നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റി. കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ ആസ്റ്റർ മെഡ്സിറ്റി വിജയകരമായി പൂർത്തിയാക്കി. പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സ നൽകുന്നതിനായി അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയായ റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി (ആർഎആർപി)യാണ് രോഗിയിൽ വിജയകരമായി നടത്തിയത്.
കൊല്ലം സ്വദേശിയായ 70 വയസ്സുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. കിഷോർ ടിഎ, ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നാണ് രണ്ട് മണിക്കൂർ നീണ്ട ഈ പ്രക്രിയ പൂർണ്ണമായും നിയന്ത്രിച്ചത്. ദീർഘദൂര ടെലിസർജറി രംഗത്തെ ഒരു നിർണ്ണായക ചുവടുവെപ്പാണ് ഈ നേട്ടം. സ്ഥലപരിമിതികൾ ഒട്ടും ബാധിക്കാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും അത്യാധുനിക ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുമെന്ന വലിയൊരു സാധ്യതയ്ക്കാണ് ഇതിലൂടെ വഴിതുറന്നത്.
“സർജൻ ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികൾക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയ തെളിയിക്കുന്നു. ഭാവിയിൽ ഇതിന്റെ സാധ്യതകൾ വളരെ വലുതാണ്,” ഡോ. കിഷോർ ടി.എ. പറഞ്ഞു.
ഇതിലൂടെ വിദഗ്ധ സർജന്മാർക്ക് തത്സമയ സഹായവും മെന്ററിംഗും അടിയന്തിര ഇടപെടലുകളും ആഗോളതലത്തിൽ എവിടെയും നൽകാൻ സാധിക്കും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത ഉൾനാടൻ പ്രദേശങ്ങൾ, ദ്വീപുകൾ, സൈനിക മേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവടങ്ങളിലേക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം തടസ്സമില്ലാതെ എത്തിക്കാൻ ഈ സാങ്കേതിക മുന്നേറ്റത്തിന് സാധിക്കും.
‘മെറിൽ മിസ്സോ റോബോട്ട്’ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകിക്കൊണ്ട് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മുഴുവൻ നടപടിക്രമവും. കൊച്ചിയിൽ യോഗ്യതയും പരിചയസമ്പന്നതയുമുള്ള റോബോട്ടിക് സർജറിയും അനസ്തേഷ്യയും കൈകാര്യം ചെയ്യുന്ന മെഡിക്കൽ സംഘം രോഗിയുടെ സമീപത്ത് മുഴുവൻ സമയവും സജ്ജമായിരുന്നു. രോഗിയുടെ പൊസിഷനിംഗ്, പോർട്ട് പ്ലേസ്മെന്റ്, റോബോട്ടിക് സിസ്റ്റത്തിന്റെ ഡോക്കിംഗ്, ശസ്ത്രക്രിയാ ഉപകരണങ്ങൾ മാറ്റി ഘടിപ്പിക്കൽ, രോഗിയുടെ നില നിരന്തരം നിരീക്ഷിക്കൽ തുടങ്ങിയ നിർണായക ചുമതലകൾ ഈ ബെഡ്സൈഡ് സംഘമാണ് നിർവഹിച്ചത്.
നെറ്റ്വർക്ക് തകരാർ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യം ഉണ്ടായാലും രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശസ്ത്രക്രിയ ഉടൻ നേരിട്ട് ഏറ്റെടുക്കാൻ ഈ മെഡിക്കൽ സംഘത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് രോഗി വേഗത്തിൽ സുഖം പ്രാപിച്ചു. ആരോഗ്യനില തൃപ്തികരമായതിനാൽ ശസ്ത്രക്രിയയ്ക്ക് മൂന്ന് ദിവസങ്ങൾക്കകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.




