‘ഇനിയങ്ങോട്ട് ഞാന്‍ നിശബ്ദനായിരിക്കും’, ഈ വര്‍ഷത്തെ തന്റെ അവസാന സന്ദേശത്തില്‍ വാറന്‍ ബഫറ്റ് അങ്ങനെ പറഞ്ഞപ്പോള്‍, ആറു ദശാബ്ദത്തോളം നിക്ഷേപകര്‍ക്ക് വഴികാട്ടിയായിരുന്ന ഒരു മഹത് വ്യക്തിയുടെ യാത്രപറച്ചിലായിരുന്നു അത്. ബെര്‍ക്ക്ഷെയര്‍ ഹാത്തവേ നിക്ഷേപകര്‍ക്കായി താന്‍ വര്‍ഷം തോറും എഴുതിയിരുന്ന എഴുത്തുകള്‍ ഇനിമുതല്‍ എഴുതില്ലെന്ന് ലോകം ആരാധിച്ച നിക്ഷേപകനും വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ് പറയുമ്പോള്‍ അതിന്റെ നഷ്ടം കേവലം ബെര്‍ക്ക്ഷെയര്‍ ഹാത്തവേ നിക്ഷേപകര്‍ക്ക് മാത്രമല്ല. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കാണ്. ഒരു നിക്ഷേപക പ്രമുഖന് നടത്തിവന്നിരുന്ന പതിവ് എഴുത്ത് നിലയ്ക്കുന്നു എന്നതിലുപരിയായി, കോടിക്കണക്കിന് നിക്ഷേപകര്‍ക്ക് വഴികാട്ടിയായിരുന്ന, അനുഭവത്തില്‍ നിന്നും ആറ്റിക്കുറുക്കിയ ഗുണപാഠ പുസ്തകം അവസാനതാളില്‍ എത്തിയിരിക്കുന്നു എന്നാണ് ബഫറ്റിന്റെ പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത്.
ബഫറ്റിന്റെ വാര്‍ഷിക ലേഖനങ്ങള്‍ സാമ്പത്തിക വിശകലനം മാത്രമായിരുന്നില്ല, ശരിയായ വഴിയിലൂടെ സമ്പത്ത് ആര്‍ജ്ജിക്കുന്നതിനുള്ള മാര്‍ഗ്ഗദര്‍ശ്ശനമായിരുന്നു, വിപണികള്‍ അനിശ്ചിതത്വങ്ങളില്‍ ആടിയുലയുമ്പോള്‍ ക്ഷമ കൈവിടാതെ പിടിച്ചുനില്‍ക്കാനും നിക്ഷേപങ്ങളുടെ മൂല്യത്തെ കുറിച്ചും വിശ്വസ്തതയെ കുറിച്ചും ദീര്‍ഘകാല വിജയത്തെ കുറിച്ചും ശരിയായ കാഴ്ചപ്പാട് രൂപീകരിക്കാനും നിക്ഷേപകരുടെ അത്താണിയായിരുന്നു.
വ്യക്തതയുള്ള, ഉറച്ച ശബ്ദം
1960കളുടെ അവസാനങ്ങളിലാണ് ബഫറ്റിന്റെ ആദ്യ എഴുത്ത് പുറത്തുവരുന്നത്. പിന്നീടങ്ങോട്ട് അതൊരു ആഗോള പ്രതിഭാസമായി മാറി. ഒമാഹയിലും ഒസാകയിലുമുള്ള നിക്ഷേപകര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ബഫറ്റിന്റെ വാര്‍ഷിക ലേഖനത്തിനായി കാത്തിരിക്കാന്‍ തുടങ്ങി. കണക്കുകള്‍ നിരത്തിവെച്ചുള്ള, ആശയക്കുഴപ്പം നല്കുന്ന സാധാരണ റിപ്പോര്‍ട്ടുകളില്‍ നിന്നും വിഭിന്നമായി, ബഫറ്റിന്റെ എഴുത്തുകള്‍ നിക്ഷേപകരുമായി സംവദിക്കുന്നവയായിരുന്നു. നര്‍മ്മവും അവിശ്വസിനീയമാംവിധം സത്യവും നിറഞ്ഞതായിരുന്നു ആ എഴുത്തുകള്‍.
സങ്കീര്‍ണ്ണമായ സാമ്പത്തിക ദര്‍ശനങ്ങള്‍ പോലും വളരെ ലളിതമായ ഉപമകളിലൂടെയാണ് ബഫറ്റ് അവതരിപ്പിച്ചത്. വിപണിയുടെ സ്വഭാവത്തെ കുന്നിന്മുകളിലേക്ക് വേച്ചുവേച്ചുപോകുന്ന ഒരു മദ്യപനോടാണ് ബഫറ്റ് ഒരിക്കല്‍ ഉപമിച്ചത്. ചില ദിവസങ്ങളില്‍ അയാള്‍ വളരെ ആവേശഭരിതനായിരിക്കും, ചിലപ്പോള്‍ അയാള്‍ നിരാശനായിരിക്കും. ഭേദപ്പെട്ട വിലയില്‍ മോശമല്ലാത്ത ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതിനേക്കാള്‍ നല്ലത് മികച്ചൊരു കമ്പനിയുടെ ഓഹരി മെച്ചപ്പെട്ട വിലയില്‍ വാങ്ങുന്നതാണെന്ന് ബഫറ്റ് എപ്പോഴും പറയുന്ന കാര്യമാണ്. ഒരിക്കലും ഒരു ശതകോടീശ്വരന്റെ ഭാഷയില്‍ ബഫറ്റ് ആളുകളുമായി സംവദിച്ചിട്ടില്ല. ഒരു അധ്യാപകന്റെ പാടവത്തോടെയാണ് ബഫറ്റ് മൂലധനത്തെ കുറിച്ചും നിക്ഷേപത്തെ കുറിച്ചുമുള്ള തന്റെ അനുഭവ പാഠങ്ങള്‍ നിക്ഷേപകര്‍ക്ക് പറഞ്ഞുകൊടുത്തത്.
നിക്ഷേപകരുടെ ബൈബിള്‍
വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ബഫറ്റിന്റെ എഴുത്തുകള്‍, നിക്ഷേപകരുടെ ബൈബിള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. സര്‍വ്വകലാശാലകള്‍ അവയെ കേസ് സ്റ്റഡികള്ക്ക് ഉപയോഗിച്ചുതുടങ്ങി. സാമ്പത്തിക വിദഗ്ധര്‍ അവരുടെ വിശകലനങ്ങളില്‍ ബഫറ്റിന്റെ വാചകങ്ങള്‍ ഉദ്ധരിച്ചുതുടങ്ങി. ജെഫ് ബെസോസും ജെയ്മീ ഡൈമണ് എന്നിവരെ പോലുള്ള എതിരാളികള്‍ പോലും ബഫറ്റിന്റെ ദര്‍ശനങ്ങളെ അടിസ്ഥാന തത്വങ്ങളായി അംഗീകരിച്ചു.
2008-ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ക്ക് ശേഷം നിക്ഷേപകര്‍ക്കായി എഴുതിയ ലേഖനത്തില്‍ ബഫറ്റ് സങ്കീര്‍ണ്ണതകളില്‍ ശാന്തരായി ഇരിക്കേണ്ടതിനെ കുറിച്ചാണ് എഴുതിയത്. സംസാരിക്കുന്നത് സോക്സിനെ കുറിച്ചാണെങ്കിലും സ്റ്റോക്കിനെ (ഓഹരി) കുറിച്ചാണെങ്കിലും നിലവാരമുള്ള ഉല്‍പ്പന്നം വാങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അത് മോശം പ്രകടനം കാഴ്ച വെക്കുന്ന സമയമാണെങ്കില്‍ കൂടിയും, എന്നാണ് അദ്ദേഹം അന്നെഴുതിയത്.
അത്തരത്തില്‍, ഒരിക്കലും മറന്നുപോകാത്ത തരത്തില്‍ വളരെ ലളിതമായി വിവേകപൂര്‍ണ്ണമായ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതാണ് ബഫറ്റിന്റെ വാക്കുകളെ കാലാതീതമാക്കുന്നത്. വിജയങ്ങള്‍ മാത്രമല്ല, അബദ്ധങ്ങളെ അദ്ദേഹം അവതരിപ്പിച്ചിരുന്ന രീതിയും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഈ വര്‍ഷം നമ്മള് കുറച്ച് അബദ്ധം തീരുമാനങ്ങളും എടുത്തു, എന്ന് തുറന്നെഴുതാന്‍ അദ്ദേഹം മടി കാണിച്ചില്ല. ധനകാര്യ ലോകത്ത് ബുദ്ധിസാമര്‍ത്ഥ്യം പോലെ തന്നെ എളിമയും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ തുറന്നുപറച്ചിലിലൂടെ അദ്ദേഹം കാണിച്ചുതരുന്നു.
വിപണികള്ക്കതീതമായ മാതൃകാജീവിതം
ചിലപ്പോഴെല്ലാം ബിസിനസ്സിന് പുറത്തുള്ള കാര്യങ്ങളും ബഫറ്റിന്റെ എഴുത്തുകളില്‍ വിഷയമായി. മനുഷ്യ സ്വഭാവത്തെ കുറിച്ചും പണത്തിന്റെ സൈക്കോളജിയെ കുറിച്ചും അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രധാന്യത്തെ കുറിച്ചും അവ സംസാരിച്ചു. ഒരിക്കല്‍ അദ്ദേഹം എഴുതി, അന്തസ്സും പേരും ഉണ്ടാക്കിയെടുക്കാന്‍ ഇരുപത് വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം, പക്ഷേ അത് നശിപ്പിക്കാന്‍ അഞ്ച് മിനിട്ട് മതി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ വാചകം ബിസിനസ് ധാര്‍മ്മികത സംബന്ധിച്ചുള്ള ക്ലാസുകളിലും ചര്‍ച്ചകളിലും പലപ്പോഴും മുഴങ്ങിക്കേള്‍ക്കാം.
വ്യക്തിപരമായി ജീവിതത്തിലൂടെ തനിക്ക് ലഭിച്ച ചില പാഠങ്ങളും എഴുത്തുകളിലൂടെ അദ്ദേഹം നിക്ഷേപകരുമായി പങ്കുവെക്കാറുണ്ട്. കടവും വായ്പകളും അപകടകാരികളാകുന്നത് എന്തുകൊണ്ട്, അത്യാഗ്രഹം നാശത്തിന് കാരണമാകുന്നത് എന്തുകൊണ്ട്, വിശ്വസ്തത, ബുദ്ധിസാമര്‍ത്ഥ്യം, ഊര്‍ജ്ജം എന്നിവ ശരിയായ നേതൃത്വത്തെ നിര്‍വ്വചിക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും പല അവസരങ്ങളിലും ബഫറ്റ് എഴുതിയിട്ടുണ്ട്.
ഏതൊന്നിന്റെയും ദീര്ഘകാലമൂല്യത്തിലാണ് ബഫറ്റ് വിശ്വസിച്ചിരുന്നത്, പ്രത്യേകിച്ച് ഓഹരികളുടെ. സംശയം ക്ഷണികമാണ്, അടിസ്ഥാനതത്വങ്ങള്‍ എപ്പോഴും നിലനില്ക്കും എന്ന ബഫറ്റിന്റെ സന്ദേശം വളരെ വ്യക്തതയുള്ളതാണ്.
ബഫറ്റിന്റെ മൗനം നികത്താനാകാത്ത നഷ്ടം
പലയാളുകള്‍ക്കും ബഫറ്റിന്റെ മൗനം ഓഹരിവിപണി ലോകത്ത് വലിയൊരു വിടവായി അവശേഷിക്കും. ആ എഴുത്തുകള്‍ ബെര്‍ക്ക്ഷെയര്‍ ഹാത്തവേ എന്ന കമ്പനിയുടെ ഒരു വര്‍ഷത്തെ പ്രകടനത്തെ കുറിച്ച് മാത്രമായിരുന്നില്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ, മുതലാളിത്തം, മനസാക്ഷിയോടെയുള്ള നിക്ഷേപം നടത്തുന്ന കല അങ്ങനെ പലതും ആ എഴുത്തിലുണ്ടായിരുന്നു.
ബഫറ്റിന് ശേഷം വൈസ് ചെയര്‍മാനായ ഗ്രെഗ് ആബേല്‍ ബെര്ക്ക്ഷെയരിന്റെ നേതൃസ്ഥാനത്തെത്തും. കമ്പനി പുതിയ ഉയരങ്ങളിലേക്ക് എത്തിയേക്കും. ആബേല്‍ മികച്ച നേതാവാണ്, പക്ഷേ നല്ലൊരു കഥാകാരന് ആയിരിക്കണമെന്നില്ല. ബഫറ്റിനെ പോലെ നര്‍മ്മവും വിവേകവും കൂട്ടിയിണക്കി എഴുതാന്‍ അദ്ദേഹത്തിന് അറിയണമെന്നില്ല. എങ്കിലും ബഫറ്റ് ഇതുവരെ എഴുതിയ ലേഖനങ്ങളെല്ലാം ബെര്‍ക്ക്ഷെയറിന്റെ വെബ്സൈറ്റില്‍ ലഭിക്കും. അത് ജീവനുള്ള വേദപുസ്തകമാണ്. ആധുനിക നിക്ഷേപകര്‍ക്ക് പോലും അത് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. സ്വതന്ത്ര്യമായി ചിന്തിക്കാനും, ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കാനും പെട്ടെന്നുള്ള നേട്ടങ്ങളില്‍ മയങ്ങാതിരിക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് വാറന്‍ ബഫറ്റിന്റെ എഴുത്തുകള്‍.
94ാം വയസ്സില്‍ ബഫറ്റിന് തന്റെ ദീര്‍ഘദര്‍ശനം തെളിയിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ സമ്പത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തത്വചിന്തയും ഇതിനകം തന്നെ ആഗോള സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തിയവയാണ്. ഇത്രയും കാലം എഴുത്തുകളിലൂടെ അദ്ദേഹം ഉയര്‍ത്തിയ ശബ്ദം തുടര്‍ന്നും തലകള്‍ക്ക് പ്രചോദനമേകും. അല്‍ഗോരിതങ്ങളും സോഷ്യല്‍മീഡിയയിലെ അഭ്യൂഹങ്ങളും വിപണിയെ വഴിതിരിച്ചുവിടുന്ന കാലത്ത് വാറന്‍ ബഫറ്റിന്റെ ശബ്ദം വേറിട്ടതും വസ്തുനിഷ്ഠവുമാണ്. അദ്ദേഹത്തിന്റെ നിശബ്ദത വലിയൊരു നഷ്ടം തന്നെയാണ്. പക്ഷേ ചിലപ്പോള്‍ അതുമൊരു പാഠമായി മാറാം, ഏപ്പോഴാണ് നിശബ്ദനാകേണ്ടത് എന്നറിയുന്നത് കൂടിയാണ് ഏറ്റവും വലിയ ബുദ്ധി എന്ന പാഠം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


