ഇന്ത്യയിലേക്ക് 48 ബില്യണ്‍ ഡോളറുമായി ആമസോണ്‍; എഐ, ക്ലൗഡ് മേഖലയില്‍ വമ്പന്‍ നിക്ഷേപം
ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി ആമസോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സിയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ള നിക്ഷേപ റോഡ്മാപ്പ് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ 48 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതില്‍ 21 ബില്യണ്‍ ഡോളര്‍ എഐ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സെന്റര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ചെലവഴിക്കും. 2030 ഓടെ ഇന്ത്യയില്‍ നേരിട്ടും പരോക്ഷമായും 38 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ എഐ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ 1.5 കോടി ചെറുകിട സംരംഭകര്‍ക്കും 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുമെന്നും ആമസോണ്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ എഐ ഹബ്ബാക്കി മാറ്റാനുള്ള ആഗോള ടെക് കമ്പനികളുടെ മത്സരത്തിന്റെ ഭാഗമാണ് ഈ നിക്ഷേപം. നേരത്തെ മൈക്രോസോഫ്റ്റ് 17.5 ബില്യണ്‍ ഡോളറും ഗൂഗിള്‍ 15 ബില്യണ്‍ ഡോളറും ഇന്ത്യയിലെ എഐ, ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ചിരുന്നു.
എണ്ണവില 70 ഡോളറിന് സമീപം; വിമാന ടിക്കറ്റ് നിരക്ക് കുറയുമോ?
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ശമിച്ചതോടെ ആഗോള എണ്ണവില വീണ്ടും താഴേക്കുള്ള യാത്ര തുടരുകയാണ്. ബ്രോന്റ് ക്രൂഡ് വില ബാരലിന് 72.7 ഡോളറിലേക്കും യുഎസ് ഡബ്യുടിഐ വില 69.5 ഡോളറിലേക്കും താഴ്ന്നു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവില്‍ വലിയ പങ്ക് വഹിക്കുന്ന എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) വിലയും ഇതോടെ കുറയാനുള്ള സാധ്യതയുണ്ട്. വിമാന ഇന്ധന നിരക്കിലെ ഇടിവ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും, വിലക്കുറവ് ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ അതിന്റെ നേട്ടം യാത്രക്കാര്‍ക്ക് ലഭ്യമാക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു വ്യക്തമാക്കി. എണ്ണവിലയിലെ തുടര്‍ച്ചയായ ഇടിവ് ഇന്ത്യയുടെ ഇറക്കുമതി ചെലവും പണപ്പെരുപ്പ സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലുമുണ്ട്.
കുതിപ്പിന് പിന്നാലെ വിപണിയില്‍ ലാഭമെടുപ്പ്; നിഫ്റ്റി 24,000ന് മുകളില്‍
ഓഹരി വിപണിയില്‍ ഇന്ന് വമ്പന്‍ മുന്നേറ്റവും പിന്നാലെ കനത്ത ലാഭമെടുപ്പും ദൃശ്യമായി. രാവിലെ വ്യാപാരത്തില്‍ നിഫ്റ്റി 24,261 വരെയും സെന്‍സെക്സ് 77,803 വരെയും ഉയര്‍ന്നെങ്കിലും ഉച്ചയ്ക്കുശേഷം വില്‍പ്പന സമ്മര്‍ദം ശക്തമായി. ഒടുവില്‍ നിഫ്റ്റി 205 പോയന്റ് നഷ്ടത്തോടെ 24,056 ലും സെന്‍സെക്സ് ഏകദേശം 700 പോയന്റ് താഴ്ന്ന് 77,100 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ ശക്തമായ റാലിക്ക് ശേഷമാണ് നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞത്. പ്രധാന റെസിസ്റ്റന്‍സ് ലെവലുകള്‍ മറികടക്കുന്നതില്‍ സൂചികകള്‍ പരാജയപ്പെട്ടതും വില്‍പ്പനയ്ക്ക് കാരണമായി. അതേസമയം മെറ്റല്‍ ഓഹരികളിലെ കനത്ത ഇടിവ് വിപണിയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചു. ആഗോള ലോഹവിലകള്‍ ഇടിയുന്നത് ഇന്ത്യന്‍ മെറ്റല്‍ കമ്പനികളുടെയും ഓഹരികളില്‍ പ്രതിഫലിച്ചു. നിഫ്റ്റി മെറ്റല്‍ സൂചിക ഈയാഴ്ച മാത്രം ഏകദേശം 5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇനി യുഎസ് പലിശനിരക്ക് നയം, വിദേശ നിക്ഷേപ പ്രവാഹം, കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ എന്നിവയാകും വിപണിയുടെ അടുത്ത ദിശ നിശ്ചയിക്കുക.
സ്വര്‍ണത്തിനും വെള്ളിക്കും കനത്ത തിരിച്ചടി; പവന് വില വീണ്ടും താഴേക്ക്
സ്വര്‍ണത്തിന്റെ കനത്ത വിലയിടിവ് തുടരുകയാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 0.6 ശതമാനം വിലയിടിഞ്ഞ് 3,978 ഡോളറിലെത്തി. യുഎസ് ഡോളറിന്റെ ശക്തിയും പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷയും സ്വര്‍ണത്തെ സമ്മര്‍ദത്തിലാക്കുകയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയായി. പവന് 2,040 രൂപ ഇടിഞ്ഞ് 1,02,760 രൂപയാണ് ഇന്നത്തെ വില. അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ എന്ന ചര്‍ച്ചകളും വിപണിയില്‍ ശക്തമാണ്. സ്വര്‍ണത്തോടൊപ്പം വെള്ളിയിലും വന്‍ വിലയിടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വെള്ളിവില ഏകദേശം 14 ശതമാനം ഇടിഞ്ഞുി. നിലവില്‍ കിലോയ്ക്ക് 2.30 ലക്ഷം രൂപയാണ് എംസിഎക്സില്‍ വെള്ളിയുടെ വില. വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകളും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ അനിശ്ചിതത്വവുമാണ് വെള്ളിവിലയെ ബാധിക്കുന്നത്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നിലവിലെ തിരുത്തല്‍ ഒരു വാങ്ങല്‍ അവസരമായി മാറാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.




