സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്നും വിലകുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2,440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 1,13,920 രൂപയായി ഒരു പവന്റെ ഇന്നത്തെ വിപണിവില. ഗ്രാമിന് ആനുപാതികമായി 305 രൂപ കുറഞ്ഞ് 14,240 രൂപയിലെത്തി. അതേസമയം വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,55,000 രൂപയും രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിന്റെ ദൗർബല്യവും യുഎസ് ട്രഷറി ബോണ്ട് ആദായത്തിലെ കുറവും സ്വർണത്തിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഡോളർ വീണ്ടും ശക്തിപ്രാപിച്ചതടക്കമുള്ള ഘടകങ്ങൾ പിന്നീട് സ്വർണവിലയിൽ സമ്മർദം സൃഷ്ടിച്ചു.
ഇതിന് പുറമെ, പണപ്പെരുപ്പവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറൽ റിസർവിന്റെ ആശങ്കകളും സ്വർണ വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്. കേരളത്തിലെ സ്വർണവില ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് ജനുവരി 29നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, ഡിസംബർ 23നാണ് സംസ്ഥാനത്ത് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




