ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹരിത വിപ്ലവത്തിന് ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ ‘ഹൈഡ്രജന്‍ ട്രെയിന്‍’ രാജ്യത്തിന് സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഈ ട്രെയിന്‍, പരിസ്ഥിതി സൗഹൃദ യാത്രകളുടെ ഒരു പുതിയ യുഗത്തിനാണ് തുടക്കമിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം ഇനി ഈയൊരു ദിവസത്തിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തപ്പെടും! ലോകത്തെ വിരലിലെണ്ണാവുന്ന മുന്‍നിര രാജ്യങ്ങള്‍ നേടിയെടുത്ത സാങ്കേതിക വിദ്യയാണ് ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. കല്‍ക്കരിയും ഡീസലും ഇലക്ട്രിസിറ്റിയും കണ്ട് ശീലിച്ച ഇന്ത്യന്‍ റെയിലിന് ഇനി ഹൈഡ്രജന്റെ കരുത്ത്! അതും ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ ട്രെയിന്‍.
ഹരിയാനയിലെ ജിന്ദ് ജംഗ്ഷന് മുതല്‍ സോനിപത് വരെയുള്ള 89 കിലോമീറ്റര്‍ ദൂരമാണ് ആദ്യ ഘട്ടത്തില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ദിവസേന രണ്ട് റൗണ്ട് ട്രിപ്പുകളിലായി ഏകദേശം 356 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ ഓടിയെത്തും.
ഇന്ധനമായി ഹൈഡ്രജന്‍
ഇന്ധനമായ വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിക്കുകയാണ് ട്രെയിന്‍ ചെയ്യുക. നമോ ഗ്രീന്‍ എന്നു പേരിട്ടിരിക്കുന്ന ട്രെയിനിലുള്ള പ്രോട്ടോണ്‍ എക്സ്ചേഞ്ച് മെംബ്രേന്‍ ഫ്യുവല്‍ സെല്ലിലേക്ക് (പിഇഎംഎഫ്സി) ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും കടത്തിവിടുമ്പോള്‍ ഒരു കെമിക്കല്‍ റിയാക്ഷന് നടക്കുന്നു. ഇതിലൂടെ വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും, അത് ട്രെയിനിന്റെ മോട്ടോറുകളെ ചലിപ്പിക്കുകയും ചെയ്യും. ഡീസലിനേക്കാള്‍ മൂന്നിരട്ടി ഊര്‍ജ്ജ സാന്ദ്രതയാണ് ഹൈഡ്രജനുള്ളത്! ഇതിന്റെ ഒരേയൊരു ബൈ-പ്രോഡക്റ്റ് അഥവാ അവശിഷ്ടം വെറും ശുദ്ധമായ നീരാവിയും ചൂടും മാത്രമാണ്. അതായത് സീറോ എമിഷന്‍, നൂറ് ശതമാനം പരിസ്ഥിതി സൗഹൃദം!

ഏറ്റവും വലിയ ഹൈഡ്രജന്‍ ട്രെയിന്‍
ലോകത്ത് ഇതുവരെ ഓടുന്ന ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് 2 മുതല്‍ 4 വരെ കോച്ചുകള്‍ മാത്രമുള്ളപ്പോഴാണ് ഇന്ത്യ 10 കോച്ചുകളുള്ള ഒരു വമ്പന്‍ ട്രെയിന്‍ പുറത്തിറക്കിയിരിക്കുന്നത്! രണ്ട് ഹൈഡ്രജന്‍ ഡ്രൈവിംഗ് പവര്‍ കാറുകളും (ഡിപിസി) എട്ട് ട്രെയിലര്‍ കോച്ചുകളും ട്രെയിനിന്റെ ഭാഗമാണ്. പവര്‍ കാറുകള്‍ രണ്ടും 1200 കിലോവാട്ട് വീതം ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നു. അതായത് ഏകദേശം 3200 എച്ച്പി കരുത്ത്. ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ട്രെയിനിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. എങ്കിലും നിലവിലെ റൂട്ടില്‍ 75 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇത് സര്‍വീസ് നടത്തുക.
വമ്പന്‍ അടിസ്ഥാന സൗകര്യങ്ങള്‍
ട്രെയിന്‍ മാത്രമല്ല, ഇതിനാവശ്യമായ വന്‍ അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ചു. ജിന്ദില്‍ രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ഹൈഡ്രജന്‍ സ്റ്റോറേജ് ആന്റ് റീഫ്യൂവലിംഗ് ഫെസിലിറ്റിയാണ് ഒരുക്കിയിരിക്കുന്നത്. 3,000 കിലോഗ്രാം ഹൈഡ്രജന്‍ സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഈ കേന്ദ്രം. ജലത്തെ വൈദ്യുതി കടത്തിവിട്ട് ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നു. ഇത്തരത്തില്‍ രൂപപ്പെടുന്ന ഹൈഡ്രജന്‍ സ്റ്റോറേജുകളിലേക്ക് മാറ്റുന്നു. ഈ ഹൈഡ്രജന്‍ കംപ്രസ് ചെയ്താണ് ട്രെയിനുകളില്‍ ഇന്ധനമായി ഉപയോഗിക്കുക.
ഇനി സുരക്ഷയുടെ കാര്യം. ഹൈഡ്രജന്‍ ചോര്‍ച്ചയോ പുകയോ മറ്റോ ഉണ്ടായാല്‍ സ്വയം സപ്ലൈ ഓഫ് ചെയ്യുന്ന അത്യാധുനിക സെന്‍സറുകളും ലോക്കോ പൈലറ്റിന് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള പ്രത്യേക എമര്‍ജന്‍സി മോഡും ട്രെയിനിലുണ്ട്. ജര്‍മ്മനിയിലെ പ്രശസ്തമായ സുരക്ഷാ സര്‍ട്ടിക്കേഷന്‍ ഏജന്‍സിയായ ടിയുവി എസ്യുഡിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റും നമോ ഗ്രീനിന് ലഭിച്ചിട്ടുണ്ട്.
സമ്പൂര്‍ണമായും ഭാരതീയന്
റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനാണ് (ആര്‍ഡിഎസ്ഒ) ട്രെയിനിന്റെ സാങ്കേതികവിദ്യ ഒരുക്കിയത്. മേധാ സെര്‍വോ ഡ്രൈവ്സ് ഇന്റഗ്രേഷന്‍ നടത്തി, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (കഐസിഎഫ്) നിര്‍മിച്ച ഈ ട്രെയിന്‍ പൂര്‍ണ്ണമായും ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ വിജയമാണ്. ജര്‍മ്മനിക്കും ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതവും എത്തിക്കഴിഞ്ഞു. ഇനി നമ്മുടെ പൈതൃക റൂട്ടുകളായ കല്‍ക്ക-ഷിംല പാതകളിലേക്കും ഈ ഗ്രീന്‍ ട്രെയിനുകള്‍ ഉടന്‍ എത്തും. 2030 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി കുറയ്ക്കുക എന്ന ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണ് നമോ ഗ്രീന്‍ ഹൈഡ്രജന്‍ ട്രെയിന്‍.




