കുട്ടികള്‍, കുട്ടികളായിരിക്കുന്നതിന് വേണ്ടി – പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍മീഡിയ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞ വാക്കുകളാണ് ഇത്. കുട്ടികളില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായ കൗമാരപ്രായക്കാരില്‍ സോഷ്യല്‍മീഡിയ വിലക്കുകയെന്നത് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു തീരുമാനമല്ല. ടെക് ഭീമന്മാരാണ് ഒരു വശത്ത്. എന്നിട്ടും അവര്‍ ആ കഠിന തീരുമാനം എടുക്കണമെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് കുട്ടികളുടെ ചിന്തകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവരുടെ മാനസികാരോഗ്യത്തില്‍ അവയുണ്ടാക്കുന്ന ആഘാതം എത്രത്തോളമാന്നെും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
ഇതോടെ ലോകം വീണ്ടും ചിന്തിച്ചുതുടങ്ങുകയാണ്, സോഷ്യല്‍മീഡിയ കുട്ടികള്‍ക്ക് എത്രത്തോളം ദോഷകരമാണ്, ഓസ്ട്രേലിയയിലേത് പോലെ ഒരു നിയന്ത്രണത്തിലൂടെ ആ ദോഷങ്ങളെ മറികടക്കാന്‍ കഴിയുമോ.
കുട്ടിക്കാലത്തെ ഡിജിറ്റല്‍ ആശയക്കുഴപ്പം
കൗമാരപ്രായക്കാര്‍ക്ക് സോഷ്യല്‍മീഡിയ എന്നത് മുതിര്‍ന്നവരിലേത് പോലെ സമയംപോക്കിനുള്ള വഴിയല്ല. അവരുടെ സാമൂഹിക ഇടപെടലിനുള്ള പ്രധാന മാധ്യമമായി സോഷ്യല്‍മീഡിയ മാറിക്കഴിഞ്ഞു. പത്തും പതിനൊന്നും വയസ്സുള്ളപ്പോള്‍ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടാക്കുന്നു. പലപ്പോഴും പ്രായപരിമിതികളെ മറികടക്കാന്‍ പ്രായത്തില്‍ കള്ളം കാണിച്ചിട്ടാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ കയറിക്കൂടുന്നത്. 2024-ലെ Pew റിസര്‍ച്ചില്‍ വികസിത രാജ്യങ്ങളിലെ 95 ശതമാനം കുട്ടികളും കുറഞ്ഞത് ഒരു സോഷ്യല്‍ മീഡിയ എങ്കിലും പ്രതിദിനം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. മൂന്നില്‍ ഒരു കുട്ടി വീതം ഫുള്‍ടൈം ഓണ്‍ലൈന്‍ ആണെന്നും വെളിപ്പെടുത്തി.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ ലോകത്ത് തന്നെ മുന്‍നിരയിലുള്ള ഇന്ത്യയില്‍, പതിനൊന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ദിവസവും ശരാശരി നാല് മണിക്കൂറോളം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതായി ഇന്റേണല്‍ ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ(ഐഎഎംഎഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ വരുമാന വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കിടയില്‍ ഈ പ്രവണത ദൃശ്യമാണ്. ഹ്രസ്വ വീഡിയോകള്‍, ഗെയിമിംഗ് കമ്മ്യൂണിറ്റികള്‍, ഇന്‍ഫ്ളുവന്‍സര്‍ കള്‍ച്ചര്‍ എന്നിവയെല്ലാം കൗമാരപ്രായക്കാര്ക്കാരുടെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്നു. സോഷ്യല്‍മീഡിയ സമാന്തര ക്ലാസ്മുറിയായി മാറുന്നുവെന്നാണ് ബെംഗളൂരുവിലെ ഒരു സൈക്കോളജിസ്റ്റ് പറയുന്നത്. എന്നാലിവിടെ വ്യത്യാസം എന്തെന്നാല്‍,അധ്യാപകരോ നിയമങ്ങളോ ആ ക്ലാസ്മുറിയില്‍ ഇല്ല. കുട്ടികള്‍ അറിവുകള്‍ നേടുകയും അത് സാധൂകരിക്കുകയും ഉത്കണ്ഠപ്പെടുകയുമാണ് ആ ക്ലാസ്മുറിയില്‍ നടക്കുന്നത്.
മാനസികാരോഗ്യത്തിന് വെല്ലുവിളി
സോഷ്യല്‍മീഡിയ മാനസികാരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളികള്‍ വളരെ പ്രകടമാണ്. അമിതമായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരില്‍ ഉത്കണ്ഠ, ഉറക്കക്കുറവ്, ശാരീരിക അപകര്‍ഷത, വിഷാദം എന്നിവ അധികമാണെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന കുട്ടികളില്‍ കുറഞ്ഞ തോതില്‍ അവ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് വിഷാദരോഗത്തിനുള്ള സാധ്യത ഇരട്ടിയാണെന്ന് 2023-ല്‍ ലാന്‍സെറ്റ് സൈക്യാട്രി പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നു.
ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രിയുടെ റിപ്പോര്‍ട്ടില്‍ കൗമാരപ്രായക്കാരില്‍ ഡിജിറ്റല്‍ ഡിപ്പന്‍ഡന്‍സി ഡിസോഡര്‍ കൂടിവരികയാണെന്നും കണ്ടെത്തിയിരുന്നു. മാത്രമല്ല, സോഷ്യല്‍മീഡിയ വിത്ത്ഡ്രോവല്‍ ലക്ഷണങ്ങള്‍ ലഹരിമരുന്ന് മുക്തിയുടേതിന് സമാനമാണെന്ന കണ്ടെത്തലും അതേ റിപ്പോര്‍ട്ട് പങ്കുവെച്ചു.
പ്രശ്നകരമായ ഇന്റെര്‍നെറ്റ് ഉപയോഗത്തെ ലോകാരോഗ്യ സംഘടന ഒരു മാനസികാരോഗ്യ പ്രശ്നമായാണ് കണക്കാക്കുന്നത്. അത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പുറത്ത് നിന്നുള്ള സഹായം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കേരളത്തിലെ കൗമാരപ്രായക്കാരും സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ പിന്നിലല്ല. പതിനഞ്ചുവയസ്സുകാരിയായ അനഘ കൊറോണക്കാലത്താണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ തുടങ്ങിയത്. കൂട്ടുകാരുടെ വിശേഷങ്ങള്‍ അറിയുകയും പങ്കുവെക്കുകയുമായിരുന്നു ഉദ്ദേശ്യം. പക്ഷേ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മകള്‍ക്ക് ചിത്രവരയിലുള്ള കമ്പം കുറഞ്ഞതായും മറ്റ് സ്കൂള്‍ പരിപാടികളിലൊന്നും പങ്കെടുക്കാതിരിക്കുന്നതായും മാതാപിതാക്കള്‍ ശ്രദ്ധിച്ചു. മകളിലെ മൂഡ് സ്വിംഗ്സും അതിന് പിന്നില്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനമാണെന്നതും അവര്‍ മനസ്സിലാക്കി. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവയ്ക്ക് മികച്ച പ്രതികരണം ലഭിച്ചാല്‍ സന്തോഷിക്കുകയും പ്രതീക്ഷിച്ച പോലെ അവ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ നിരാശയില്‍ മുങ്ങി ആരോടും മിണ്ടുക പോലും ചെയ്യാതിരിക്കലും പതിവായി. അവസാനം മാതാപിതാക്കള്‍ മകളെയും കൊണ്ട് സൈക്കോളജിസ്റ്റിനെ കണ്ടു. സോഷ്യല്‍മീഡിയയിലെ താരതമ്യം മകളെ ആഴത്തിലുള്ള ഉത്കണ്ഠയ്ക്ക് അടിമയാക്കിയതായി അവര്‍ മനസ്സിലാക്കി.
സോഷ്യല്‍മീഡിയയുടെ സ്വാധീനം വളരെ വേഗം ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. പ്രത്യേകിച്ച് കുട്ടികളില്‍. ലൈക്കുകള്‍, കമന്റുകള്‍, ഷെയറുകള്‍ തുടങ്ങി ഡോപ്പമൈന് ഹോര്‍മോണിനെ സ്വാധീനിക്കുന്ന കാര്യങ്ങളോട് വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന തലച്ചോറ് വേഗത്തില്‍ പ്രതികരിക്കും. കൂടുതല്‍ ലൈക്കുകളും ഷെയറുകളും കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുമ്പാകെ അംഗീകരിക്കപ്പെട്ടതായും അല്ലാത്തപക്ഷം വൈകാരിക അസ്ഥിരതയും തോന്നും.
മാതാപിതാക്കള്‍ക്ക് സങ്കല്‍പ്പിക്കാനാകാത്ത സ്ഥിതിവിശേഷം
മക്കളുടെ ഓണ്‍ലൈന്‍ ഇടപെടല്‍ അവരുടെ വൈകാരിക ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് പല മാതാപിതാക്കള്‍ക്കും സങ്കല്പ്പിക്കാന് പോലുമാകില്ല. മക്കള്‍ ഏതെല്ലാം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത് എന്നതുപോലും 63 ശതമാനം മാതാപിതാക്കള്‍ക്കും അറിയില്ലെന്ന് 2024-ല്‍ യൂണിസെഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച അവബോധത്തിലുള്ള തലമുറ അന്തരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ചിലപ്പോഴെല്ലാം സോഷ്യല്‍മീഡിയ ഈ സ്ഥിതിവിശേഷം മുതലെടുക്കുകയും ചെയ്യുന്നു.
പ്രായം കുറഞ്ഞ ഉപയോക്താക്കളെ കൂടുതല്‍ നേരം സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇവയുടെ അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നത്. ബ്യൂട്ടി ഫില്‍റ്ററുകള്‍ മുതല്‍ വൈറല്‍ ചലഞ്ചുകള്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍ വിനോദത്തിനും കെട്ടിച്ചമക്കലിനും ഇടയിലെ അതിര്‍വരമ്പ് പതുക്കെ മായ്ച്ചുകളയുന്നു.
സോഷ്യല്‍മീഡിയയില്‍ സ്വീകാര്യത നേടുകയെന്നത് കുട്ടികള്‍ക്കിടയിലെ അപകടം പിടിച്ച പ്രവണതയായി വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് മാനസികാരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. അവര്‍ക്ക് പോലും മനസ്സിലാകാത്ത ചില അളവുകോലുകളിലൂടെയാണ് കുട്ടികള്‍ സ്വന്തം മൂല്യം അളക്കുന്നത്. ഓണ്‍ലൈനില്‍ തങ്ങള്‍ കാണുന്ന ജീവിതങ്ങള്‍ സത്യമല്ലെന്നും കെട്ടിച്ചമച്ചവയാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല.
ഉത്കണ്ഠ മാത്രമല്ല, സൈബിറടങ്ങള് സുരക്ഷിതമല്ല
ആന്തരികമായ മാനസികപീഡ മാത്രമല്ല സോഷ്യല്‍മീഡിയ കുട്ടികള്‍ക്ക് നല്‍കുന്നത്. ഓണ്‍ലൈനിടങ്ങളില്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയമാകുക (ബുള്ളിയിംഗ്), ദുരുദ്ദേശ്യത്തോടെ പ്രത്യേക വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റെര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുക (ഡോക്സിംഗ്), ലൈംഗിക ഉദ്ദേശ്യത്തോടെ മുതിര്‍ന്നവര്‍ കുട്ടികളുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും വൈകാരിക അടുപ്പം സ്ഥാപിക്കുകയും ചെയ്യുക (ഗ്രൂമിംഗ്) എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ നേരിടുന്നുണ്ട്.
ദേശീയ ക്രൈം റോക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ലക്ഷ്യമിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2019നും 2023നും ഇടയില്‍ 400 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. പലരും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മുഖേനയാണ് കുട്ടികളെ തങ്ങളുടെ വലയിലാക്കുന്നത്.
ഓസ്ട്രേലിയയുടെ ധീരമായ തീരുമാനം
പതിനാറ് വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ സോഷ്യല്‍മീഡിയ വിലക്കിക്കൊണ്ടുള്ള ഓസ്ട്രേലിയയുടെ പുതിയ നിയമം മറ്റേതൊരു ജനാധിപത്യ രാഷ്ട്രവും എടുക്കേണ്ട ഏറ്റവും ധീരമായ ഒരു തീരുമാനം തന്നെയാണ്. ഈ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് പിഴയായി അടക്കേണ്ടിവരിക. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ശിക്ഷ ബാധകമാകില്ല.
കൗമാരപ്രായക്കാര്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഇടങ്ങളിലെ അധിക്ഷേപങ്ങളെ തുടര്‍ന്ന് ആത്മഹത്യയും സ്വയം പീഡിപ്പിക്കുന്ന പ്രവണതകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഓസ്ട്രേലിയ ഈ തീരുമാനം എടുത്തത്. 12 വയസ്സ് പ്രായമുള്ള കുട്ടികള്‍ പോലും ദിവസേനയെന്നോണം അക്രമാസക്തവും ലൈംഗികച്ചുവയുള്ളതുമായ ഉള്ളടക്കങ്ങള്‍ പാത്രമാകുന്നതായി നേരത്തെ ഓസ്ട്രേലിയന്‍ ഇസേഫ്റ്റി കമ്മീഷണര്‍ കണ്ടെത്തിയിരുന്നു.
കിഡ്സ് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ടിലൂടെ അമേരിക്കയും കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഫ്രാന്‍സ്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ 15, 16 വയസ്സുകളില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കണമെങ്കില്‍ മാചാപിതാക്കളുടെ സമ്മതം ആവശ്യമുണ്ട്. ഇന്ത്യയിലും സമാനമായ നിയമങ്ങള്‍ക്ക് ശ്രമം നടക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ബില്ലിലൂടെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
പക്ഷേ ഇത്തരം വിലക്കുകള്‍ എത്രത്തോളം പ്രായോഗികകമാണെന്ന ചോദ്യം നിലനില്ക്കുന്നു. സ്വകാര്യത ലംഘിക്കാതെ ടെക് കമ്പനികള്‍ക്ക് പ്രായം സ്ഥിരീകരിക്കാന്‍ കഴിയുമോ. അതിന് സാധിച്ചാല്‍ തന്നെ സുരക്ഷിതമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ കുട്ടികള്‍ തയ്യാറാകുമോ.
ടെക് കമ്പനികള്‍ പറയുന്നത്
അന്ധമായ വിലക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ടെക് കമ്പനികളുടെ വാദം. ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയും ടിക്ടോക്കും കുട്ടികള്‍ക്ക് സുരക്ഷിതമായ അല്ഗോരിതകള്ക്കും ഫാമിലി മോഡ് നിയന്ത്രണങ്ങള്‍ക്കുമായി വന്‍തുക ചിലവഴിക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.
എന്നാല്‍, ഇത്തരം പ്ലാറ്റ്ഫോമുകള് കുട്ടികളുടെ സുരക്ഷയ്ക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. കമ്പനികളുടെ ലാഭം സ്ക്രീന്‍ടൈമില്‍ അധിഷ്ഠിതമായതുകൊണ്ട് കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് കമ്പനികള്‍ കാര്യമായൊന്നും ചെയ്യില്ലെന്നാണ് ഇവര്‍ പറയുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് ഏറ്റവും ഫലവത്തായ പരിഹാരമായി കരുതാനാകില്ലെങ്കിലും ഈ വിഷയത്തിന്റെ ഗൗരവം സംബന്ധിച്ചുള്ള അവബോധം വളര്‍ത്താനും ഫലവത്തായ പരിഹാരങ്ങള്‍ക്കുള്ള ചര്‍ച്ചയ്ക്ക തുടക്കമിടാനും അവ സഹായിച്ചേക്കും.
വിലക്ക് ഫലവത്താകുമോ
ഇക്കാര്യത്തില്‍ വിദഗ്ധര്‍ പല തട്ടിലാണ്. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ കുട്ടികള്‍ വ്യാജ ഐഡിയോ വിപിഎന്നോ ഉപയോഗിച്ച് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ ശ്രമിക്കുമെന്ന് ഒരു കൂട്ടര് പറയുന്നു. ഇത്തരം പ്രതീകാത്മക നിയന്ത്രണങ്ങള്‍ക്ക് മൂല്യം കല്പ്പിക്കുന്നവരും ഉണ്ട്. കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ നിഷേധിക്കുകയെന്ന അര്‍ത്ഥം മാത്രമല്ല ഇത്തരം നടപടികള്‍ നല്‍കുന്നതെന്നും ഇതുവരെ കുട്ടികളിലെ അനാരോഗ്യകരമായ ഡിജിറ്റല്‍ ഡയറ്റിനെ സമൂഹം സാമാന്യവല്ക്കരിക്കുകയായിരുന്നുവെന്ന അവബോധവും അത് നല്‍കുന്നുണ്ടെന്നും അവര്‍ പറയുന്നു.
പ്രായോഗികതലത്തില്‍ ഡിജിറ്റല്‍ സാക്ഷരത യജ്ഞങ്ങളും മാതാപിതാക്കള്‍ക്കുള്ള അവബോധവും സംയോജിപ്പിച്ച് നടപ്പിലാക്കിയാല്‍ മാത്രമേ വിലക്കുകകള്‍ വിജയിക്കുകയുള്ളു. ഡെന്മാര്ക്ക്, നോര്‍വേ, സ്വീഡന് പോലുള്ള രാജ്യങ്ങളില്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ മീഡിയ ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. സോഷ്യല്‍മീഡിയയിലെ കെട്ടിച്ചമയ്ക്കല്‍, തെറ്റായ വിവരങ്ങള്‍, സൈബര്‍ ബുള്ളിയിംഗ് എന്നിവ എങ്ങനെ തിരിച്ചറിയാം എന്നത് സംബന്ധിച്ച അറിവുകള്‍ ഇങ്ങനെ കുട്ടികളിലേക്കെത്തുന്നു.
കുട്ടിക്കാലം സുരക്ഷിതമാകാന്‍
അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം ഒരു തലമുറയുടെ ഒന്നാകെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന അവബോധം ഇന്ന് ആളുകളില്‍ വളര്‍ന്നുവരുന്നുണ്ട്. സ്കൂളുകളില്‍ ഇത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്താന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും മുന്‍കൈ എടുക്കുന്നുണ്ട്. അതേസമയം തന്നെ ഓണ്‍ലൈന്‍ ജീവിത സമ്മര്‍ദ്ദങ്ങളുടെ ഫലമായി സ്ട്രെസ്സുിന് അടിമപ്പെടുന്ന കൗമാരപ്രായക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് സൈക്കോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നു. പത്തുവര്‍ഷം മുമ്പ് കൗമാരപ്രായക്കാരുടെ പ്രധാനപ്രശ്നം പരീക്ഷാസമ്മര്‍ദ്ദവും അതുമായി ബന്ധപ്പെട്ട ഉത്കണ്ഠയും ആയിരുന്നുവെങ്കില്‍ ഇന്നത് ഓണ്‍ലൈന്‍ ലോകത്ത് അംഗീകരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടാണ്. ഓഫ്ലൈനായാല് അപ്രത്യക്ഷമാകുന്ന തോന്നലാണ് ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക്.
ഡിജിറ്റല്‍ ലോകത്ത് കുട്ടികളെ ഒറ്റപ്പെടുത്തുക എന്നതിനേക്കാളും സന്തുലിതമായ ഡിജിറ്റല്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കുട്ടികളിലെ ഇന്റെര്‍നെറ്റ് ഉപയോഗം വിലക്കുന്നതിനേക്കാളും ഉത്തരവാദിത്തത്തോടെ ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ അവരെ പഠിപ്പിക്കുകയാണ് വേണ്ടത്.
ഓസ്ട്രേലിയയില്‍ കുട്ടികളില്‍ സോഷ്യല്‍മീഡിയ വിലക്കിയതുകൊണ്ട് സോഷ്യല്‍മീഡിയ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. പക്ഷേ, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും അത് ഒരു തിരിച്ചറിവിനുള്ള അവസരമാണ്.
ഡിജിറ്റല്‍ യുഗത്തില്‍ വളര്‍ന്നുവരുന്ന കുട്ടികളുടെ സോഷ്യല്‍ കണക്ഷനുകള്‍ നിര്‍ബന്ധപൂര്‍വ്വം ഇല്ലാതാക്കുകയല്ല വേണ്ടത്. നിയമങ്ങളിലൂടെ അതിര്‍വരമ്പുകള്‍ മുന്നോട്ടുവെക്കാനേ ഗവണ്മെന്റിന് സാധിക്കുകയുള്ളു. പക്ഷേ അത് ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കണമെങ്കിലും വീട്ടുകാരും അധ്യാപകരും ഉത്തരവാദിത്തപ്പെട്ട സോഷ്യല്‍മീഡിയ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.




