വെടിനിര്‍ത്തല്‍ തള്ളി ഇറാന്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ തള്ളി ഇറാന്. ലെബനനന്‍ മുതല്‍ ചെങ്കടല്‍ വരെ വിവിധയിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വിശാലമായ പ്രശ്നപരിഹാരത്തോടു മാത്രമേ യോജിപ്പുള്ളെന്ന് ഇറാന് വിദേശകാര്യ സഹമന്ത്രി സയീദ് ഖതീബ്സാദേ പറഞ്ഞു. ഇസ്രയേലും യുഎസുമാണ് അസ്ഥിരത വര്‍ധിപ്പിക്കുന്നതെന്ന് ഖതീബ്സാദേ കുറ്റപ്പെടുത്തി.
ഹോര്‍മുസ് കടന്ന് ഇറാന് കപ്പലുകള്‍
മൂന്ന് ഇറാന് എണ്ണക്കപ്പലുകള്‍ ഹോര്‍മുസിലെ യുഎസ് ഉപരോധം മറികടന്ന് യാത്ര ആരംഭിച്ചു. ഖരഗ് ദ്വീപില്‍ നിന്ന് എണ്ണ നിറച്ച് ഡീപ് സീ, സോണിയ 1, ഡയോണ എന്നീ എണ്ണക്കപ്പലുകളാണ് ഒരുമിച്ച് യാത്ര ആരംഭിച്ചത്. തിങ്കളാഴ്ച ട്രംപ് ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇറാന് കപ്പലുകള്‍ ഹോര്‍മുസ് മറികടക്കുന്നത്.
വിഴിഞ്ഞത്ത് കുടുങ്ങി 100 കപ്പലുകള്‍
ഹോര്‍മുസിലെ പ്രശ്നങ്ങള്‍ മൂലം വിഴിഞ്ഞം തുറമുഖത്ത് തിരക്കേറുന്നെന്ന് റിപ്പോര്‍ട്ട്. എട്ട് ആഗോള ഷിപ്പിംഗ് കമ്പനികളില്‍ നിന്നുള്ള 100 ല്‍ ഏറെ കപ്പലുകളാണ് വിഴിഞ്ഞത്ത് ബെര്‍ത്തിനായി കാത്തുകിടക്കുന്നത്. യുഎഇയിലേക്ക് പോകേണ്ടിയിരുന്ന കപ്പലുകളാണ് ഇവ. യുഎഇയിലേക്കുള്ള കപ്പല്‍പ്പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം. വലിയതോതില്‍ കപ്പലുകള്‍ എത്തുന്നത് പരിമിതമായ ബെര്‍ത്ത് സൗകര്യമുള്ള വിഴിഞ്ഞത്ത് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്.
വിപണിയില്‍ വെളളിക്കുതിപ്പ്
ഇറാന് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടതോടെ കുതിപ്പ് തുടരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയും മികച്ച മുന്നേറ്റം. സെന്‍സെക്സ് 505 പോയന്റ് കുതിച്ച് 78,493 ല്‍ എത്തി. നിഫ്റ്റി 157 പോയന്റ് മുന്നേറി 24,353 എന്ന നിര്‍ണായക ലെവലിലെത്തി. 24,400 എന്ന കടമ്പയാണ് നിഫ്റ്റിക്ക് മുന്നില്‍ ഇനിയുള്ളത്. മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ 1.5 ശതമാനത്തോളം മുന്നേറി. ഐടി സൂചിക മാത്രമാണ് നഷ്ടത്തിലേക്ക് പോയത്. എഫ്എംസിജി ഓഹരികള്‍ 2.65% കുതിച്ചു.
യുഎസ് വിപണിയിലും ശക്തമായ കുതിപ്പ് തുടരുകയാണ്. എസ് ആന്‍ഡ് പി 500, 7051 എന്ന സര്‍വകാല ഉയരത്തിലെത്തി. നാസ്ഡാക് 100, 24,400 എന്ന റെക്കോഡ് ഉയരവും എത്തിപ്പിടിച്ചു.
രൂപക്ക് കരുത്തേറുന്നു, എണ്ണയും സ്വര്‍ണവും താഴേക്ക്
രൂപയെ രക്ഷിക്കാനുള്ള ആര്‍ബിഐ നടപടികള്‍ ഫലം കണ്ടോ? കണ്ടിരിക്കുന്നെന്ന് പറയാം. 92.5 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം മെച്ചപ്പെട്ടു. ആശ്വാസമേകി ക്രൂഡ് ഓയില്‍ വിലയും താഴേക്കാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 11% ഇടിഞ്ഞ് 88.4 ഡോളറിലെത്തി. സ്വര്‍ണവിലയിലും വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ താഴ്ന്ന്് 14,135 ല്‍ എത്തി. പവന് 1000 രൂപ ഇടിഞ്ഞ് 1,13,080 രൂപയായി.




