ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഇഎസ്ജി റേറ്റിംഗ് 75.4 ലേക്ക് ഉയര്‍ത്തി പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ കെയര്‍എഡ്ജ് ഇഎസ്ജി. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗുകളില്‍ ഒന്നാണ് ഇസാഫിന് ലഭിച്ചിരിക്കുന്നത്. കെയര്‍എഡ്ജ്-ഇഎസ്ജി 1 വിഭാഗത്തിലാണ് ഇസാഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 68.1 ആയിരുന്നു ഇസാഫിന്റെ ഇഎസ്ജി റേറ്റിംഗ്. ഗണ്യമായ പുരോഗതിയാണ് റേറ്റിംഗില്‍ ബാങ്ക് കൈവരിച്ചിരിക്കുന്ന്. പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങളെ അളന്നാണ് ഇഎസ്ജി റേറ്റിംഗുകള്‍ നല്‍കുന്നത്. മൂന്ന് മേഖലകളിലും ഇസാഫിന്റെ ശക്തമായ പ്രകടനത്തെയാണ് ഉയര്‍ന്ന റാങ്കിംഗ് സൂചിപ്പിക്കുന്നത്. ബാങ്കിന്റെ ശക്തമായ നയങ്ങള്‍, റിപ്പോര്‍ട്ടിംഗിലെ സുതാര്യത, ഇസ്ജി അപകടസാധ്യതകളുടെ ഫലപ്രദമായ മാനേജ്മെന്റ് എന്നിവയെ അംഗീകരിച്ചുകൊണ്ടാണ് ലീഡര്‍ഷിപ്പ് കാറ്റഗറിയില്‍ ബാങ്കിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 82.6 റേറ്റിംഗ് ലഭിച്ചു. കഴിഞ്ഞതവണ ഇത് 76.9 ആയിരുന്നു. മേഖലയിലെ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഈ വിഭാഗത്തില്‍ ഇസാഫിന്റെ സ്കോര്‍. സാമൂഹിക വികസന പരിപാടികള്‍, മുന്‍ഗണനാ മേഖലകളില്‍ വായ്പകള്‍ നല്കുന്നതില് പുലര്‍ത്തുന്ന ശ്രദ്ധ, സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ഇസാഫിന്റെ പ്രധാന കരുത്തായി അംഗീകരിക്കപ്പെട്ടു.
‘ഉത്തരവാദിത്തമുള്ള ബാങ്കിംഗിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ അപ്ഗ്രേഡ് ചെയ്ത ഇഎസ്ജി റേറ്റിംഗ് പ്രതിഫലിപ്പിക്കുന്നത്,’ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഇസാഫിന്റെ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ് സുസ്ഥിരതയെന്നും അദ്ദേഹം പറഞ്ഞു.




