക്രീനിലെ ‘രൂപ’ ചിഹ്നത്തില്‍ ടാപ്പ് ചെയ്താണ് ബില്‍ പേമെന്റ്സ് വിഭാഗത്തിലെത്തേണ്ടത്. തുടര്‍ന്ന് ബില്‍ വിഭാഗവും സേവനദാതാവിനെയും തിരഞ്ഞെടുക്കുക. ആവശ്യമായ അക്കൗണ്ട് അല്ലെങ്കില്‍ കസ്റ്റമര്‍ വിവരങ്ങള്‍ നല്‍കുക. ലഭിക്കുന്ന ബില്‍ തുകയും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം യുപിഐ, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ ഇഷ്ടമുള്ള പേയ്മെന്റ് മാര്‍ഗം തിരഞ്ഞെടുക്കാം.
ഒരു സേവനദാതാവിന് കീഴില്‍ വീട്ടിലെയും ഓഫീസിലെയും കുടുംബാംഗങ്ങളുടേയും ഒന്നിലധികം അക്കൗണ്ടുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. മുമ്പ് അടച്ച ബില്ലുകള്‍, വരാനിരിക്കുന്ന ബില്ലുകള്‍ എന്നിവയും പെമെന്റ്സ് ഹോം പേജില്‍ കാണാനാകും. പതിവായി ഉപയോഗിക്കുന്ന ബില്ലര്മാര്ക്ക് വേഗത്തില്‍ പേയ്മെന്റ് നടത്താനുള്ള സൗകര്യവും ലഭിക്കും.




