അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ട് ആറു വര്‍ഷമായെങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ ബ്രാന്‍ഡ് മൂല്യത്തിനും ബിസിനസ് സാമ്രാജ്യത്തിനും ഇന്നും തളര്‍ച്ചയില്ല. ക്രിക്കറ്റിലൂടെ നേടിയ പ്രശസ്തിയെ സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതികവിദ്യ, കായികരംഗം, ബ്രാന്‍ഡ് പങ്കാളിത്തങ്ങള്‍ എന്നിവയിലേക്ക് വിവേകപൂര്‍വം വ്യാപിപ്പിച്ചാണ് ധോണി ഇന്ത്യയിലെ കായികതാരങ്ങള്‍ക്കിടയിലെ ഏറ്റവും വിജയിച്ച സംരംഭകരില്‍ ഒരാളായി മാറിയത്.
ധോണിയുടെ വ്യക്തിഗത ആസ്തി 2026ല്‍ ഏകദേശം 1,060-1,200 കോടി രൂപയാണെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളിലെ കണക്ക്. എന്നാല്‍ ധോണി ഔദ്യോഗികമായി തന്റെ ആസ്തി വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ കണക്കുകള്‍ ഏകദേശ വിലയിരുത്തല്‍ മാത്രമാണ്.
ഐപിഎല്ലില്‍നിന്ന് മാത്രം കോടികളുടെ വരുമാനം
2008ലെ ആദ്യ ഐപിഎല്‍ സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖമായ ധോണി, ഫ്രാഞ്ചൈസിയുടെ സസ്പെന്ഷന് കാലത്തെ രണ്ട് സീസണുകള്‍ ഒഴികെ ടീമിനൊപ്പമാണ്. വിവിധ സീസണുകളിലായി ഐപിഎല്‍ വേതനമായി മാത്രം ധോണി 190 കോടി രൂപയിലധികം നേടിയെന്നാണ് കണക്കുകള്‍. ചില റിപ്പോര്‍ട്ടുകളില്‍ ഈ തുക ഏകദേശം 196.65 കോടി രൂപ വരെയാണെന്ന് പറയുന്നു. ചില സീസണുകളില്‍ അദ്ദേഹത്തിന്റെ പ്രതിഫലം 15 കോടി രൂപ വരെയെത്തിയിരുന്നു. 2025ല്‍ അണ്‍ക്യാപ്ഡ് താരമായി പരിഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് CSK ധോണിയെ 4 കോടി രൂപയ്ക്ക് നിലനിര്‍ത്തുകയും ചെയ്തു.
ക്രിക്കറ്റിന് പുറത്തുള്ള നിക്ഷേപങ്ങള്‍
ശമ്പളത്തെയും പരസ്യവരുമാനത്തെയും മാത്രം ആശ്രയിക്കുന്നതില്‍നിന്ന് വളരെ നേരത്തെ തന്നെ ധോണി കളംമാറ്റി. ഇലക്ട്രിക് മൊബിലിറ്റി, ഫിന്‍ടെക്, ഡ്രോണ്‍ സാങ്കേതികവിദ്യ, സ്പോര്‍ട്സ് ടെക്നോളജി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളിലാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍.
BluSmart, Khatabook, CARS24, Garuda Aerospace, EMotorad, Shaka Harry, Rigi, Centricity തുടങ്ങിയ കമ്പനികള്‍ ധോണിയുടെ നിക്ഷേപ പോര്ട്ട്ഫോളിയോയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വൈവിധ്യവല്‍ക്കരണമാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന അടിത്തറയായത്.
ഗരുഡ എയ്റോസ്പേസിലെ നിക്ഷേപം
ധോണിയുടെ ശ്രദ്ധേയമായ നിക്ഷേപങ്ങളില്‍ ഒന്നാണ് ചെന്നൈ ആസ്ഥാനമായ ഡ്രോണ്‍ കമ്പനിയായ Garuda Aerospace. 2024ല്‍ കമ്പനിയില്‍ അദ്ദേഹം അധികമായി 4 കോടി രൂപ നിക്ഷേപിച്ചതായും ഇതോടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 1.1 ശതമാനമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനി പിന്നീട് 100 കോടി രൂപയുടെ സീരിസ് ബി ഫണ്ട് സമാഹരിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഗരുഡ എയ്റോസ്പേസിന്റെ വരുമാനം 118 കോടി രൂപയും ലാഭം 17.5 കോടി രൂപയുമാണ്. കമ്പനി 2026 ല്‍ ഐപിഒ കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഇന്നും ശക്തമായ ബ്രാന്‍ഡ്
കളിക്കളത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞിട്ടും ധോണിയുടെ വാണിജ്യ ആകര്‍ഷണം ശക്തമായി തുടരുകയാണ്. 2025 ലെ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണയത്തില്‍ ധോണിയുടെ ബ്രാന്‍ഡ് മൂല്യം 115.3 മില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ധോണിയുടെ സാമ്പത്തിക വിജയത്തിന്റെ കഥ ഒരു ക്രിക്കറ്റ് താരത്തിന്റെ ശമ്പളക്കണക്കിനപ്പുറമാണ്. കളിക്കളത്തില്‍ നേടിയ വിശ്വാസ്യതയെ ദീര്‍ഘകാല ബ്രാന്‍ഡ് മൂല്യമായും, പിന്നീട് വിവിധ മേഖലകളിലെ നിക്ഷേപങ്ങളായും മാറ്റിയതാണ് ധോണിയുടെ ബിസിനസ് വിജയത്തിന്റെ യഥാര്‍ഥ രഹസ്യം.




