ഹോര്‍മുസില്‍ സംഘര്‍ഷ സാഹചര്യം; അരാഗ്ചി ചൈനയില്‍
ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് തടസമുണ്ടാക്കിയിരുന്ന ആറ് ഇറാന് ബോട്ടുകളെ യുഎസ് അപാച്ചെ, സീ ഹോക്ക് ഹെലികോപ്റ്ററുകള്‍ തുരത്തി. വാണിജ്യ കപ്പല്‍ ഗതാഗതം പുനാരംഭിക്കാനുള്ള പ്രൊജക്റ്റ് ഫ്രീഡം പദ്ധതിയുടെ ഭാഗമായി വന്‍ സൈനിക വിന്യാസമാണ് യുഎസ് ഹോര്‍മുസില്‍ നടത്തിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലുകളായ എബ്രഹാം ലിങ്കണും ട്രിപ്പോളിയുമാണ് മേഖലയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. എഫ്-16 വിമാനങ്ങള്‍ ഹോര്‍മുസില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യുഎസ് സൈനിക അകമ്പടിയോടെ ഡച്ച് കമ്പനിയായ മെഴ്സ്കിന്റെ കപ്പലുകളിലൊന്ന് സുരക്ഷിതമായി ഹോര്‍മുസ് കടന്നു.
അതേസമയം യുഎസ് മേഖലയിലെ സമുദ്ര സുരക്ഷയെ ദുര്‍ബലമാക്കിയെന്ന് ഇറാന് ആരോപിച്ചു. പ്രശ്നങ്ങള്‍ വഷളാക്കരുതെന്ന് ഇറാന് യുഎസിന് മുന്നറിയിപ്പ് നല്കി. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൊവ്വാഴ്ച ചൈനയിലെത്തി. പുതിയ സാഹചര്യത്തില്‍ ചൈനയുടെ പിന്തുണ തേടിയാണ് സന്ദര്‍ശനം.
വിപണിയില്‍ ബൗണ്‍സ് ബാക്ക്
കനത്ത ഇടിവില്‍ നിന്ന് കരുത്തോടെ തിരിച്ചു കയറി ഇന്ത്യന്‍ വിപണി. 76,515 വരെ ഇടിഞ്ഞ സെന്‍സെക്സ് 500 പോയന്റോളം തിരിച്ചു പിടിച്ച് 77,017 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 23,882 വരെ വീണ ശേഷം 24,032 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഓന്‍പത് സെഷനുകളിലെ വിറ്റഴിക്കലിന് ശേഷം വിദേശ സ്ഥാപന നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിയതാണ് വിപണിയെ ബൗണ്‍സ് ബാക്കിന് സഹായിച്ചത്. 23,950 നിഫ്റ്റിക്ക് ശക്തമായ സപ്പോര്‍ട്ട് ലെവലായി മാറിയിട്ടുണ്ട്.
എണ്ണ താഴേക്ക്, സ്വര്‍ണം മുകളിലേക്ക്
ഹോര്‍മുസ് പ്രതിസന്ധി രൂക്ഷമായിരിക്കെ ഉയര്‍ന്ന എണ്ണവില താഴേക്ക്. ബ്രെന്റ് ക്രൂഡ് ബാരലിന് 2.3% താഴ്ന്ന് 111.6 ഡോളറിലെത്തി. അതേസമയം സ്വര്‍ണവില മുകളിലേക്ക് ഉയരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4580 ഡോളറിനരികെയാണ് ട്രേഡ് ചെയ്യുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയിലെത്തി. പവന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയാണ് ചൊവ്വാഴ്ചത്തെ വില.
മഹീന്ദ്രക്ക് മികച്ച ക്യു4
വാഹന വമ്പനായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്ക് നാലാം പാദത്തില്‍ 42% അറ്റ ലാഭ വര്‍ധന. ജനുവരി-മാര്‍ച്ച് പാദത്തില്‍ മഹീന്ദ്രയുടെ ലാഭം 4667 കോടി രൂപയായി ഉയര്‍ന്നു. 54,891 കോടി രൂപയുടെ വരുമാനമാണ് നാലാം പാദത്തില്‍ മഹീന്ദ്ര നേടിയത്. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദവുമായി തട്ടിച്ചു നോക്കുമ്പോള്‍ വരുമാനത്തില്‍ 29% വര്‍ധനവുണ്ടായി. ഓഹരിയൊന്നിന് 33 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.




