ഒടുവില്‍ സില്‍വര്‍ലൈന്‍ സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഔദ്യോഗിക തീരശ്ശീല വീണിരിക്കുന്നു. തുടക്കം മുതല്‍ വിവാദത്തിലായ സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കുന്നതായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കണമെന്ന് റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്കി.
കേരളത്തിലെ ഭരണമാറ്റത്തെ അടയാളപ്പെടുത്തുന്ന സുപ്രധാന രാഷ്ട്രീയ തീരുമാനമായി സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കലിനെ കാണാം. കാരണം ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഗതാഗത ഇടനാഴി ആയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നത്.
എന്തായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതി
കെ-റെയില്‍ എന്നും അറിയപ്പെട്ട സില്‍വര്‍ലൈന്‍ പദ്ധതി തിരുവനന്തപുരത്തെയും കാസര്‍ഗോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 529 കിലോമീറ്റര്‍ സെമി-ഹൈസ്പീഡ് റെയില്‍ ഇടനാഴി ആയാണ് വിഭാവനം ചെയ്തത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ട്രെയിന്‍ യാത്രയിലൂടെ കേരളത്തിന്റെ തെക്കേ അറ്റത്തിനും വടക്കേ അറ്റത്തിനും ഇടയിലുള്ള യാത്രാസമയം 12 മണിക്കൂര്‍ ആയി കുറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ വികസന കോര്‍പ്പറേഷനാണ് പദ്ധതി മുന്നോട്ടുവെച്ചത്. 56,000 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി കേരളത്തിന്റെ ഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കുമെന്നും ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും കണക്ടിവിറ്റി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
വിവാദങ്ങളുടെ കാരണം
പ്രഖ്യാപനത്തോടെ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനപദ്ധതിയായി കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും അധികം വൈകാതെ തന്നെ രാഷ്ട്രീയമായി വലിയ വിവാദത്തിലേക്ക് പോയ പദ്ധതി കൂടിയായിരുന്നു സില്‍വര്‍ലൈന്‍. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലകളിലൂടെ കടന്നുപോകുന്ന രീതിയില്‍ വിഭാവനം ചെയ്ത പദ്ധതി നടപ്പായാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. പദ്ധതിയുടെ ഭാഗമായി പല ജില്ലകളിലും മഞ്ഞക്കുറ്റി സ്ഥാപിച്ചപ്പോള്‍ വന്‍ ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറി. നാട്ടുകാരും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തി.
പാരിസ്ഥിതിക ആശങ്കകളും പ്രതിഷേധത്തിന് കാരണമായിരുന്നു. പദ്ധതിയുടെ ഭാഗമായ വലിയ നിര്‍മ്മിതികളും ഭൂമി നികത്തലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ലോലമായ ആവാസവ്യവസ്ഥകളെയും ചതുപ്പുനിലങഅങളെയും വെള്ളപ്പൊക്ക സാധ്യതാമേഖലകളെയും ഗുരുതരമായി ബാധിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. അടിക്കടി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുന്ന സംസ്ഥാനത്ത് പദ്ധതി നിലവില്‍ വരുന്നതോടെ പാരിസ്ഥിതിക വെല്ലുവിളികള്‍ കൂടുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
പദ്ധതിച്ചെലവാണ് വിവാദത്തിന്റെ മറ്റൊരു കാരണം. കടത്തില്‍ മുങ്ങിയ കേരളത്തിന് ഇതുപോലൊരു മെഗാപദ്ധതിയുടെ ആഘാതം താങ്ങാനാകുമോ എന്നും പ്രതിപക്ഷത്ത് നിന്നും ചോദ്യമുയര്‍ന്നു.
രാഷ്ട്രീയ എതിര്‍പ്പുകള്‍, സമരങ്ങള്‍
ഇന്ന് പദ്ധതി റദ്ദാക്കിയതായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി ഡി സതീശന്റെ നേതൃത്വത്തില്‍ അന്ന് യുഡിഎഫ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. കൃത്യമായ പാരിസ്ഥിതിക പഠനം നടത്താതെയാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളതെന്നും വിദഗ്ധരുടെ അഭിപ്രായം തേടാതെ സര്‍ക്കാര്‍ പദ്ധതിക്കായി തിടുക്കം കൂട്ടുകയാണെന്നും അന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പല ജില്ലകളിലും പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ നടന്നു. ക്രമേണ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും അന്തിമാനുമതി കിട്ടാതെ പദ്ധതി നിര്‍ത്തിവെക്കേണ്ടതായി വന്നു.
ഇനിയെന്താണ്
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയമായി സില്‍വര്‍ലൈന്‍ പദ്ധതിക്ക് തിരശ്ശീല വീണിരിക്കുകയാണ്. അതേസമയം കേരളത്തിലെ ഗതാഗത രംഗം നേരിടുന്ന വെല്ലുവിളികള്‍ ബാക്കിനില്‍ക്കുകയും ചെയ്യുന്നു.
ഗതാഗതക്കുരുക്കും വേഗതിയില്ലാത്തെ റെയില്‍ കണക്ടിവിറ്റിയും വളരുന്ന നാഗരികതയും ഗതാഗത മേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികളാണ്. അതിവേഗ യാത്ര സൗകര്യങ്ങള്‍ കേരളത്തിന് ആവശ്യമാണ്. അതേസമയം അവ പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് താങ്ങാനാകുന്നതും ആകണം.




