ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള ബിസിനസ് സാമ്രാജ്യമെന്ന വിശേഷണം ഒരിക്കല്‍ക്കൂടി തങ്ങളുടെ പേരിലാക്കി അംബാനി കുടുംബം. 28.2 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇവര്‍ക്കുള്ളത്. ഏതാണ്ട് ഇന്ത്യയുടെ ജിഡിപിയുടെ പന്ത്രണ്ടിലൊന്ന് വരുമിതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹുരുണ്‍ ഇന്ത്യ പുറത്തുവിട്ട രാജ്യത്തെ ഏറ്റവും മൂല്യമൂള്ള ബിസിനസ് കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം ഒരിക്കല്‍ക്കൂടി തങ്ങളുടെ ശക്തി തെളിയിച്ചത്. മൊത്തത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരരുടെ ആസ്തി രാജ്യത്തിന്റെ ജിഡിപിയുടെ 36 ശതമാനം വരും.
ഹുരുണ്‍ പട്ടികയില്‍ ഇടം നേടിയ കുടുംബങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.
അംബാനി

മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അംബാനി കുടുംബത്തിന്റെ സ്വത്തില്‍ 10 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഈ പട്ടികയില്‍ അംബാനി കുടുംബം ഒന്നാംസ്ഥാനത്ത് എത്തുന്നത്.
കുമാര മംഗളം ബിര്‍ള

ഈ വര്‍ഷം രണ്ടാംസ്ഥാനത്ത് കുമാര്‍ മംഗള ബിര്‍ളയുടെ കുടുംബമാണ്. 6.5 ലക്ഷം കോടിയാണ് ബിര്‍ള കുടുംബത്തിന്റെ ആസ്തിയുടെ മൂല്യം. മുന്‍വര്‍ഷത്തേക്കാള്‍ ആസ്തിയില്‍ 11 ലക്ഷം കോടി വര്‍ധിച്ചു. സിമന്റ്, മെറ്റല്‍സ്, ടെലികോം, സാമ്പത്തിക സേവനങ്ങള്‍ എന്നീ മേഖലകളിലാണ് ബിര്‍ള കുടുംബത്തിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നത്.
ജിന്ദാല് കുടുംബം

ജെഎസ്ഡബ്ല്യൂ സ്റ്റീലിന്റെ ഉടമയായ സജ്ജന്‍ ജിന്ദാലിന്റെ കുടുംബമായ ജിന്ദാല് കുടുംബം പട്ടികയില്‍ മൂന്നാമതെത്തി. 5.7 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് കുടുംബത്തിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആസ്തി മൂല്യത്തില്‍ 1 ലക്ഷം കോടിയുടെ വര്‍ധനയുണ്ടായി.
അംബാനി, ബിര്‍ള, ജിന്ദാല് കുടുംബങ്ങളുടെ മൊത്തത്തിലുള്ള ആസ്തി 40.04 ലക്ഷം കോടിയിലെത്തി. ബജാജ് കുടുംബം ഇത്തവണ നാലാംസ്ഥാനത്തേക്ക് വീണു. ഇവരുടെ ആസ്തിയുടെ മൂല്യത്തില്‍ 21 ശതമാനം ഇടിവുണ്ടായി 5.64 ലക്ഷം കോടിയായി. 5.43 ലക്ഷം കോടി രൂപയുമായി മഹീന്ദ്ര കുടുംബമാണ് അടുത്ത സ്ഥാനത്ത്. മഹീന്ദ്ര കുടുംബത്തിന്റെ ആസ്തിയില്‍ 58 ശതമാനം വര്‍ധനയുണ്ടായി. 4.68 ലക്ഷം കോടി മൂല്യമുള്ള ആസ്തിയുമായി നാടാര്‍ കുടുംബം പട്ടികയില്‍ ആറാം സ്ഥാനത്തും 2.92 ലക്ഷം കോടി രൂപയുടെ ആസ്തിമൂല്യവുമായി മുരുഗപ്പ കുടുംബം പട്ടികയില്‍ ഏഴാംസ്ഥാനത്തുമാണ്. എട്ടാംസ്ഥാനത്ത് വിപ്രോ ഉടമകളായ അസിം പ്രേംജിയുടെ കുടുംബമാണ്. 2.78 കോടി രൂപയാണ് ഇവരുടെ ആസ്തി മൂല്യം. അനില്‍ അഗര്‍വാള്‍ കുടുംബം 2.6 ലക്ഷം കോടിയുടെ ആസ്തിയുമായി ആദ്യമായി പട്ടികയില്‍ ആദ്യപത്തില്‍ ഇടംപിടിച്ചു.




