സമാധാന പ്രതീക്ഷയില്‍ ലോകം
ഇറാന് – യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ നാളെ അവസാനിക്കാനിരിക്കെ സമാധാന പ്രതീക്ഷയില്‍ ലോകം. പാക്കിസ്ഥാനില്‍ നാളെ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുഎസ് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ചര്‍ച്ചയില്‍ ഇറാന് പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനുമായി കരാറിലെത്താനായാല്‍ ട്രംപ് നേരിട്ടോ വെര്‍ച്വലായോ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. യുഎസിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ആണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. എന്നാല്‍ അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്. കരാര്‍ ഇല്ലെങ്കില്‍ ഇറാനെ തരിപ്പണമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
എണ്ണവില കുറഞ്ഞു
യുഎസ്- ഇറാന് സമാധാന ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയതോടെ ഇന്നലെ കുതിച്ചുയര്‍ന്ന എണ്ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 94.62 ഡോളറാണ് വില. യുഎസ് ക്രൂഡ് വില ബാരലിന് 86.55 ഡോളറുമാണ്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുതിച്ചു. ഔണ്‍സിന് 37.59 ഡോളര്‍ ഉയര്‍ന്ന് 4808 ഡോളറാണ് സ്വര്‍ണവില. കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.
വിപണികള്‍ നേട്ടം നിലനിര്‍ത്തി
ഇതിനിടെ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ത്യന്‍ വിപണികള്‍ നേട്ടം നിലനിര്‍ത്തി. നിഫ്റ്റി 212 പോയിന്റ് ഉയര്‍ന്ന് 24,577ലും സെന്‍സെക്സ് 753 പോയിന്റ് ഉയര്‍ന്ന് 79,300ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. FMCG ഓഹരികളാണ് വിപണിയെ മുന്നോട്ട് നയിച്ചത്. നെസ്ലെ ഇന്ത്യ, എച്ച്യുഎല് ഓഹരികള്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്രസഭ
ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ടിം കുക്ക് യുഗത്തിന് തിരശ്ശീല വീഴുന്നു
ആപ്പിളില്‍ ടിം കുക്ക് യുഗത്തിന് തിരശ്ശീല വീഴുന്നു. സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ആപ്പിള്‍ സിഇഒ സ്ഥാനത്തെത്തിയ ടിം കുക്ക് 15 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്നു. സെപ്റ്റംബര്‍ 1-ന് സ്ഥാനമൊഴിയുന്ന ടിം കുക്കിന്റെ പിന്‍ഗാമിയായി ഹാര്ഡ്വെയര് മേധാവിയായ ജോണ്‍ ടെര്‍നസ് സ്ഥാനമേല്‍ക്കും.അതേസമയം എക്സിക്യുട്ടീവ് ചെയര്മാന് എന്ന പദവിയില്‍ തുടര്‍ന്നും കുക്ക് ആപ്പിളിനെ നയിക്കും. ആപ്പിളിനെ 350 ശതകോടി ഡോളര്‍ മൂല്യത്തില്‍ നിന്നും 4 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തിച്ച ശേഷമാണ് ടിം കുക്ക് പടിയിറങ്ങുന്നത്. ആപ്പിളിന്റെ നേതൃത്വം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായിരുന്നുവെന്ന് പടിയിറക്കത്തെ കുറിച്ച് ടിം കുക്ക് പ്രതികരിച്ചു.
സ്വപ്നതേരില്‍ വനിതകള്‍
ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ് തങ്ങളുടെ ഉപയോക്താക്കളായ വനിതകള്‍ക്ക് സൗജന്യ ആകാശ യാത്ര ഒരുക്കുന്നു. ഗ്രൂപ്പിന്റെ ഭാഗമായ 13 വീട്ടമ്മാര്‍ക്കാണ് സ്വപ്നതേരില്‍ എന്ന പേരില്‍ കൊച്ചിയില്‍ നിന്നും ബംഗളുരുവിലേക്കും തിരിച്ചും സൗജന്യ വിമാന യാത്ര സാധ്യമാക്കുന്നത്. ഏപ്രില്‍ 23 ന് ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മണിരത്ന ഗ്രൂപ്പ് ചെയര്മാന് എസ്.വി.മണികണ്ഠന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി. വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് വീട്ടമ്മമാര്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സ്ത്രീരത്ന, കുട്ടികളുടെ ഉന്നമനത്തിനായുള്ള ലിറ്റില്‍ രത്ന എന്നി പദ്ധതികളും ചടങ്ങില്‍ അവതരിപ്പിച്ചു.




