കര്‍ഷകര്‍ക്ക് വേണ്ടിയുള്ള അഗ്രി ഡ്രോണുകള്‍ പുറത്തിറക്കിക്കൊണ്ട് കാര്‍ഷികമേഖലയില്‍ പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച കൊച്ചി ആസ്ഥാനമായ ഫ്യൂസലേജ് ഇന്നവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹ-സ്ഥാപകയും ഡയറക്ടറുമാണ് ദേവിക. ദേവികയുടെ എയറനോട്ടിക്കല് എഞ്ചിനീയറായ സഹോദരന് ദേവന് ചന്ദ്രശേഖരന്റെ ആശയമാണ് അഗ്രി ഡ്രോണുകള്‍. ഇന്ന് കാര്‍ഷിക മേഖലയില്‍ മാത്രമല്ല പ്രതിരോധം, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്കായും ഡ്രോണുകള്‍ നിര്മ്മിച്ചുനല്കി ഡ്രോണ്‍ നിര്‍മ്മാണ രംഗത്ത് ഫ്യൂസലേജ് ഇന്നവേഷന്‍സ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു.
- തേടിയത് അമ്മയുടെ പ്രശ്നത്തിനുള്ള പരിഹാരം
- ഡ്രോണുകളിലൂടെ പറന്നെത്തിയ പരിഹാരം
- നിരാകരിക്കപ്പെട്ടെങ്കിലും മന്ത്രി നേരിട്ട് കത്തെഴുതി
- ഫലം കണ്ടു, കര്‍ഷകര്‍ തേടിയെത്തി
- കടം വാങ്ങി ഡ്രോണുകള്‍ നിര്‍മ്മിച്ചു
- ഡ്രോണ്‍ ഉടമകളെയും സംരംഭകരാക്കുന്ന ഡ്രോണ്ട്രപ്രണര്ഷിപ്പ്
- പ്രതിരോധ മേഖലയിലേക്കും കാല്‍വെപ്പ്
- കൃഷിയിടത്തില്‍ ഡ്രോണിന്റെ പ്രവര്‍ത്തനമിങ്ങനെ
- അംഗീകാരങ്ങളുടെ നിറവില്‍
- English Summary
സ്വന്തമായി സംരംഭം തുടങ്ങുക എന്നതിലുപരിയായി കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുക എന്ന ലക്ഷ്യമായിരുന്നു ഈ സഹോദരങ്ങളെ അഗ്രി ഡ്രോണുകളിലേക്കും ഫ്യൂസലേജ് ഇന്നവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിലേക്കും എത്തിച്ചത്. ഇന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അംഗീകാരമുള്ള ഫ്യൂസിലേജിന്റെ ഡ്രോണുകള്‍ ഉയര്‍ന്ന് പറക്കുമ്പോള്‍ ആകാശത്തോളം വളര്‍ന്ന ലക്ഷ്യങ്ങളെ കുറിച്ചും കടന്നുവന്ന സംരംഭക യാത്രയെ കുറിച്ചും പ്രോഫിറ്റുമായി വിശേഷങ്ങള്‍ പങ്കിടുകയാണ് ഫ്യൂസലേജ് ഇന്നവേഷന്‍സ് സഹ-സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവന് ചന്ദ്രശേഖരന്.
തേടിയത് അമ്മയുടെ പ്രശ്നത്തിനുള്ള പരിഹാരം
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശികളായ ദേവനും ദേവികയും ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. മണ്ണിനെ ബഹുമാനിക്കാനും കഠിനമായി അധ്വാനിക്കാനും ഫലത്തില്‍ വിശ്വസിക്കാനും കുട്ടിക്കാലം തൊട്ടേ പഠിച്ചവര്‍. പക്ഷേ പ്രളയത്തോടെ കാര്‍ഷികമേഖല വലിയ തിരിച്ചടി നേരിട്ടു. നെല്‍ കര്‍ഷകയായ അമ്മയും നാട്ടിലെ മറ്റ് കര്‍ഷകരും മണ്ണിന്റെ മൂല്യശോഷണത്തില്‍ വലഞ്ഞപ്പോള്‍ തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നാണ് ദേവനും ദേവികയും ചിന്തിച്ചത്. അന്ന് ദേവിക ഒരു സോളാര്‍ കമ്പനിയില്‍ ഡയറക്ടറായി ജോലി ചെയ്യുകയാണ്. ദേവന് എയറനോട്ടിക്കല് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ഡ്രോണ്‍ നിര്‍മ്മാണത്തില്‍ ചില ഗവേഷണങ്ങള്‍ നടത്തുകയും. വിളനാശവും വിളകള്‍ക്ക് വരുന്ന രോഗങ്ങള്‍ക്കുള്ള നിലവിലെ പരിഹാര രീതികളുമാണ് കര്‍ഷരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെന്ന് ഇവര്‍ മനസ്സിലാക്കി. പരമ്പരാഗത രീതികള്‍ക്കപ്പുറം ഇതിന് നൂതന പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു.
ഡ്രോണുകളിലൂടെ പറന്നെത്തിയ പരിഹാരം
കോളെജ് പ്രോജക്ടിന്റെ ഭാഗമായി ഡ്രോണുകള്‍ നിര്‍മ്മിച്ചിരുന്ന ദേവന് ആ വഴിയിലുള്ള ഒരു പരിഹാരത്തെ കുറിച്ച് ചിന്തിച്ചു. വിളകളെ നിരീക്ഷിക്കാനും പ്രശ്നങ്ങള്‍ കണ്ടുപിടിക്കാനും ആവശ്യമായ മരുന്നുകള്‍ തളിക്കാനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുകയെന്ന ആശയം ദേവികയ്ക്കും സ്വീകാര്യമായിരുന്നു. അനിയന് പൂര്‍ണ്ണ പിന്തുണയുമായി ദേവിക ഒപ്പം നിന്നു. അവര്‍ രണ്ട് ഡ്രോണുകള്‍ നിര്‍മ്മിച്ചു. നിരീക്ഷും ഫിയയും. കൃഷിയിടങ്ങള്‍ക്ക് മുകളിലൂടെ പറന്ന് വിളകള്‍ക്കുള്ള കീടബാധയും പോഷകക്കുറവുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഡ്രോണാണ് നിരീക്ഷ്. നിരീക്ഷ് ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ആവശ്യമുള്ള മേഖലകളില്‍ മരുന്ന് തളിക്കാനും വേണ്ട വളങ്ങള്‍ ലഭ്യമാക്കാനും ഫിയ എന്ന ഡ്രോണ്‍ സഹായിക്കും.
ഈ ഡാറ്റ കൈമാറ്റത്തിലൂടെ കൃഷിച്ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പരമ്പരാഗത രീതി അനുസരിച്ച് വിളകള്‍ക്ക് കീടബാധ കണ്ടെത്തിയാല്‍ മൊത്തത്തില്‍ മരുന്നടിക്കുകയാണ് പതിവ്. എന്നാല്‍ കീടബാധ ഉള്ള ഇടത്ത് മാത്രം മരുന്ന് പ്രയോഗിക്കാന്‍ ഫ്യൂസലേജിന്റെ അഗ്രിഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാല്‍ സാധിക്കും. പരീക്ഷണങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുമ്പോള്‍ ചിലവ് 70 ശതമാനത്തോളം കുറയുകയും വിളവ് 30 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്യുന്നതായി ദേവനും ദേവികയും മനസ്സിലാക്കി.
നിരാകരിക്കപ്പെട്ടെങ്കിലും മന്ത്രി നേരിട്ട് കത്തെഴുതി
കാര്‍ഷികമേഖലയില്‍ അഗ്രിഡ്രോണുകള് മുതല്‍ക്കൂട്ടായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ദേവനും ദേവികയും ഒരു സറ്റാര്‍ട്ടപ്പ് തുടങ്ങാമെന്ന് പദ്ധതിയിട്ടു. പക്ഷേ അതിനായി ഫണ്ട് വേണം. കോവിഡ് കാലമായതിനാല്‍ പുതിയ സംരംഭങ്ങള്‍ക്ക് ഫണ്ട് ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും സമീപിച്ചെങ്കിലും അന്നത്തെ സാഹചര്യത്തില്‍ ഒരു ഹാര്ഡ്വെയര് പ്രോഡക്ട് വിജയിക്കാനുള്ള സാധ്യതയില്‍ അവര്‍ സംശയം പ്രകടിപ്പിച്ചു.
ഒരിക്കല്‍ ദേവന്റെയും ദേവികയുടെയും വീടിനടുത്തുള്ള കൃഷിഭവനില്‍ അന്നത്തെ കൃഷിമന്ത്രിയായ സുനില്‍കുമാര്‍ എത്തിയപ്പോള്‍ അവിചാരിതമായി അഗ്രി ഡ്രോണുകളുടെ പ്രവര്‍ത്തനം കാണാനിടയായി. അദ്ദേഹം ദേവനെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മന്ത്രി അപ്പോള്‍ തന്നെ ഒരു കത്തെഴുതി കത്തുമായി കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജിസ്റ്റായ ഡോ. ബെറിന് പത്രോസിനെ കാണാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ദേവന് വീണ്ടും കാര്‍ഷിക സര്‍വ്വകലാശാലയിലെത്തി. അഗ്രിഡ്രോണ്‍ എന്ന ആശയം ഡോ.ബെറിന് പത്രോസിന് സ്വീകാര്യമായി തോന്നി. കാര്‍ഷികമേഖലയിലെ നിരവധിപ്രശ്നങ്ങള്‍ക്ക് അവ മികച്ച പരിഹാരമാകുമെന്ന അദ്ദേഹത്തിന്റെ നിഗമനത്തില്‍ ഗവേഷണ, പരീക്ഷണ പവര്ത്തനങ്ങള് വിപുലപ്പെടുത്തി. ആലപ്പുഴയിലും കോട്ടയത്തും നെല്‍പ്പാടങ്ങളില്‍ ഡ്രോണുകള്‍ പരീക്ഷിച്ചു. അവയെല്ലാം വിജയം കണ്ടു. കര്‍ഷകര്‍ക്ക് ചിലവ് 70 ശതമാനത്തോളം കുറയുകയും വിളവ് 30 ശതമാനം കൂടുകയും ചെയ്തു.
ഫലം കണ്ടു, കര്‍ഷകര്‍ തേടിയെത്തി
അഗ്രിഡ്രോണുകള് കൃഷിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മനസ്സിലാക്കിയ കര്‍ഷകര്‍ പണം മുടക്കി ഡ്രോണ്‍ സേവനം ആവശ്യപ്പെട്ട് തുടങ്ങി. ആദ്യം സര്‍വ്വീസ് മോഡലിലായിരുന്നു അഗ്രിഡ്രോണ്‍ സേവനം ലഭ്യമാക്കിയിരുന്നത്. അതായത് ഡ്രോണുകളുമായി ഫ്യൂസലേജ് സംഘം കൃഷിയിടത്തില്‍ എത്തി സേവനം നല്‍കും. ഒരു ഏക്കറിന് നിശ്ചിത തുക എന്ന നിലയിലായിരുന്നു സേവനം. പക്ഷേ ഡ്രോണുകളുടെ ഫലപ്രാപ്തിയും ഉപയോഗവും അനുഭവിച്ചറിഞ്ഞ വലിയ കൃഷിയിടങ്ങളും പാടശേഖരങ്ങളും ഉള്ള കര്‍ഷകര്‍ ഡ്രോണുകള്‍ വാങ്ങാന്‍ താല്‍പ്പര്യമറിയിച്ചു. അതുവരെ നാലഞ്ച് ഡ്രോണുകള്‍ കൊണ്ട് സേവനം നല്കുന്ന രീതിയില്‍ നിന്ന് കൂടുതല്‍ ഡ്രോണുകള്‍ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കേണ്ട സാഹചര്യമെത്തിയതോടെ ഒരു സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ദേവനും ദേവികയും നിര്‍ബന്ധിതരായി.
2020-ല്‍ ഫ്യൂസലേജ് സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. കൃഷിമന്ത്രിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മേധാവി സജീവ് ഗോപിനാഥനും ആവശ്യമായ സഹായങ്ങള്‍ നല്കി. ഹാര്ഡ്വെയര് ഇന്‍കുബേറ്റര്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റമായ കളമശ്ശേരിയിലെ മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തു. പക്ഷേ ഫണ്ടിംഗ് പ്രതിസന്ധി അപ്പോഴും അവരെ വല്ലാതെ വലച്ചു.
കടം വാങ്ങി ഡ്രോണുകള്‍ നിര്‍മ്മിച്ചു
കയ്യിലുള്ള പണവും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് ആദ്യത്തെ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പണം കണ്ടെത്തിയത്. പക്ഷേ കൂടുതല്‍ ഡ്രോണുകള്‍ നിര്‍മ്മിക്കണമെന്ന സ്ഥിതി വന്നതോടെ ഫണ്ടിംഗ് അത്യാവശ്യമായി വന്നു. പല നിക്ഷേപകരെയും വെന്‍ച്വര്‍ കാപ്പിറ്റല്‍ ഏജന്‍സികളെയും സമീപിച്ചെങ്കിലും ഹാര്ഡ്വെയര് പ്രോഡക്ടില്‍ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ടായില്ല. ഇതോടെ ബാങ്ക് വായ്പ എടുക്കാനുള്ള ശ്രമമായി. ചേര്‍ത്തല മുതല്‍ കളമശ്ശേരി വരെയുള്ള പല ബാങ്കുകളെയും സമീപിച്ചെങ്കിലും ഹാര്‍ഡ് വെയര്‍ സംരംഭത്തില്‍ റിസ്ക് എടുക്കാന്‍ ആരും തയ്യാറായില്ല. ആയിടയ്ക്ക് ബാങ്ക് ഓഫ് ബറോഡ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു വായ്പ പദ്ധതി അവതരിപ്പിച്ചു. ആ വഴി ഒന്ന് ശ്രമിക്കാന്‍ ദേവനും ദേവികയും തീരുമാനിച്ചു.
ഇതിനിടെ ദേവന് വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു ഇമെയില്‍ അയക്കുകയും ചെയ്തിരുന്നു. ആ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച അഗ്രി ഇന്‍ഫ്ര ഫണ്ട് മുഖേന വായ്പയ്ക്ക് അപേക്ഷിക്കാന്‍ പിഎംഒ ഓഫീസില്‍ നിന്നും മറുപടി വന്നു. അങ്ങനെ വായ്പ ലഭിച്ചു. ആദ്യ ഗഡുവായി ലഭിച്ച 20 ലക്ഷം രൂപ കൊണ്ട് ഡ്രോണുകള്‍ നിര്‍മ്മിച്ചു. ആ വര്‍ഷം 35 ലക്ഷം രൂപയോളം വിറ്റുവരവുണ്ടായി. ഈ നേട്ടം കാര്‍ഷിക മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ ഫ്യൂസലേജ് ദേശീയതലത്തില്‍ ചര്‍ച്ചയായി. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആവശ്യക്കാരെത്തി. കൂടുതല്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. കൂടുതല്‍ ഫണ്ടുകള്‍ ആവശ്യമായി വന്നു. ബാങ്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചു. അതോടൊപ്പം സര്‍ക്കാരിന്റെയും മറ്റും ഗ്രാന്റുകളും ലഭിച്ചുതുടങ്ങി, മത്സരങ്ങളില്‍ വിജയിച്ച് ലഭിച്ച സമ്മാനത്തുകയും ഡ്രോണ്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. ഫണ്ടിംഗ് എന്ന കീറാമുട്ടി അവിടെ അവസാനിച്ചു. രണ്ടാംവര്‍ഷം വിറ്റുവരവ് 85 ലക്ഷം രൂപയായി വര്‍ധിച്ചു.

ഡ്രോണ്‍ ഉടമകളെയും സംരംഭകരാക്കുന്ന ഡ്രോണ്ട്രപ്രണര്ഷിപ്പ്
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ആവശ്യമാണ്. തുടക്കത്തില്‍ ഫ്യൂസലേജ് വിറ്റ 25ഓളം ഡ്രോണുകള്‍ കൈകാര്യം ചെയ്യാന്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമായിരുന്നു. പക്ഷേ പിന്നീടുള്ളവ ലളിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചത്. ഉപഭോക്താക്കള്‍ക്ക് ഒരാഴ്ച നീളുന്ന പരിശീലനം ഫ്യൂസലേജ് നല്‍കാറുണ്ട്. ഇതിനായി ഫ്യൂസലേജ് ഫ്ളയിംഗ് ക്ലബ്ബ് എന്ന പ്രോജക്ട് തന്നെയുണ്ട്. ഇതില്‍ ഫ്യൂസലേജില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങിയവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും ഡ്രോണുകളും ആളില്ലാ വിമാനങ്ങളും പറത്തുന്നതിനുള്ള പരിശീലനം നല്‍കും.
തങ്ങളുടെ ഡ്രോണുകള്‍ വാങ്ങുന്ന കര്‍ഷകര്‍ക്കായി ഒരു ഒരു ബിസിനസ് മോഡലും ഫ്യൂസലേജ് മുന്നോട്ടുവെക്കുന്നു. ഡ്രോണ്‍ വാങ്ങിക്കുന്നവര്‍ക്ക് അവരുടെ പ്രദേശത്തെ കര്‍ഷകര്‍ക്ക് ഡ്രോണ്‍ സേവനം ലഭ്യമാക്കി 16-20 ലക്ഷം രൂപയുടെ ബിസിനസ് ഉണ്ടാക്കാന്‍ സാധിക്കും. അതുവഴി 8 ലക്ഷം രൂപ വരെ ലാഭമുണ്ടാക്കാമെന്നാണ് ദേവന് പറയുന്നത്. ഡ്രേണ്ട്രപ്രണര്ഷിപ്പ് എന്ന ആശയമാണ് ഇതിലൂടെ ഫ്യൂസലേജ് മുന്നോട്ടുവെക്കുന്നത്.
പ്രതിരോധ മേഖലയിലേക്കും കാല്‍വെപ്പ്
അഗ്രിഡ്രോണുകള്ക്ക് പുറമേ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയും ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കും ഫ്യൂസലേജ് ഇപ്പോള്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. തൃക്കാക്കരയിലെ ഡിആര്‍ഡിഒയുടെ ഭാഗമായ NPOL (നേവല്‍ ഫിസിക്കല്‍ & ഓഷ്യോനോഗ്രഫിക് ലബോറട്ടറി) NSTL, കൊച്ചിന് ഷിപ്യാര്ഡ് എന്നിവര്‍ക്കായി ലോഡ് ഹാന്‍ഡിലിംഗിനും നിരീക്ഷണത്തിനുമൊക്കെയായാണ് ഫ്യൂസലേജ് ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്.
കേരളത്തിന് പുറമേ ഏഴോളം സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഫ്യൂസലേജ് ഇപ്പോള്‍ ഡ്രോണുകള്‍ നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. കാനഡ, യുകെ, ജിസിസി, ആഫ്രിക്ക എന്നിവിടങ്ങളിലും ഫ്യൂസലേജ് സജീവമാണ്.
കൃഷിയിടത്തില്‍ ഡ്രോണിന്റെ പ്രവര്‍ത്തനമിങ്ങനെ
നെല്‍പ്പാടങ്ങള്‍ക്ക് പുറമേ, പൈനാപ്പിള്‍, തേയില, കാപ്പി, മഞ്ഞള്‍ എന്നിങ്ങനെ ഒറ്റവിള കൃഷിയിടങ്ങളിലാണ് ഡ്രോണുകളുടെ ഉപയോഗം കാര്യക്ഷമമാകുക. ഒരു വിളയുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും വേണ്ട പോഷകങ്ങളും കള വളരുമ്പോള്‍ അവയെ നശിപ്പിക്കുന്നതിനുള്ള മരുന്നുകളും ഡ്രോണുകള്‍ മുഖേന തളിക്കും. പിന്നീട് നിരീക്ഷ് എന്ന ഡ്രോണിന്റെ സഹായത്തോടെ രോഗങ്ങളോ, കീടബാധയോ കണ്ടെത്തിയാല്‍ അതിനുള്ള മരുന്നുകളും തളിക്കും. ഡ്രോണ്‍ ഉപയോഗിച്ച് മുകളില്‍ നിന്ന് മരുന്ന് തളിക്കുന്നതിലൂടെ അടിവള പ്രയോഗം കുറയും. അതിലൂടെ കാര്‍ബണ്‍ എമിഷനും പ്രകൃതിക്കുണ്ടാകുന്ന മലിനീകരണവും തടയാനാകും. വിളവെടുപ്പിന് മുന്നോടിയായും ആവശ്യമായ പോഷകങ്ങള്‍ വിളകള്‍ക്ക് നല്‍കും. ഇത് മെച്ചപ്പെട്ട വിളവ് ലഭിക്കാന്‍ സഹായിക്കും.
അംഗീകാരങ്ങളുടെ നിറവില്‍
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള ആസ്പെയര് അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ഇ ഗെവേര്‍ണന്‍സ് അവാര്‍ഡ് ,ഫോബ്സിന്റെ 30 അണ്ടര്‍ 30 അംഗീകാരം, ഐടി വകുപ്പിന്റെ ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ്, മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡ്, നീതിപ്രയാസ് ഗ്രാന്റ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഗ്രാന്റ്, ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ ഗ്രാന്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഫ്യൂസലേജ് ഇന്നവേഷന്‍സിനെ തേടിയെത്തിയിട്ടുണ്ട്.




