മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവർഷം എഴുപത്തിരണ്ടിൻറെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി, കൊച്ചി അമൃത ആശുപത്രി “മാതൃസ്പർശം” – സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ മാതാ അമൃതാനന്ദമയി മഠം നൂറു കോടിയിലേറെ രൂപ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ക്ഷമയോടും സ്നേഹത്തോടുമുള്ള പരിചരണം ഏറ്റവും അർഹിക്കുന്നവരാണ് രോഗികൾ. അവരുടെ അഭയവും ആശ്വാസവുമാണ് ആശുപത്രികൾ. രോഗിക്ക് ഡോക്ടർ കാണപ്പെട്ട ദൈവമാണ്. വേദനിക്കുന്നവർക്ക് ആശ്വാസം നൽകാൻ കഴിയുന്നത് ഭാഗ്യമാണ്. ആശുപത്രികളിൽ സേവനം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ഹൃദയം തുറന്ന് ചിരിക്കുന്നവരാകണം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രവർത്തനങ്ങളിൽ ആർദ്രതയും കാരുണ്യവും ഉണ്ടാകണം. സേവനം ചെയ്യാനുള്ള അവസരം പാഴാക്കുന്നത് ആണ് ഏറ്റവും വലിയ നഷ്ടം.” മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അമൃത ആശുപത്രിയിലെ 25 വർഷത്തെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേട്ടങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. അമൃത ആശുപത്രിയും ഒഡിഷ ആരോഗ്യ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ വെച്ച് കൈമാറി. അമൃതയുമായുള്ള ധാരണാപത്രം വഴി പീഡിയാട്രിക് കാർഡിയോളജി മേഖലയിൽ ഗവേഷണം, പരിശീലനം, ചികിത്സാ വിപുലീകരണം എന്നിവയ്ക്കുള്ള വഴി തുറക്കുമെന്ന് ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു അഭിപ്രായപ്പെട്ടു.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, ബിഹാർ, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറോളം കുട്ടികളും അവരുടെ കുടുംബങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഹൃദയരോഗങ്ങളുടെ ആദ്യഘട്ട പരിശോധനയും ചികിത്സാ മാർഗ്ഗനിർദ്ദേശവും സൗജന്യമായി ലഭ്യമാക്കി. തെരെഞ്ഞെടുത്ത കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.




