ധവളപത്രം വരുമെന്ന് മുഖ്യമന്ത്രി
കേരള മുഖ്യമന്ത്രിയായി വി ഡി സതീശനും അദ്ദേഹത്തോടൊപ്പം 20 അംഗ മന്ത്രിസഭയും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം സുപ്രധാനമായ ചില തീരുമാനങ്ങളുമെടുത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം അവതരിപ്പിക്കുമെന്ന് ധനമന്ത്രി കൂടിയായ വി ഡി സതീശന് അറിയിച്ചു. ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതായിരുന്നു ആദ്യ തീരുമാനം. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 3,000 രൂപയുടെ വര്‍ധനവുണ്ടാകും. അംഗന്‍വാടി ജീവനക്കാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും പാചക തൊഴിലാളികളുടെയും ശമ്പളത്തില്‍ 1000 രൂപ വര്‍ധനയുണ്ടാകും.
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ പുതിയ പ്രൊപ്പോസല്‍
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ പ്രൊപ്പോസല്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന് യുഎസിന് കൈമാറി. തങ്ങളുടെ ആശങ്കകള്‍ അമേരിക്കയെ അറിയിച്ചെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാക്കേ പറഞ്ഞു. ഹോര്‍മുസിന്റെ നിയന്ത്രണത്തിനായി പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റി എന്ന പുതിയ സംവിധാനം ഇറാന് പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെ വീണ്ടും ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡസന്‍ കണക്കിന് യുഎസ് കാര്‍ഗോ വിമാനങ്ങള്‍ ടെല്‍ അവീവില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണായിരം സൈനികരെയും 16 ചൈനീസ് നിര്‍മിത ജെഎഫ്-17 യുദ്ധവിമാനങ്ങളും പാകിസഥാന് സൗദിയിലെത്തിച്ചു. ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളും സുരക്ഷാ ഉടമ്പടിയുടെ ഭാഗമായി പാകിസ്ഥാന് ചൈനയിലെത്തിച്ചിട്ടുണ്ട്.
വിപണിയില്‍ കനത്ത ചാഞ്ചാട്ടം
ഇറാന് സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ചാഞ്ചാട്ടം. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ 74,180 വരെ വീണ സെന്‍സെക്സ് 1,135 പോയന്റ് തിരികെ പിടിച്ച് 75,315 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 342 പോയന്റ് തിരികെപ്പിടിച്ച് 23,649 ലാണ് ക്ലോസ് ചെയ്തത്. താഴ്ന്ന ലെവലില്‍ നിന്ന് മികച്ച വാല്യു ബൈയിംഗ് നടന്നതാണ് വിപണിയെ തിരിച്ചുവരവിന് സഹായിച്ചത്. കഴിഞ്ഞയാഴ്ച 5.7% വീണ ഐടി സൂചിക ഇന്ന് 2.4% മുന്നേറി മിക്ച തിരിച്ചുവരവ് നടത്തി. ഫാര്‍മ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി.
ക്രൂഡ് മുകളില്‍ തന്നെ, സ്വര്‍ണം ഇടിയുന്നു
ക്രൂഡ് ഓയില്‍ വില ഉയരങ്ങളില്‍ തുടരുന്നു. ബ്രെന്റ് ക്രൂഡ് വില 1% മുന്നേറി 110.3 ഡോളറിലാണ്. സ്വര്‍ണത്തില്‍ ഇടിവ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 0.28% ഇടിഞ്ഞ് ഔണ്‍സിന് 4535 ഡോളറിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,320 രൂപയിലെത്തി. പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയാണ് ഇന്നത്തെ വില. ഡോളറിനെതിരെയുള്ള മൂല്യമിടിവില്‍ പുതിയ റെക്കോഡിട്ട രൂപ 96.35 എന്ന ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിമൂല്യം 11.81 ലക്ഷം കോടി രൂപ; എയര്‍ടെല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനി
എച്ച്ഡിഎഫ്സി ബാങ്കിനെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിപണി മൂല്യമുള്ള കമ്പനിയായി ഭാരതി എയര്‍ടെല്‍. 1.76% ഉയര്‍ന്ന് 1,938 എന്ന നിലയിലാണ് എയര്‍ടെലിന്റെ ഇന്നത്തെ മൂല്യം. ഇതോടെ കമ്പനിയുടെ വിപണി മൂലധനം 11.81 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 752 ലേക്ക് ഓഹരി വില വീണതോടെ ദിനവ്യാപാരത്തില്‍ എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 11.7 ലക്ഷം കോടിയിലേക്ക് കുറയുകയും ചെയ്തു. വ്യാപാരം അവസാനിക്കുമ്പോള്‍ ഏകദേശം ഒരേ മൂലധനത്തിലാണ് ഇരു കമ്പനികളുമെങ്കിലും എയര്‍ടെല്‍ ശക്തമായ അപ്ട്രെന്ഡിലും എച്ച്ഡിഎഫ്സി ഡൗണ്ട്രെന്ഡിലുമാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയെന്ന സ്ഥാനം വരും ദിവസങ്ങളിലും എയര്‍ടെല്‍ നിലനിര്‍ത്താനാണ് അതിനാല്‍ സാധ്യത. ഇടിവിനിടയിലും 18.07 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി തുടരുന്നു.




