സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ വലിയ തുക മുടക്കുമുതലില്ലാത്തതിനാൽ പലരും ഈ സ്വപ്നം മാറ്റിവെക്കുകയാണ് പതിവ്. എന്നാൽ ഇനി വിഷമിക്കേണ്ട. വലിയ ഇൻവെസ്റ്റ്മെന്റുകൾ ഇല്ലാതെ, വെറും 50,000 രൂപയോ അതിൽ കുറവോ ബജറ്റിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ആരംഭിക്കാൻ കഴിയുന്ന ചില മികച്ച ബിസിനസ്സ് ആശയങ്ങൾ നോക്കാം . കുറഞ്ഞ റിസ്കിൽ കൂടുതൽ ലാഭം നേടാൻ സഹായിക്കുന്ന ഈ ബിസിനസുകൾ ജീവിതം മാറ്റിമറിച്ചാലോ.
ഹോം മെയ്ഡ് ഫുഡ് & കാറ്ററിംഗ്
വീട്ടിൽ നിർമ്മിക്കുന്ന ശുദ്ധമായ ഭക്ഷണങ്ങൾ, അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ ഓഫീസ് ജീവനക്കാർക്കുള്ള ടിഫിൻ ബോക്സ് സർവീസുകൾ. ആവശ്യമായ പാത്രങ്ങളും പ്രാഥമിക സാധനങ്ങളും വാങ്ങി 10,000- 20,000 രൂപയിൽ തുടങ്ങാം. കേരളത്തിൽ പ്രാദേശികമായി സ്ത്രീകൾ ഗ്രൂപ്പുകളായി ചേർന്ന് വീടുകളിൽ തുടങ്ങി വലിയ നെറ്റ്വർക്കായി മാറിയ മാതൃകയാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ. സ്വന്തം അടുക്കളകളിൽ കുറഞ്ഞ ബജറ്റിൽ ഉച്ചയൂണ് ഉണ്ടാക്കി വിറ്റു തുടങ്ങിയ പല കുടുംബശ്രീ ഗ്രൂപ്പുകളും ഇന്ന് വലിയ സർക്കാർ ഇവന്റുകൾക്കും വിവാഹങ്ങൾക്കും കാറ്ററിംഗ് ചെയ്യുന്ന വലിയ സംരംഭങ്ങളായി മാറി ലക്ഷങ്ങൾ സമ്പാദിക്കുന്നു.
ഡിജിറ്റൽ സർവീസുകൾ, ഫ്രീലാൻസിംഗ്
ഗ്രാഫിക് ഡിസൈനിംഗ്, സോഷ്യൽ മീഡിയ ഹാൻഡ്ലിംഗ്, കണ്ടന്റ് റൈറ്റിംഗ്, അല്ലെങ്കിൽ കണ്ടന്റ് ക്രിയേഷൻ എന്നിവ ചെയ്യാം. നല്ലൊരു സ്മാർട്ട്ഫോണോ ബജറ്റ് ലാപ്ടോപ്പോ, ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ഈ ബിസിനസ്സ് വലിയ മുടക്കുമുതലില്ലാതെ വീട്ടിലിരുന്ന് തന്നെ ആരംഭിക്കാം. കേരളത്തിലെ പല വാർത്ത പോർട്ടലുകളും ഈ രീതിയിൽ തുടങ്ങി നല്ല രീതിയിൽ പണമുണ്ടാക്കുന്നുണ്ട്.
ഓൺലൈൻ റീസെല്ലിംഗ്
തുണിത്തരങ്ങൾ, ആഭരണങ്ങൾ, അല്ലെങ്കിൽ വീട്ടുസാധനങ്ങൾ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്ന് വാങ്ങി മീഷോ, വാട്സാപ്പ്, ഇൻസ്റ്റഗ്രാം വഴി വിൽക്കുക. കുറച്ച് സാധനങ്ങൾ മാത്രം വാങ്ങി സൂക്ഷിച്ച് വലിയ കടയില്ലാതെ കുറഞ്ഞ ബജറ്റിൽ തുടങ്ങാം. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ എവിടേയും സാധനങ്ങൾ എത്തിച്ചു നൽകി ബിസിനസ് വളർത്തുന്ന ഒരുപാട് സംരംഭകർ ഇന്നുണ്ട്.
ട്യൂഷൻ – കോച്ചിംഗ് ക്ലാസുകൾ
നിങ്ങൾക്ക് കഴിവുള്ള വിഷയങ്ങളിൽ (ഉദാഹരണത്തിന്: സ്കൂൾ വിഷയങ്ങൾ, സംഗീതം, കോഡിംഗ്, യോഗ) കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈനായോ വീട്ടിലോ ക്ലാസുകൾ എടുക്കുക. പരസ്യത്തിനും പഠന സാമഗ്രികൾക്കുമായി വളരെ ചെറിയ തുക മാത്രം വേണ്ടി വരുന്ന ബിസിനസ് ആണ് ഇത്. ബൈജൂസ് മുതൽ പല കമ്പനികളും ചെറിയ രീതിയിലായിരുന്നു തുടങ്ങിയത്.
പ്രാദേശിക സേവനങ്ങൾ
ബ്യൂട്ടി പാർലർ, മെഹന്ദി സർവീസുകൾ, പെറ്റ് കെയർ (വളർത്തുമൃഗങ്ങളെ നോക്കൽ), ഇവന്റ് ഡെക്കറേഷൻ എന്നിവ തുടങ്ങുക. ആവശ്യമായ കിറ്റുകളും സാധനങ്ങളും വാങ്ങാൻ 20,000 രൂപയിൽ താഴെ മാത്രം മതിയാകും. പ്രാദേശിക പ്രത്യേകതകൾ മനസിലാക്കി വളരാൻ ഈ സംരംഭകർക്ക് ധാരാളം സാധ്യതകൾ കേരളത്തിലുണ്ട്.
വലിയ പരസ്യങ്ങൾ ആവശ്യമില്ല
വൻ തുക മുടക്കി ബോർഡുകളും പരസ്യങ്ങളും നൽകുന്നതിന് പകരം വാട്സാപ്പ്, ഇൻസ്റ്റഗ്രാം, എന്നിവ വഴി സൗജന്യമായി കസ്റ്റമേഴ്സിനെ കണ്ടെത്താം എന്ന കാര്യം ഈ ബിസിനസുകൾക്ക് അവലംബിക്കാം. വലിയ റിസ്ക് എടുക്കാതെ ചെറിയ രീതിയിൽ തുടങ്ങി ലാഭം കിട്ടുന്നതിനനുസരിച്ച് ബിസിനസ്സ് വലുതാക്കുക എന്നതാണ് ഇതിന്റെ പ്രധാന തന്ത്രം. വലിയ സാമ്പത്തിക നഷ്ടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കി ബിസിനസ്സ് വിജയകരമാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് ലീൻ സ്റ്റാർട്ടപ്പ് അഥവാ ‘ചെറിയ തുടക്കം’ എന്ന രീതി. വൻതുക കടമെടുത്ത് വലിയ കടയോ സജ്ജീകരണങ്ങളോ തുടക്കത്തിലേ ഒരുക്കുന്നതിന് പകരം, കൈയിലുള്ള ചെറിയ തുക കൊണ്ട് സേവനങ്ങളോ ഉൽപന്നങ്ങളോ വിപണിയിലിറക്കി ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ മനസ്സിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ബിസിനസ്സിൽ നിന്ന് ലാഭം കിട്ടിത്തുടങ്ങുമ്പോൾ ആ തുക തന്നെ തിരികെ ബിസിനസ്സിലേക്ക് തന്നെ വീണ്ടും നിക്ഷേപിച്ച്, പുതിയ സാധനങ്ങൾ വാങ്ങാനും സർവീസുകൾ വിപുലീകരിക്കാനും സാധിക്കുന്നു. ഈ രീതിയിലൂടെ ബിസിനസ്സിൽ എന്തെങ്കിലും പരാജയം സംഭവിച്ചാൽ പോലും വലിയ കടബാധ്യതകൾ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, വിപണിയുടെ പോക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി പടിപടിയായി വലിയൊരു സംരംഭമായി വളരാൻ സംരംഭകന് ആവശ്യത്തിന് സമയവും അനുഭവപരിചയവും ലഭിക്കുകയും ചെയ്യുന്നു.




