രണ്ടാഴ്ച നിണ്ട യുഎസ്-ഇറാന് വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെ അമേരിക്ക കാലാവധി ദീര്‍ഘിപ്പിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. അമേരിക്കയുടെ നാവിക ഉപരോധവും മേഖലയിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തുന്ന ആക്രമണവും തുടരുകയാണ്.
ഇറാന് കടുത്ത പ്രഹരമേറ്റതിനാലും ഇറാന് നേതൃനിരയില്‍ വിള്ളലുകള്‍ ഉള്ളതിനാലും കാലാവധി ദീര്‍ഘിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. ഇറാന് നേതൃനിരയിലെ ഭിന്നാഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും അവിടുത്തെ ചില ഉദ്യോഗസ്ഥര്‍ കരാറിന് തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു. ചില ഉന്നത നേതാക്കളുടെ മരണം സ്ഥിതി സങ്കീര്‍ണ്ണമാക്കിയെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതോടെ സമാധാനചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലേക്ക് പുറപ്പെടാനിരുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് യാത്ര റദ്ദാക്കി.
അതേസമയം ട്രംപിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമില്ലാത്തതാണെന്ന് ഇറാന് പ്രതികരിച്ചു. സംഘര്‍ഷം മൂര്ച്ഛിക്കാമെന്നതിന്റെ സൂചനയാകാം വെടിനിര്‍ത്തല്‍ കരാര്‍ ദീര്ഘിപ്പിക്കലെന്ന് ഇറാന് പാര്‍ലമെന്ററി വക്താവിന്റെ ഉപദേഷ്ടകനായ മഹ്ദി മുഹമ്മദ് പറഞ്ഞു. തോല്‍വിയുടെ വശത്തുള്ളവര്‍ക്ക് ഉപാധികള്‍ മുന്നോട്ടുവെക്കാന്‍ കഴിയില്ല. ഉപരോധം തുടരുന്നത് ബോംബാക്രമണത്തില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അവരെ സൈനികമായി നേരിടണമെന്നും മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ ട്രംപ് ദീര്ഘിപ്പിച്ചുവെന്നാല് അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് വേണ്ട സമയമെടുക്കുകയാണ് അവരെന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം ആരോപിച്ചു.
വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ചെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. വെടിനിര്‍ത്തല്‍ നീട്ടിയതിലൂടെ പെട്ടെന്നുതന്നെ പരസ്പരാക്രമണത്തിലേക്ക് പോകുന്നതിനുള്ള സാധ്യത ഇല്ലാതായെങ്കിലും ഉപരോധം, സമുദ്രഗതാഗത സുരക്ഷ, ഇറാന്റെ ആണവ പദ്ധതികള്‍ എന്നിവയിലുള്ള അനിശ്ചിതത്വം തുടരുകയാണ്.
സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് ഹോര്‍മുസ് കടലിടുക്കാണ്. ലോകത്തിലെ വളരെ പ്രധാനപ്പെട്ട കപ്പല്‍പ്പാതയാണ് അത്. പ്രശ്നങ്ങളില്ലാത്തപ്പോള്‍ ആഗോള എണ്ണ വിതരണത്തിലെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ ഇടനാഴി വഴിയാണ്. ഇവിടെ ഏതെങ്കിലും രീതിയിലുള്ള തടസ്സമുണ്ടായാല്‍ ആഗോള ഊര്‍ജ വിപണികളെ അത് ഗൗരവമായി ബാധിക്കും. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇറാന് ഈ വഴി താത്കാലികമായി അടച്ചിരിക്കുകയാണ്. ഇതോടെ ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭീതി ഉടലെടുക്കുകയും ഇത് എണ്ണവിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തു. ഹ്രസ്വകാലത്തേക്ക് ഹോര്‍മുസ് തുറന്നെങ്കിലും നാവിക ഉപരോധം തുടരുന്നതിലൂടെ അമേരിക്ക വെടിനിര്‍ത്തല്‍ ലംഘനം നടത്തുകയാണെന്ന് ആരോപിച്ച് ഇറാനത് അടച്ചു.
അതേസമയം സമാധാന കരാര്‍ അംഗീകരിക്കാന്‍ ഇറാന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെങ്കില്‍ ഉപരോധം ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഉപരോധം എണ്ണക്കയറ്റുമതിയെ ബാധിച്ചത് മൂലം ഓരോ ദിവസവും ഇറാന് ദശലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും പരസ്പരസമ്മതത്തോടെയുള്ള സമാധാന കരാറിന് ഇറാന് നേതാക്കള്‍ സമ്മതം മൂളുന്നത് വരെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചര്‍ച്ച പരാജയപ്പെട്ടാല്‍ ഉടന്‍ സൈനിക നടപടി ഉണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഈ നിലപാട് ഇറാന് തള്ളിയിട്ടുണ്ട്. ആത്മാര്‍ത്ഥമായ നയതന്ത്രത്തിലൂടെ സമാധാനം കൊണ്ടുവരുന്നതിന് പകരം അമേരിക്ക ഭീഷണികളിലൂടെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ഇറാന് ആരോപിക്കുന്നു.




