അമേരിക്കൻ സർക്കാർ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് അമേരിക്കൻ ട്രെഷറി ബോണ്ടുകൾ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായാണ് ഇതുവരെ ആഗോള സാമ്പത്തിക വിപണി ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ, അടുത്തിടെ പല രാജ്യങ്ങളും ഇതിലുള്ള നിക്ഷേപം വെട്ടി കുറക്കുകയാണ് .
അമേരിക്കൻ ഗവൺമെന്റിന്റെ വർദ്ധിച്ചുവരുന്ന കടബാധ്യതയും സാമ്പത്തിക നയങ്ങളിലെ ചില അനിശ്ചിതത്വങ്ങളുമാണ് വൻകിട നിക്ഷേപകരെ ബോണ്ടുകൾ കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത്. തങ്ങളുടെ നിക്ഷേപം ഒരിടത്ത് മാത്രം കേന്ദ്രീകരിക്കാതെ, മറ്റ് മേഖലകളിലേക്ക് മാറ്റി നിക്ഷേപിച്ച് റിസ്ക് കുറയ്ക്കാനും കൂടുതൽ ലാഭം നേടാനുമാണ് ഇവർ ലക്ഷ്യമിടുന്നത്.
നോർവെയുടെ തീരുമാനം
നോർവേയുടെ ഏകദേശം 230 ലക്ഷം കോടിയിലധികം യു.എസ്. ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ഫണ്ട് ആയ നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് , തങ്ങളുടെ ഗവൺമെന്റ് ബോണ്ട് നിക്ഷേപങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നു. നോർവേയുടെ ധനകാര്യ മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ച പുതിയ നിർദ്ദേശപ്രകാരം, അമേരിക്കൻ ട്രഷറി ബോണ്ടുകളിലുള്ള നിക്ഷേപം വൻതോതിൽ കുറയ്ക്കാനാണ് ഫണ്ട് തയ്യാറെടുക്കുന്നത്. ഈ നീക്കം നടപ്പിലായാൽ ഏകദേശം 8,000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ കടപ്പത്രങ്ങൾ നോർവീജിയൻ ഫണ്ട് വിറ്റഴിക്കുകയോ കുറയ്ക്കുകയോ ചെയ്യും. നിലവിൽ തങ്ങളുടെ ബോണ്ട് പോർട്ട്ഫോളിയോയുടെ വലിയൊരു ഭാഗം അമേരിക്കയിലാണ് അവർ നിക്ഷേപിച്ചിരിക്കുന്നത്.
അമേരിക്കയുടെ കടം പ്രശ്നം
ഇത്തരമൊരു നിർണായകമായ മാറ്റത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ ഭൗമരാഷ്ട്രീയ മാറ്റങ്ങളും തന്ത്രപരമായ വൈവിധ്യവൽക്കരണവും ആണ്. തങ്ങളുടെ ഫണ്ടിന്റെ മൊത്തം നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്ന് നോർവേ വിലയിരുത്തുന്നു. അമേരിക്കയുടെ വർദ്ധിച്ചുവരുന്ന ദേശീയ കടവും, സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വങ്ങളും ഫണ്ടിന്റെ സുസ്ഥിരതയെ ബാധിക്കാതിരിക്കാൻ കൂടിയാണ് ഇവർ അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള പിന്മാറ്റത്തിന് പ്ലാൻ ചെയ്യുന്നത്. അമേരിക്കൻ ഡോളർ അധിഷ്ഠിത ആസ്തികളിൽ നിന്നുള്ള ഈ പിന്മാറ്റം മറ്റ് സുരക്ഷിത നിക്ഷേപ മേഖലകളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
കടപ്പത്രങ്ങൾക്ക് കഷ്ടകാലം
ഈ തീരുമാനം ആഗോള സാമ്പത്തിക വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ നോർവേ ഫണ്ട് ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോൾ, മറ്റ് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും വലിയ ഫണ്ടുകളും സമാനമായ രീതിയിൽ അമേരിക്കൻ കടപ്പത്രങ്ങളിലെ നിക്ഷേപം കുറയ്ക്കാൻ പ്രേരിതരായേക്കാം. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഡോളറിന്റെ ആഗോള ആധിപത്യത്തിനും വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. നോർവേയുടെ ധനകാര്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചാൽ മാത്രമായിരിക്കും ഈ മാറ്റങ്ങൾ പൂർണ്ണമായി നടപ്പിലാക്കുക.ലോകത്തിലെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നായ നോർവേയുടെ ഈ നീക്കം മറ്റു രാജ്യങ്ങൾക്കും പ്രചോദനമായാൽ, അത് അമേരിക്കൻ ഡോളറിന്റെയും സാമ്പത്തിക മേഖലയുടെയും ആധിപത്യത്തിന് വലിയ വെല്ലുവിളിയായി മാറിയേക്കാം.




