പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യക്കാരുടെ സാമ്പത്തികസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 25 ലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കപ്പെടാം. മനുഷ്യവികാസ പുരോഗതിയിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ സംഘര്‍ഷം 88 ലക്ഷം ആളുകളെയാണ് പട്ടികയിലേക്ക് തള്ളിവിടുക. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളുടെ വരുമാനം കുറയുന്നത് മൂലം രാജ്യത്തേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്കും കുറയും. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും.
പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷം ഏഷ്യ, പസഫിക് മേഖലകളിലുണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ഏഷ്യയിലും പസഫിക് മേഖലയിലും സംഘര്‍ഷം മനുഷ്യ വികാസ പുരോഗതിക്കുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. എണ്ണ, വിമാനക്കൂലി, ഉല്‍പ്പാദനച്ചെലവ് എന്നിവയെല്ലാം വര്‍ധിച്ചത് കുടുംബങ്ങളുടെ സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയ്ക്കുകയാണ്. കൂടാതെ, ഭക്ഷ്യ സുരക്ഷാ് ഭീഷണിയും പൊതുചിലവിടല്‍ കുറയലും ജീവിതനിലവാരം ദുര്‍ബലമാകുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഘം ഉയര്‍ത്തുന്ന ഭീഷണികളാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
ചൊവ്വാഴ്ച പുറത്തുവിട്ട പ്രാഥമിക വിശകലനത്തില്‍ ആഗോളതലത്തില്‍ ഏതാണ്ട് 88 ദശലക്ഷം ആളുകള്‍ യുദ്ധം കാരണം പട്ടിണിയുടെ വക്കത്തെത്തുമെന്ന് പറയുന്നു. മാത്രമല്ല ഏഷ്യ, പസഫിക് മേഖലയ്ക്ക് ഏതാണ്ട് 299 ദശലക്ഷം ഡോളറിന്റെ നഷ്ടം യുദ്ധം മൂലമുണ്ടാകും. ഇന്ത്യയില്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്ന ആളുകളുടെ എണ്ണം 400,000-ല്‍ നിന്ന് 2.5 ദശലക്ഷം ആയേക്കും. ദക്ഷിണേഷ്യയിലാണ് ഏറ്റവുമധികം ആളുകള്‍ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുക. മേഖലയില്‍ 1.7 ലക്ഷം മുതല്‍ 8 ലക്ഷം വരെ ആളുകളാണ് ദാരിദ്ര്യഭീഷണി നേരിടുന്നത്. മേഖലയിലെ ജനസംഖ്യ, വരുമാനം, വിലക്കയറ്റ ഭീഷണി എന്നിവ അതിന് കാരണങ്ങളാണ്. ചൈനയിലും യുദ്ധം കാരണം ദാരിദ്ര്യത്തിലേക്ക് വീഴുന്ന ആളുകളുടെ എണ്ണം കൂടിയേക്കും.
ഇന്ത്യയുടെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തില്‍ നിന്ന് 24.2 ശതമാനമായി വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 351,569,000 ആളുകള്‍ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ യുദ്ധത്തിന് ശേഷമത് 354,033,698 ആയേക്കും.
എല്ലാ മേഖലകളിലെയും രാജ്യങ്ങളിലെ മനുഷ്യ വികാസ സൂചികയെ (HDI) സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇറാനില്‍ സംഘര്‍ഷം ഒന്നര വര്‍ഷത്തെ മനുഷ്യ വികാസ പുരോഗതിയെ ഇല്ലാതാക്കിയേക്കും. ഇന്ത്യയില്‍ 0.03-0.12 വര്‍ഷത്തെയും നേപ്പാളില്‍ 0.02-0.09 വര്‍ഷത്തെയും വിയറ്റ്നാമില്‍ 0.02 – 0.07 വര്‍ഷത്തെയും മനുഷ്യ വികാസ പുരോഗതി ഇല്ലാതാകും.
മേഖലയിലെ വന്‍കിട ഇറക്കുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ അവരുടെ എണ്ണ ആവശ്യങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 40 ശതമാനത്തോളം ക്രൂഡും 90 ശതമാനം എല്‍പിജിയും പശ്ചിമേഷ്യയില്‍ നിന്നാണ്. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് 45 ശതമാനം വളം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയില്‍ നടക്കുന്ന 85 ശതമാനം യൂറിയ ഉല്‍പ്പാദനത്തിന് ആവശ്യമായ എല്‍എന്‍ജിയും പശ്ചിമേഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
സംഘര്‍ഷം ഇന്ത്യയടക്കം ചില രാജ്യങ്ങളുടെ ഊര്‍ജ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും. ഇന്ത്യ, തായ്ലന്ഡ്, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ കല്‍ക്കരി അധിഷ്ഠിത ഊര്ജേ്രസ്രാതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിച്ചു. വ്യാപാര, ചരക്കുനീക്ക മേഖലയിലെ 36-ല്‍ 25 രാജ്യങ്ങളും തടസ്സങ്ങള്‍ നേരിടുന്നു. ചരക്ക് നീക്കത്തിനുള്ള ചെലവ് കൂടുന്നതും യുദ്ധ ഭീഷണി മൂലമുള്ള ഇന്‍ഷുറന്‍സ് പ്രീമിയവുും സഞ്ചാരപാതയിലെ മാറ്റവും ഈ മേഖല നേരിടുന്ന വിതരണ പ്രതിസന്ധികളാണ്.
ഇന്ത്യയുടെ കയറ്റുമതിയുടെ 14 ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ്. അവിടെ നിന്നും 20.9 ശഷതമാനത്തോളം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതിയും ചെയ്യുന്നു. ബസുമതി അരി, അമൂല്യരത്നങ്ങള്‍, ആഭരണം, വസ്ത്രം ഉള്‍പ്പടെ 48 ബില്യണ്‍ ഡോളററിന് എണ്ണയിതര വസ്തുക്കള്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ചരക്ക് നീക്ക രംഗത്തെ തടസ്സങ്ങള്‍ ഇന്ത്യയുടെ, ഇറക്കുമതി, കയറ്റുമതി മേഖലകളെ ബാധിക്കുമെന്ന് ചുരുക്കം.
പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രവാസികളുടെ വരുമാനത്തെ ബാധിച്ചതിനാല്‍ രാജ്യത്തേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്കും കുറയും. ഇത് കുടുംബങ്ങളുടെ സാമ്പത്തികനിലയെ ബാധിക്കും.




