ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടി; ഇറാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന് സൈന്യം വെടിയുതിര്‍ത്തു. ഇറാനിലേക്കുള്ള കപ്പലുകള്‍ തടയുമെന്ന യുഎസ് നിലപാടിന്റെ പശ്ചാത്തലത്തില്‍ ഇറാന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ത്യന്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഇറാഖില്‍ നിന്നുള്ള എണ്ണ കയറ്റിയ ഒരു സൂപ്പര്‍ ടാങ്കറും ഇതിലുണ്ടായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് കപ്പലുകള്‍ യാത്ര അവസാനിപ്പിച്ച് പിന്തിരിഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ഇറാന് അംബാസഡര്‍ ഡോ. മൊഹമ്മദ് ഫത്താ അലിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഗുരുതരമായ ആശങ്കയും അനിഷ്ടവും ഇറാനെ അറിയിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചു.
ക്രൂഡ്, സ്വര്‍ണവില ഉയരുന്നു
ഹോര്‍മുസില്‍ സംഘര്‍ഷം വീണ്ടും ഉരുണ്ടുകൂടിയതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 87 ഡോളറില്‍ നിന്ന് 90 ഡോളറിലേക്ക് ഉയര്‍ന്നു. സ്വര്‍ണവിലയിലും കുതിപ്പാരംഭിച്ചു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,833 ഡോളര്‍ എന്ന നിലയിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,280 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 1,14,240 രൂപയാണ് ഇന്നത്തെ വില.
എച്ച്ഡിഎഫ്സിക്ക് 9% അറ്റലാഭം
പ്രധാന ബാങ്കുകള്‍ പലതും നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ട ദിവസമാണിന്ന്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ അറ്റ ലാഭം നാലാം പാദത്തില്‍ 9% ഉയര്‍ന്ന് 19,221 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 17,616 കോടി രൂപയായിരുന്നു അറ്റ ലാഭം. വരുമാനം 5% ഉയര്‍ന്ന് 46,280സ കോടി രൂപയായി. കിട്ടാക്കടം 1.15 ശതമാനത്തിലേക്ക് കുറഞ്ഞു. ഓഹരിയൊന്നിന് 13 രൂപയുടെ ഡിവിഡന്റും എച്ച്ഡിഎഫ്സി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 19 ന് ഓഹരികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്കാണ് ലാഭവിഹിതം ലഭിക്കുക
12 രൂപ ഡിവിഡന്റുമായി ഐസിഐസിഐ
രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയും നാലാം പാദത്തില്‍ 8.5% അറ്റ ലാഭം നേടി. 13,703 കോടി രൂപയാണ് മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഐസിഐസിഐ നേടിയത്. കിട്ടാക്കടങ്ങള്‍ 1.4 ശതമാനത്തിലേക്ക് താഴ്ന്നു. 12 രൂപയുടെ ലാഭവിഹിതവും ഐസിഐസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
യെസ് ബാങ്കിന് 45% ലാഭം
മറ്റൊരു ശ്രദ്ധേയ റിസല്‍റ്റ് പ്രഖ്യാപനം യെസ് ബാങ്കിന്റേതാണ്. നാലാം പാദത്തില്‍ 45% വര്‍ധനയാണ് യെസ് ബാങ്കിന്റെ അറ്റ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. 1068 കോടി രൂപയിലേക്ക് ബാങ്കിന്റെ ലാഭം ഉയര്‍ന്നു. 9381 കോടി രൂപയുടെ വരുമാനമാണ് നാലാം പാദത്തില്‍ യെസ് ബാങ്കിന് ലഭിച്ചത്. 2026 ല്‍ യെസ് ബാങ്കിന്റെ ഭൂരിപക്ഷ ഓഹരിയുടമകളായി ജപ്പാന് ധനകാര്യ സ്ഥാപനമായ എസ്എംബിസി എത്തുകയും പുതിയ സിഇഒയായി വിനയ് എം തോണ്സെ ചുമതലയേല്‍ക്കുകയും ചെയ്തശേഷം ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കിട്ടാക്കടം മൂന്നാം പാദത്തിലെ 1.5 ശതമാനത്തില്‍ നിന്ന് 1.3 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 2% ഉയര്‍ത്തി
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 2% വര്‍ധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമായിരുന്ന ക്ഷാമബത്ത 60 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. 2026 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. 50 ലക്ഷത്തിലേറെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.




