2026 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ അറ്റലാഭം 36.53% വര്‍ധിച്ച് 1,177 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയോളമായി. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ 862 കോടി രൂപയായിരുന്നു അറ്റലാഭം. പലിശ വരുമാനം (എന്‍ഐഐ) 26.1% ഉയര്‍ന്ന് 2,946 കോടി രൂപയിലെത്തി. നിഷ്ക്രിയ ആസ്തികള്‍ (എന്‍പിഎ) 0.2% കുറഞ്ഞ് 0.18 ശതമാനമായി. വായ്പകളില്‍ 15% വര്‍ധനയുണ്ടായി.
ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 13.05 ശതമാനം വര്‍ധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37 ശതമാനം വര്‍ദ്ധനവോടെ 320117.66 കോടി രൂപയായി. കാസാ നിക്ഷേപം 188 ബിപിഎസ് വര്‍ധിച്ച് ആകെനിക്ഷേപത്തിന്റെ 32.23 ശതമാനമായി. പ്രവാസിനിക്ഷേപം 14.24 ശതമാനം വര്‍ദ്ധനവോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസിനിക്ഷേപത്തില്‍ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് സ്വന്തമാക്കി.
”ഞങ്ങള്‍ കെട്ടിപ്പടുക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു കാര്യം ഈ പാദവാര്‍ഷികം തെളിയിക്കുന്നുണ്ട്. ട്രഷറിക്ക് കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ഞങ്ങളുടെ ലാഭം ഏകദേശം 37% വര്‍ദ്ധിച്ചു. വിപണിയിലെ ലാഭമല്ല, മറിച്ച് ഞങ്ങളുടെ കോര്‍ ബിസിനസാണ് വരുമാനത്തിന്റെ സ്രോതസ്സെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വായ്പകളില്‍ 15% വളര്‍ച്ചയേ ഉണ്ടായില്ലെങ്കിലും അറ്റപലിശ വരുമാനത്തില്‍ 26% വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നത് അറ്റ പലിശ മാര്‍ജിനില്‍ ഉണ്ടായ വര്‍ദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു,’ ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയന് പറഞ്ഞു.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ 14.94 ശതമാനം വര്‍ദ്ധനവോടെ 281239 .54 കോടി രൂപയായി.
വാണിജ്യ ബാങ്കിംങ് വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22.96 ശതമാനവും, കൊമേര്‍ഷ്യല്‍ വെഹിക്കിള്‍/കൊമേര്‍ഷ്യല്‍ എക്വിപ്മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോള്‍ഡ് ലോണ്‍ 33 ശതമാനവും പ്രോപ്പര്‍ട്ടി ലോണ്‍ 21 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് 36 ശതമാനവും വര്‍ദ്ധിച്ചു. 16.12 ശതമാനം വര്‍ദ്ധനവോടെ കോര്‍പറേറ്റ് വായ്പകള്‍ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു.
1541.30 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.52 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 506.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.18 ശതമാനമാണിത്. 87.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തില്‍ തുടങ്ങിയ 10 ശാഖകള്‍ ചേരുമ്പോള്‍ ബാങ്കിന് നിലവില്‍ 1650 ബാങ്കിംഗ് ഔട്ട് ലെറ്റുകളായി.




