ഡോളറിന്റെ തിളക്കവും ഉയർന്ന ജീവിതനിലവാരവും കണ്ട് അമേരിക്കയിലേക്ക് ചേക്കേറിയ മലയാളി കുടുംബങ്ങൾ അടക്കമുള്ള ഇന്ത്യക്കാർ, കുറേപേർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. മുൻപ് ഐടി മേഖലയിലുണ്ടായിരുന്ന തൊഴിൽ സുരക്ഷിതത്വം ഇല്ലാതായതും, വിസ നിയമങ്ങൾ കൂടുതൽ കടുപ്പിച്ചതുമാണ് ഇതിന് പ്രധാന കാരണം. വിസ പുതുക്കുന്നതിലെ അനിശ്ചിതത്വങ്ങളും, ഗ്രീൻ കാർഡിനായുള്ള ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പും ഉണ്ടാക്കുന്ന മാനസികസമ്മർദ്ദം താങ്ങാൻ കഴിയാതെ പലരും പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.
കൂടാതെ, അമേരിക്കയിലെ ഭീമമായ ചികിത്സാച്ചെലവുകളും, ഒറ്റപ്പെട്ട ജീവിതരീതിയും, കുട്ടികളുടെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകളും പലരെയും നാട്ടിലേക്ക് തിരിച്ചെത്താൻ പ്രേരിപ്പിക്കുന്നു. പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ സാധിക്കാത്തതും, നാട്ടിലെ കുടുംബബന്ധങ്ങളിൽ നിന്ന് അകന്നുപോകുന്നതും വലിയൊരു കുറവായി ഇവർ തിരിച്ചറിയുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലും ബാംഗ്ലൂരിലും ഐടി-ടെക് മേഖലയിൽ മികച്ച അവസരങ്ങളും ഉയർന്ന ശമ്പളവും ലഭ്യമാകുന്നതും മലയാളി കുടുംബങ്ങൾക്ക് നാട്ടിലേക്ക് തിരികെ വരാനുള്ള ധൈര്യം നൽകുന്നു.
കർശന ഇമിഗ്രേഷൻ നിയമങ്ങൾ
വർഷങ്ങളായി അമേരിക്കയിൽ ജീവിച്ചിരുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങൾ തങ്ങളുടെ ജോലി, വീടുകൾ, സമ്പാദ്യം എന്നിവയെല്ലാം ഉപേക്ഷിച്ച് നിശ്ശബ്ദമായി സ്വന്തം നാടായ ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നതിനെക്കുറിച്ച് ഇപ്പോൾ പല വാർത്തകളും വരുന്നുണ്ട്. അമേരിക്കയിലെ ഐടി മേഖലയിലുണ്ടായ വൻതോതിലുള്ള ജോലി നഷ്ടവും , ഇമിഗ്രേഷൻ നിയമങ്ങളിലെ കർശനമായ മാറ്റങ്ങളും, H-1B വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ജീവിതം കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കു
മാനസിക പ്രശ്നങ്ങൾ കൂടുന്നു
H-1B വിസയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാൽ, അമേരിക്കയിൽ തുടരാനും പുതിയൊരു ജോലി കണ്ടെത്താനും പരമാവധി 60 ദിവസം മാത്രമാണ് സമയം ലഭിക്കുന്നത്. നിലവിലെ ജോലിസാഹചര്യത്തിൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്തുക എന്നത് വിസ ഉടമകൾക്ക് വലിയ മാനസികസമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കൂടാതെ, പുതിയ വിസ അപേക്ഷകളിലെ കർശന പരിശോധനകളും വർഷങ്ങളോളം നീളുന്ന ഗ്രീൻ കാർഡ് കാത്തിരിപ്പും ഇവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഇതോടെ വിസ കാലാവധി തീരുന്നതിനു മുൻപും നിയമപരമായ പ്രതിസന്ധികളിൽ പെടുന്നതിനു മുൻപും രാജ്യം വിടുക എന്ന കഠിനമായ തീരുമാനത്തിലേക്ക് ഈ കുടുംബങ്ങൾ എത്തിച്ചേരുകയാണ്.
റിയൽ എസ്റ്റേറ്റ് പ്രതിസന്ധി
ഇതിന് പുറമേ, റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ വൻ തിരിച്ചടിയും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. മുൻപ് ഉയർന്ന വിലയ്ക്ക് വാങ്ങിയ വീടുകളുടെ മൂല്യം ഇപ്പോൾ വൻതോതിൽ ഇടിയുകയും , എന്നാൽ വസ്തുനികുതികൾ കുത്തനെ കൂടും ചെയ്യുകയാണ് ചെയ്തത്. വീടിന്റെ ഇപ്പോഴത്തെ വിലയേക്കാൾ കൂടുതൽ തുക ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുള്ളതിനാൽ, നഷ്ടത്തിൽ വീട് വിൽക്കാനോ ബാങ്ക് കുടിശ്ശിക അടച്ചുതീർക്കാനോ ഇവർക്ക് സാധിക്കുന്നില്ല. അതിനാൽ, മറ്റ് വഴികളൊന്നുമില്ലാതെ ബാങ്ക് വായ്പ തിരിച്ചടവും നികുതി അടവും നിർത്തിവെച്ച്, വീടിന്റെ താക്കോൽ അവിടെത്തന്നെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വിമാനം കയറേണ്ട സങ്കടകരമായ അവസ്ഥയിലാണ് പല കുടുംബങ്ങളും.




