കൊച്ചി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) അറ്റനഷ്ടം ഏകദേശം 18 ശതമാനം കുറഞ്ഞ് 352.49 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 430.57 കോടി രൂപയായിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ടിക്കറ്റ് വരുമാനം ഉയര്‍ന്നതും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം വര്‍ധിച്ചതുമാണ് നഷ്ടം കുറയാന്‍ സഹായിച്ചത്. എന്നിരുന്നാലും, ഉയര്‍ന്ന വായ്പാ ബാധ്യതയും പലിശച്ചെലവും കമ്പനിയുടെ ലാഭക്ഷമതയെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ലഭ്യമായ വിവരങ്ങള്‍ പ്രകാരം പ്രവര്‍ത്തനക്ഷമതയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എബിറ്റ്ഡ 103 കോടി രൂപയില്‍ നിന്ന് 172.77 കോടി രൂപയായി ഉയര്‍ന്നു. ടിക്കറ്റ് വരുമാനം 7.12 ശതമാനം വര്‍ധിച്ച് 119.84 കോടി രൂപയിലെത്തി. 2025-26 ല്‍ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. മുന്‍ വര്‍ഷത്തെ 3.56 കോടിയില്‍ നിന്ന് 3.70 കോടിയായാണ് യാത്രക്കാര്‍ വര്‍ധിച്ചത്.
കടബാധ്യതയുടെ തോത് കുറയുന്നുണ്ട്. അറ്റ നഷ്ട-എബിറ്റ്ഡ അനുപാതം 42.93% ല്‍ നിന്ന് 24.57% ആയി കുറഞ്ഞു. എന്നിരുന്നാലും പൊതുഗതാഗത മേഖലയിലെ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് ഉയര്‍ന്ന അനുപാതമാണ്.
സര്‍ക്കാര്‍ സഹായം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ കൊച്ചി മെട്രോയ്ക്ക് 1,153.56 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. മുന്‍വര്‍ഷം ഇത് 320.22 കോടി രൂപ മാത്രമായിരുന്നു. ഇതില്‍ 702 കോടി രൂപ ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനാണ് സിഎംആര്‍എല്‍ ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാരും 55.2 കോടി രൂപയുടെ ധനസഹായം നല്കി.
ആശങ്കയായി പലിശ
അതേസമയം, 334.57 കോടി രൂപയുടെ പലിശച്ചെലവ് ഇപ്പോഴും കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയായി തുടരുകയാണ്. ഈ പലിശച്ചെലവ് കമ്പനിയുടെ എബിറ്റ്ഡയുടെ ഏകദേശം ഇരട്ടിയോളമാണ്. മെട്രോ വികസനത്തിനായി മുന്‍കാലങ്ങളില്‍ എടുത്ത വായ്പകളുടെ തിരിച്ചടവാണ് ഈ സമ്മര്‍ദത്തിന് പ്രധാന കാരണം.
രണ്ടാം ഘട്ടം പുരോഗമിക്കുന്നു
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ട മെട്രോ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 1,957 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഭൂമിയേറ്റെടുക്കലിലെയും സാങ്കേതിക വിഷയങ്ങളിലെയും കാലതാമസം തിരിച്ചടിയാവുന്നുണ്ട്. 2026 മാര്‍ച്ച് അവസാനത്തോടെ പദ്ധതിയുടെ ഭൗതിക പുരോഗതി 30.85 ശതമാനവും സാമ്പത്തിക പുരോഗതി 32.80 ശതമാനവും കൈവരിച്ചിട്ടുണ്ട്. 2028 സാമ്പത്തിക വര്‍ഷത്തില്‍ ഈ ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.




