…………………………..
പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണവിലക്കയറ്റവും വീണ്ടും ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചു. വെള്ളിയാഴ്ച നേട്ടത്തില്‍ വ്യപാരം അവസാനിപ്പിച്ച വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 2 ശതമാനത്തിലധികം തകര്‍ച്ച നേരിട്ടെങ്കിലും പിന്നീട് നഷ്ടം കുറച്ച് നില മെച്ചപ്പെടുത്തി. നിഫ്റ്റി 0.64 ശതമാനം ഇടിഞ്ഞ് 23,895-ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞ് 77,000-ത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
………………..
നിഫ്റ്റി ഓട്ടോസൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞ് തകര്‍ച്ചയുടെ ആഴം കൂട്ടി. ഐടി, ഓയില്‍, ഗ്യാസ്, FMCG സൂചികകളും 1 ശതമാനത്തിലധികം ഇടിഞ്ഞു.
……………………..
യുഎസ്-ഇറാന് സമാധാനചര്‍ച്ച ഉടമ്പടിയാകാതെ അലസിപ്പിരിഞ്ഞതോടെ ഇറാനിയന്‍ തുറമുഖങ്ങളും ഹോര്‍മുസ് കടലിടുക്കും ഉപരോധിക്കാന്‍ അമേരിക്ക. ഇറാന് തുറമുഖങ്ങളില്‍ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകള്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് തടയാന്‍ യുഎസ് നേവി ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
………
അതേസമയം അന്താരാഷ്ട്ര ജലപാതയില്‍ കപ്പല്‍ ഗതാഗതത്തിന് യുഎസ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും ഇത് കടല്‍ക്കൊള്ളയുടെ പരിധിയില്‍ വരുമെന്നും ഇറാന് ആരോപിച്ചു.
………………
ട്രംപിന്റെ ഉപരോധ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്ക് വില കുത്തനെ ഉയര്‍ന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റിന് വില 7 ശതമാനം വര്‍ധിച്ച് ബാരലിന് 103.66 ഡോളറായി. അതേസമയം ബ്രെന്റ് ക്രൂഡിന് 7.2 ശതമാനം വര്‍ധിച്ച് വില ബാരലിന് 102.05 ഡോളറായി.
……………
ഇറാന്-യുഎസ് സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,975 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 1,11,800 രൂപയാണ് വില.




