ബൈജു രവീന്ദ്രന് തടവ് ശിക്ഷ
എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് കോടതിയലക്ഷ്യ കേസില്‍ 6 മാസത്തെ തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. ജൂണ്‍ 15 ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ബൈജു രവീന്ദ്രനോട് കോടതി നിര്‍ദേശിച്ചു. അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങാനും 70,500 യുഎസ് ഡോളര്‍ നിയമ നിര്‍വഹണ ചെലവിനത്തില്‍ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബൈജൂസില്‍ നിക്ഷേപകരായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നല്കിയ കേസിലാണ് ബൈജു രവീന്ദ്രന് കനത്ത തിരിച്ചടി കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
നിക്ഷേപകരുമായുള്ള പ്രശ്നപരിഹാരം അന്തിമ ഘട്ടത്തിലാണെന്നും അനാവശ്യ തിടുക്കമാണ് കോടതി കാട്ടിയതെന്നും ബൈജു രവീന്ദ്രന് കുറ്റപ്പെടുത്തി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമിക്കുന്നവര്‍ക്ക് ശവക്കുഴി ഒരുക്കുമെന്ന് ഇറാന്; എണ്ണ തിളയ്ക്കുന്നു
ഇറാന് സംഘര്‍ഷ പരിഹാരം ഇപ്പോഴും അകലെയാണ്. അക്രമിക്കുന്നവര്‍ക്ക് ശവക്കുഴി ഒരുക്കുമെന്ന പ്രസ്താവനയുമായി ഇറാന് രംഗത്തെത്തി. സംഘര്‍ഷ സാഹചര്യം ഉടലെടുത്തതോടെ എണ്ണവില വീണ്ടും 100 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില 4.3% കുതിച്ച് 100.3 ഡോളറിലെത്തി. യുഎസ് ഡബ്യുടിഐ ക്രൂഡ് വില 94.34 ആയി ഉയര്‍ന്നു.
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
ക്രൂഡ് വില ഉയരുകയും പണപ്പെരുപ്പത്തിന്റെയും പലിശ നിരക്ക് വര്‍ധനയുടെയും ആശങ്കകള്‍ സജീവമാകുകയും ചെയ്തതോടെ സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. അന്താരാഷ്ട്ര സ്വര്‍ണവില 1.67% ഇടിഞ്ഞ് 4,434 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,510 രൂപയിലെത്തി. പവന് 440 കുറഞ്ഞ് 1,16,080 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണത്തില്‍ ശക്തമായ ഇടിവാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.
സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും
ഉയര്‍ന്ന വ്യോമയാന ഇന്ധന നിരക്ക് രാജ്യത്തെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ 5-7% വെട്ടിക്കുറയ്ക്കാനാണ് ഇന്‍ഡിഗോയുടെ തീരുമാനം. അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ 17% കുറവ് ഇന്‍ഡിഗോ നേരത്തെ വരുത്തിയിരുന്നു. ആഭ്യന്തര സര്‍വീസുകളില്‍ 22% കുറവ് വരുത്താനാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ആലോചിക്കുന്നത്.




