ആഗോള സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായ വളര്‍ച്ചയിലേക്കും വെല്ലുവിളികളിലേക്കുമാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് ലോക സാമ്പത്തിക ഫോറം. 2025-ല്‍ 6.5 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക നാണ്യനിധി പ്രവചിക്കുന്ന ഇന്ത്യ അതിവേഗം വളരുന്ന സുപ്രധാന സമ്പദ് വ്യവസ്ഥയായി തുടരുമെന്നും അതേസമയം അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് ഇന്ത്യയുടെ നിര്‍മ്മാണ മേഖലയുടെ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും ചൊവ്വാഴ്ച പുറത്തുവിട്ട മുഖ്യ സാമ്പത്തികവിദഗ്ധരുടെ അവലോകനത്തില്‍ ലോക സാമ്പത്തിക ഫോറം അഭിപ്രായപ്പെട്ടു.
സാമ്പത്തിക ഫോറത്തിന്റെ സര്‍വ്വേ പ്രകാരം 2026-ല്‍ ആഗോളസാമ്പത്തിക വളര്‍ച്ച ദുര്‍ബലപ്പെടുമെന്നാണ് 72 ശതമാനം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്. വ്യാപാര തടസ്സങ്ങള്‍ വര്‍ധിക്കുന്നതും നയപരമായ അനിശ്ചിതത്വങ്ങളും സാങ്കേതികമായ മാറ്റങ്ങള്‍ വര്‍ധിക്കുന്നതും വളര്‍ച്ചയ്ക്ക് വിഘാതമാകും. സ്ഥിരമായ തടസ്സങ്ങളും വളരുന്ന വിഘടന പരിതസ്ഥിതിയും മൂലം ലോകം പുതിയൊരു സാമ്പത്തിക സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉയര്‍ന്നുവരുന്ന വിപണികളാണ് വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുക, മിഡില്‍ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ, ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലകള്‍ എന്നിവിടങ്ങള്‍ ലോക സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമാകും. ഈ മേഖലകളില്‍ ശക്തം അല്ലെങ്കില്‍ വളരെ ശക്തമായ വളര്‍ച്ച ഉണ്ടാകുമെന്ന് മൂന്നിലൊരു സാമ്പത്തിക വിദഗ്ധനും കരുതുന്നു.
അതേസമയം ചൈനയെ കുറിച്ച് സമ്മിശ്രമായ അനുമാനമാണ് സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉണ്ടായത്. 56 ശതമാനം ആളുകളും ചൈന മിതമായ വളര്‍ച്ച നേടുമെന്ന് അഭിപ്രായപ്പെട്ടു. വികസിത സമ്പദ് വ്യവസ്ഥകളില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പില്‍, വളര്‍ച്ച കുറയുമെന്ന് 40 ശതമാനം പേര് കരുതുന്നു, അതേസമയം അമേരിക്കയില്‍ ദുര്‍ബലം മുതല്‍ അതിയായ ദുര്‍ബല വളര്‍ച്ചയാണ് 52 ശതമാനം പേരും പേരും പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസിത സമ്പദ് വ്യവസ്ഥകള്‍ക്കും വികസ്വര സമ്പദ് വ്യവസ്ഥള്ക്കും ഇടയിലെ വിടവ് വലുതാകുമെന്ന് 56 ശതമാനം പേരും കരുതുന്നു.
വ്യാപാരം, സാങ്കേതികവിദ്യ, ഉറവിടങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പുതിയൊരു സാമ്പത്തിക സാഹചര്യം ഇതികനം തന്നെ രൂപപ്പെട്ട് വരുന്നുണ്ടന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സാദിയ സഹീദി അഭിപ്രായപ്പെട്ടു. ലോക നേതാക്കള്‍ അടിയന്തരമായി നിലവിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടണമെന്നും ഇന്നത്തെ തടസ്സങ്ങള്‍ നാളത്തെ അതിജീവനത്തിനുള്ള കരുത്താക്കി മാറ്റാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാറ്റത്തിന്റെ തെളിവ് എല്ലായിടങ്ങളിലും ഉണ്ട്. സ്വതന്ത്ര വിപണി ചാമ്പ്യന്‍ എന്ന നിലയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ചൈനയിലെ സാമ്പത്തിക അനിശ്ചിതത്വം, ജര്‍മ്മനി സാമ്പത്തിക നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചത്, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി മാറിയത്, ജപ്പാന് കാലങ്ങള്‍ക്ക് ശേഷം പണപ്പെരുപ്പത്തെ അതിജീവിച്ചത് എന്നിവയെല്ലാം അതിനുള്ള തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ പണപ്പെരുപ്പം കുത്തനെ താഴ്ന്നുവെന്നും അതിലൂടെ നയരൂപകര്‍ത്താക്കള്‍ക്ക് സ്ഥിരതയ്ക്കുള്ള കൂടുതല്‍ സാഹചര്യമൊരുങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്തൃ വില സൂചിക ജൂലൈയില്‍ 1.5 ശതമാനമായി കുറഞ്ഞതോടെ ആഗസ്റ്റില്‍ റിസര്‍വ്വ് ബാങ്ക് പലിശനിരക്കുകള്‍ നിലനിര്‍ത്തി. ധനക്കമ്മി 4.4 ശതമാനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. ചരക്കുസേവന നികുതി വെട്ടിക്കുറക്കുക അടക്കമുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ലോകസാമ്പത്തിക ഫോറം നിരീക്ഷിച്ചു.
ദക്ഷിണേഷ്യയില്‍ ഉടനീളം അടുത്ത വര്‍ഷം മിതമായ പണപ്പെരുപ്പമാണ് 64 ശതമാനം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്.




