സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 1,04,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപ കുറഞ്ഞ് 13,090 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ ശ്രദ്ധേയമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ ഒരു പവന് ആകെ 3,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ആഗോള എണ്ണവിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെ, പലിശനിരക്ക് ഉയർത്താൻ യുഎസ് ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്ന വിലയിരുത്തലുകളും വിപണിയിലുണ്ട്.
സാധാരണയായി പലിശനിരക്ക് ഉയരുമ്പോൾ പലിശ ലഭിക്കാത്ത സ്വർണത്തിലെ നിക്ഷേപ ആകർഷണം കുറയാൻ സാധ്യതയുണ്ട്. അതേസമയം, യുഎസ് ഡോളറിന്റെ ശക്തിവർധനയും അന്താരാഷ്ട്ര സ്വർണവിലയ്ക്ക് സമ്മർദം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകമായി തുടരുകയാണ്.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29-നാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,31,160 രൂപയിലെത്തിയിരുന്നു. അതേസമയം, ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയുടെ നാഴികക്കല്ല് പിന്നിട്ടത് കഴിഞ്ഞ ഡിസംബർ 23-നായിരുന്നു.




