നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ മറ്റൊരു പ്രചാരണത്തിന് തുടക്കമിട്ട് സോഷ്യൽ മീഡിയ. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പുതിയ പ്രചാരണം. ഇ20 ജനതാ പാർട്ടി എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പ്രക്ഷോഭം. കോക്ക്റോച്ച് ജനതാ പാർട്ടി സ്വീകരിച്ച ആക്ഷേപഹാസ്യ ശൈലി പിന്തുടരുന്ന ഈ പ്രചാരണത്തിന് മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ഫോളോവേഴ്സാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്.
തങ്ങളുടെ പ്രക്ഷോഭം ഉപഭോക്തൃ അവകാശങ്ങളും ഇന്ധന തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യവും മുൻനിർത്തിയുള്ളതാണെന്നും, എഥനോൾ കലർത്തിയ ഇന്ധനം പിൻവലിക്കണമെന്നോ സബ്സിഡിയോ സൗജന്യ ഇന്ധനമോ ആവശ്യപ്പെടുന്നില്ലെന്നും ഇ20 ജനതാ പാർട്ടി വ്യക്തമാക്കി. എല്ലാ പെട്രോൾ പമ്പുകളിലും ഇ20 പെട്രോളിനൊപ്പം 100 ശതമാനം ശുദ്ധ പെട്രോളും ലഭ്യമാക്കുകയും വാഹനത്തിന് അനുയോജ്യമായ ഇന്ധനം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യം. കോക്ക്റോച്ച് ജനത പാര്‍ട്ടി സ്വീകരിച്ചതിന് സമാനമായ ആക്ഷേപ ഹാസ്യ ശൈലി പിന്തുടര്ന്നാണ് പ്രചാരണം. തുടക്കത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചാരണത്തിന് വലിയ ജനശ്രദ്ധയാണ് ലഭിച്ചത്.
ഈ വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ രാജിയും പ്രചാരണത്തിന്റെ ഭാഗമായി ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കേന്ദ്രസർക്കാർ ഇ20 ഇന്ധനം രാജ്യവ്യാപകമായി നടപ്പാക്കിയിട്ടുണ്ടെങ്കിലും, അതിലൂടെ വാഹനങ്ങൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ട തെളിവുകളില്ലെന്നും നിലവിൽ എഥനോൾ കലർത്തൽ 20 ശതമാനത്തിന് മുകളിൽ ഉയർത്താനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.




