ഉത്സവകാലം അടുത്തതോടെ രാജ്യത്ത് പഞ്ചസാരയുടെ വിലക്കയറ്റം ആശങ്കയുയര്‍ത്തുന്നു. പഞ്ചസാരയുടെ വില വര്‍ധനയ്ക്കൊപ്പം ശര്‍ക്കരയുടെയും മധുര പലഹാരങ്ങളുടെയും വില ഉയരുന്നത് കുടുംബങ്ങളുടെ ഭക്ഷ്യച്ചെലവില് അധികഭാരം സൃഷ്ടിച്ചേക്കും. ജൂലൈയില്‍ പഞ്ചസാര വില പ്രതിമാസ അടിസ്ഥാനത്തില്‍ 2.73% ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂണിലെ 0.63%, മേയിലെ 0.44% എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റത്തിന്റെ വേഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
വാര്‍ഷിക അടിസ്ഥാനത്തില്‍ ജൂലൈയില്‍ പഞ്ചസാര വില 4.92% ഉയര്‍ന്നു. ജൂണില്‍ ഇത് 2.17% മാത്രമായിരുന്നു. രാജ്യത്തെ മൊത്തം റീട്ടെയില്‍ പണപ്പെരുപ്പം 4.44% ആയിരുന്ന സാഹചര്യത്തില്‍, പഞ്ചസാര വിലക്കയറ്റം അതിനേക്കാള്‍ ഉയര്‍ന്നതും ശ്രദ്ധേയമാണ്. ഉത്സവ സീസണില്‍ ആവശ്യകത ശക്തമാകുമ്പോള്‍ വിലയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ശര്‍ക്കരയും വിലക്കയറ്റത്തില്‍നിന്ന് ഒഴിവായിട്ടില്ല. ജൂലൈയില്‍ ശര്‍ക്കരയുടെ വില പ്രതിമാസം 1.76% ഉയര്‍ന്നു. വാര്‍ഷിക വിലക്കയറ്റം ജൂണിലെ 5.31 ശതമാനത്തില്‍നിന്ന് 6.28% ആയി. മധുരപലഹാരങ്ങളുടെ വാര്‍ഷിക വിലക്കയറ്റം 6.08% ആയി ഉയര്‍ന്നതായും വിപണിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
വിലക്കയറ്റം ഉല്‍പ്പന്നങ്ങളിലേക്കും
പഞ്ചസാരയുടെ ഉയര്‍ന്ന വില പരമ്പരാഗത മധുര പലഹാരങ്ങളില്‍ മാത്രം ഒതുങ്ങില്ല. ബിസ്കറ്റ്, കുക്കീസ്, ചോക്ലേറ്റ്, ശീതളപാനീയങ്ങള്‍ തുടങ്ങി പഞ്ചസാര പ്രധാന അസംസ്കൃത വസ്തുവായ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ചില കമ്പനികള്‍ വില കൂട്ടുകയോ പാക്കറ്റിലെ ഉല്‍പ്പന്നത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ഇടപെടല്‍
വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതും ഉത്സവകാല ഡിമാന്‍ഡ് വര്‍ധിച്ചതും ആഗോള വിപണിയിലെ ലഭ്യത കുറഞ്ഞതും പൂഴ്ത്തിവെക്കലും ഊഹക്കച്ചവടവുമാണ് വിലക്കയറ്റത്തിന് കാരണങ്ങളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 10 ലക്ഷം ടണ്‍ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കി.
അടുത്തിടെ സര്‍ക്കാര്‍ സ്വീകരിച്ച ലഭ്യത വര്‍ധിപ്പിക്കല്‍, സ്റ്റോക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ വിപണികളില്‍ വിലയ്ക്ക് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉത്സവകാല ഡിമാന്‍ഡ് ശക്തമാകുന്നതിനാല്‍ വരും മാസങ്ങളില്‍ പഞ്ചസാരയും അതുമായി ബന്ധപ്പെട്ട മധുരവിഭവങ്ങളും സാധാരണക്കാരുടെ പോക്കറ്റിന് എത്രത്തോളം ഭാരമാകുമെന്നത് കണ്ടറിയണം.




