യുഎസ് സീരിയസല്ലെന്ന് ഇറാന്
യുഎസുമായി അടുത്ത വട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്. ഇറാനെ തുടര്‍ച്ചയായി കുറ്റപ്പെടുത്തുകയാണ് യുഎസെന്നും ചര്‍ച്ചകളെ ഗൗരവമായി അവര്‍ കാണുന്നില്ലെന്നും ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പ്രതികരിച്ചു. ഹോര്‍മുസിലെ യുഎസ് ഉപരോധമാണ് ഇറാനുമായുള്ള ചര്‍ച്ചകള്‍ ഒരു കരാറിലേക്കെത്താന്‍ തടസമായി നില്‍ക്കുന്നതെന്ന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന് സൈനിക മേധാവി അസിം മുനീര്‍ യുഎസ് പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു. ഉപദേശം പരിഗണിക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഡോളറിന് പകരം യുവാന്‍: യുഎഇയുടെ സമ്മര്‍ദ്ദം
ഇറാന് സംഘര്‍ഷം തുടരവെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ യുഎഇയുടെ സമ്മര്‍ദ്ദം. ഡോളര്‍ ക്ഷാമം രൂക്ഷമായാല്‍ എണ്ണ വില്‍പ്പനക്കും മറ്റ് ഇടപാടുകള്‍ക്കുമായി ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിക്കേണ്ടി വരുമെന്നാണ് യുഎഇ വാഷിംഗ്ടണിനെ അറിയിച്ചത്. കറന്‍സി സ്വാപ്പ് കരാറില്‍ ഏര്‍പ്പെടണമെന്നും യുഎഇ യുഎസിനോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൂഡ് കുതിക്കുന്നു; വിപണിയും സ്വര്‍ണവും താഴേക്ക്
ഇറാന് സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാവുകയും ഹോര്‍മുസ് പൂര്‍ണമായും അടയുകയും ചെയ്തതോടെ എണ്ണവില ഉയരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 5% വര്‍ധിച്ച് 95.14 ഡോളറിലെത്തി. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില 1 ശതമാനത്തോളം താഴ്ന്ന് 4788 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ താഴ്ന്ന് 14,235 രൂപയിലെത്തി. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയാണ് ഇന്നത്തെ വില. ഓഹരി വിപണിയിലും തുടക്കത്തില്‍ കുതിപ്പും പിന്നെ കിതപ്പും ദൃശ്യമായി. 24,480 വരെ മുന്നേറിയ ശേഷം നിഫ്റ്റി 11 പോയന്റ് മാത്രം നേട്ടത്തില്‍ 24,364 ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 26 പോയന്റിന്റെ നേട്ടത്തില്‍ 78,520 ല്‍ എത്തി.
ഊര്‍ജ നയതന്ത്രവുമായി ഇന്ത്യ; ഡോവല്‍ സൗദിയില്‍
ഹോര്‍മുസില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഊര്‍ജ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയിലെത്തി. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസേദ് അല്‍ ഐബാനുമായും ഡോവല്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയിലും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലുമെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
താരിഫ് റീഫണ്ട് നല്കാന് ട്രംപ്
താരിഫ് ചുമത്തി പിരിച്ചെടുത്ത പണം ട്രംപ് ഭരണകൂടം ഇന്നുമുതല്‍ തിരിച്ചു നല്‍കും. പ്രസിഡന്റ് ട്രംപിന്റെ താരിഫുകള്‍ അസാധുവാക്കിയ യുഎസ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് റീഫണ്ട്. ഇറക്കുമതിക്കാര്‍ക്കും അംഗീകൃത കസ്റ്റംസ് ബ്രോക്കര്‍മാര്‍ക്കും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ റീഫണ്ടിനുള്ള ക്ലെയിമുകള്‍ സമര്‍പ്പിക്കാം. 3,30,000 ഇറക്കുമതിക്കാരില്‍ നിന്ന് 166 ബില്യണ്‍ ഡോളര്‍, ട്രംപ് ഭരണകൂടം പിരിച്ചെടുത്തിരുന്നു. 56,500 ഇറക്കുമതിക്കാര്‍ ഇതിനകം റീഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.
വ്യാപാരം ഇരട്ടിയാക്കാന്‍ ഇന്ത്യയും ദക്ഷിണ കൊറിയയും
2030 ഓടെ ഉഭയകകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ഇന്ത്യയും ദക്ഷിണ കൊറിയയും തീരുമാനിച്ചു. ഡെല്‍ഹിയിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ-മ്യൂംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചയിലാണ് വ്യാപാരം 50 ബില്യണ്‍ ഡോളറിലേക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. കപ്പല്‍ നിര്‍മാണം, എഐ, പ്രതിരോധം, ധനകാര്യം എന്നീ മേഖലകളിലായിരിക്കും പ്രധാന സഹകരണം.




