കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഇന്‍ഡസ്ട്രിയല്‍ പ്രോസസ് ചില്ലര്‍ നിര്‍മാതാക്കളായ ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഗ്രീന്‍പ്രോ പുരസ്കാരം. കമ്പനിയുടെ പേറ്റന്റ് നേടിയ ഡ്യുവല്‍-പര്‍പ്പസ് എയര്‍ കണ്ടീഷണറാണ് (ഡിപി-എസി) പുരസ്കാരത്തിന് അര്‍ഹമാക്കിയത്. സുസ്ഥിരമായ നവീകരണം, ഊര്‍ജ്ജക്ഷമത, ഭാവി തലമുറയ്ക്കായുള്ള കാലാവസ്ഥാ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
പൂനെയില്‍ നടന്ന ഒന്‍പതാമത് സിഐഐ ഗ്രീന്‍പ്രോ സമ്മിറ്റിലാണ് പുരസ്കാരം സമ്മാനിച്ചത്. സെന്‍ട്രല്‍ പൊലൂഷന്‍സ് കണ്ട്രോള് ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ പ്രതിക് ഡി ഭര്‍ണെയില്‍ നിന്ന് ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി. ജി. ചില്‍പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി. ‘ഗ്രീന്‍ പ്രൊഡക്ട്സ് ഡ്രൈവിംഗ് സര്‍ക്കുലര്‍, ഡീകാര്‍ബണൈസ്ഡ് വാല്യൂ ചെയിന്‍’ എന്ന പ്രമേയത്തില്‍ സിഐഐ സംഘടിപ്പിച്ച സമ്മിറ്റില്‍ വ്യവസായ പ്രമുഖരും നിയമനിര്‍മാതാക്കളും സുസ്ഥിര വികസന രംഗത്തെ വിദഗ്ദ്ധരും പങ്കെടുത്തു.
അത്യാധുനിക വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനത്തിലൂടെ എയര്‍ കണ്ടീഷനിംഗിനൊപ്പം തന്നെ സൗജന്യമായി ചൂടുവെള്ളവും ഉത്പാദിപ്പിക്കുന്ന പേറ്റന്റ് നേടിയ നൂതനാവിഷ്കാരമാണ് ചില്‍ട്ടണിന്റെ ഡിപി-എസി. കണ്ടന്‍സറില്‍ നിന്നുള്ള താപം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിന് പകരം, അത് വീണ്ടെടുത്ത് അധിക ഊര്‍ജ്ജച്ചെലവില്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മികച്ച കൂളിംഗിനൊപ്പം 62 ശതമാനം വരെ ഊര്‍ജ്ജം ലാഭിക്കാനും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ചൂട് 21 ശതമാനത്തോളം കുറയ്ക്കാനും സാധിക്കും.
സിഐഐ ഗ്രീന്‍പ്രോ പുരസ്കാരം ലഭിച്ചത് ചില്‍ട്ടണിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നാഴികക്കല്ലാണെന്ന് ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ജി. ചില്‍പ്രകാശ് പറഞ്ഞു. ഇന്ത്യയില്‍ ഓരോ വര്‍ഷവും വിറ്റഴിക്കപ്പെടുന്ന എയര്‍ കണ്ടീഷണറുകളില്‍ 1% എങ്കിലും ഡിപി-എസി സംവിധാനം സ്വീകരിക്കുകയാണെങ്കില്‍, രാജ്യത്തിന് പ്രതിവര്‍ഷം 68.77 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാനും 5.84 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെറ്റ്-സീറോ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ മുന്നേറുമ്പോള്‍, സര്‍ക്കുലര്‍, ഡീകാര്‍ബണൈസ്ഡ് ഭാവിക്ക് സംഭാവന നല്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ചില്‍ട്ടണ്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.




