സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 560 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണവില വീണ്ടും 1,05,000 രൂപയ്ക്ക് മുകളിലെത്തി. 1,05,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാം സ്വർണത്തിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 13,160 രൂപയായി.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ആഗോള എണ്ണവില ഉയർന്നിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചു. എന്നാൽ എണ്ണവില വർധനയുണ്ടായിട്ടും അമേരിക്കയിൽ വിലക്കയറ്റ ആശങ്ക ഉണ്ടായിരുന്നില്ല. അമേരിക്കയിൽ പണപ്പെരുപ്പ സമ്മർദം പ്രതീക്ഷിച്ചതിലും കുറഞ്ഞ നിലയിൽ തുടരുന്നുവെന്ന സൂചനകൾ സ്വർണത്തിന് കൂടുതൽ പിന്തുണയായി.
പണപ്പെരുപ്പ ആശങ്ക കുറഞ്ഞ സാഹചര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്ന വിലയിരുത്തലാണ് വിപണിയിലുള്ളത്. പലിശനിരക്ക് ഉയരാതിരിക്കുക സ്വർണത്തിന്റെ ആകർഷണം വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. തുടർച്ചയായി പത്ത് ദിവസത്തിനിടെ ഏകദേശം 3,000 രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവില ഇന്ന് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ ഉയർന്ന നിരക്ക്. അതേസമയം, കഴിഞ്ഞ ഡിസംബർ 23നാണ് കേരളത്തിൽ ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ പിന്നിട്ടത്.




