വമ്പന്‍ എഐ ഐപിഒകള്‍ വരുന്നു, ഐടിയില്‍ സമ്മര്‍ദ്ദം
ഐടി, ടെക് ഓഹരികളില്‍ ആഗോള തലത്തില്‍ ശക്തമായ ഇടിവ്. യുഎസ് ടെക് സൂചികയായ നാസ്ഡാക് 4 സെഷനുകള്‍ക്കിടെ 6 ശതമാനത്തിലേറെ വീണു. മധ്യേഷ്യന്‍ സംഘര്‍ഷം വീണ്ടും ശക്തമായതും ഒപ്പം ഐടി ഓഹരികളില്‍ നിന്ന് മറ്റ് ഓഹരികളിലേക്ക് നിക്ഷേപകര്‍ മാറുന്നതുമാണ് വമ്പന്‍ ഇടിവിന് കാരണം. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ വമ്പന്മാരുടെ ഐപിഒകള്‍ വരുന്നതും ഐടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്പേസ് എക്സ് ഐപിഒയിലും നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാട്ടുന്നുണ്ട്. ഈ ഓഹരികളിലേക്കാണ് ഐടി മേഖലയില്‍ നിന്ന് നിക്ഷേപകര്‍ മാറുന്നത്.
ഇന്ത്യന്‍ ഐടി ഓഹരികളിലും സമ്മര്‍ദ്ദം പ്രകടമാണ്. ഐടി സൂചിക 1.62% വീണു. ഇന്‍ഫോസിസ് ഇന്ന് 2.25 ശതമാനവും എച്ച്സിഎല്‍ ടെക് 1.93 ശതമാനവും ഇടിഞ്ഞു. ടെക് മഹീന്ദ്രയും വിപ്രോയും 1 ശതമാനത്തോളം വീണു. ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍സെക്സ് 150 പോയന്റ് ഇടിഞ്ഞ് 73,832 ല്‍ എത്തി. നിഫ്റ്റി 53 പോയന്റ് ഇടിഞ്ഞ് 23,161 ല്‍ എത്തി.
ഇറാന് സംഘര്‍ഷം വ്യാപിക്കുന്നു
ഇറാന് യുദ്ധം ഒരിടവേളക്ക് ശേഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കുകയാണ്. ജോര്‍ദാനും കുവൈറ്റിനും ബഹ്റൈനും നേരെ ഇറാന് ആക്രമണം നടത്തി. സിറിയയിലും ലെബനനിനും ഇസ്രയേലും ആക്രമണം നടത്തി. യുഎസ് വ്യോമാക്രമണങ്ങളോടെ വെടിനിര്‍ത്തലിന് പ്രാധാന്യം നഷ്ടപ്പെട്ടെന്ന് ഇറാന് പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടഞ്ഞു കിടക്കുമെന്ന് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാന് സ്ഥാപിച്ച സ്ട്രെയ്റ്റ് അതോറിറ്റി പ്രഖ്യാപിച്ചു. ഒമാന്‍ തീരത്ത് പലാവു ടാങ്കറിനു നേരെ യുഎസ് നടത്തിയ ആക്രമണത്തിനിടെ കാണാതായ 3 ഇന്ത്യക്കാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു.
സ്വര്‍ണവിലയില്‍ ഇടിവ്
സ്വര്‍ണവിലയിലും കനത്ത ഇടിവ് തുടരുകയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 195 രൂപ കുറഞ്ഞ് 13,350 രൂപയിലെത്തി. പവന് 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയാണ് ഇന്നത്തെ വില. അതേ സമയം അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4,073 ഡോളര്‍ എന്ന നിലയിലാണ്.
ക്രൂഡ് കരുതല്‍ ശേഖരം ഉയര്‍ത്താന്‍ ഇന്ത്യ
എണ്ണ പ്രതിസന്ധി രൂക്ഷമായിരിക്കെ ക്രൂഡ് ഓയിലിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. നിലവില്‍ 60 ദിവസത്തെ കരുതല്‍ ശേഖരമാണ് ഇന്ത്യ, സ്ട്രാറ്റജിക് റിസര്‍വുകളില്‍ ശേഖരിക്കുന്നത്. മൂന്നു മാസത്തേക്കുള്ള ക്രൂഡ് ശേഖരിക്കും വിധം റിസര്‍വുകളുടെ വലിപ്പം കൂട്ടാനാണ് പദ്ധതി. പൊതുമേഖലാ എണ്ണക്കമ്പനികള്ക്കാവും ഇവ നിര്‍മിക്കാനുള്ള ചുമതല. ആറ് മാസത്തെ കരുതല്‍ ശേഖരമാണ് ചൈന സൂക്ഷിക്കുന്നത്.




