ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇയു അംഗീകാരം. അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് ഗുണകരമാകും. ഇതോടെ യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു. വിദേശനാണ്യ ശേഖരത്തിൽ ഈ മാറ്റം പ്രതിഫലിക്കും.
ഇന്ത്യന്‍ സമുദ്രോത്പന്ന മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ ഫലമാണ് പുതിയ മാറ്റങ്ങൾ. ബെല്‍ജിയം, സ്പെയിന്, ഇറ്റലി എന്നിവയാണ് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വിപണികള്‍. 2025 ഒക്ടോബര്‍ 1-ന് പ്രാബല്യത്തില്‍ വരുന്ന ഇന്ത്യ-ഇഎഫ് ടിഎ വ്യാപാര കരാര്‍ വഴി നോര്‍വേ, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ ഇഎഫ് ടിഎ രാജ്യങ്ങളിലേക്കും വിപണി പ്രവേശനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024-25 കാലയളവില്‍ 62,408.45 കോടി രൂപയുടെ (7.45 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 16,98,170 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്എയും ചൈനയുമാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ മൂന്നാമത്തെ വലിയ വിപണിയാണ് യൂറോപ്യന്‍ യൂണിയന്. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15.10% വരും. 2024-2025 കാലയളവില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് 9429.56 കോടി രൂപയുടെ (1125.60 ദശലക്ഷം യുഎസ് ഡോളര്‍) മൂല്യമുള്ള 2,15,080 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.




