ഇസ്രയേലിന് യുഎസിന്റെ മുന്നറിയിപ്പ്
ഇറാന്-യുഎസ് സമാധാന കരാര്‍ നിലവില്‍ വന്നെങ്കിലും പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ പുതിയ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇസ്രയേലും ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബൊള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് 24 മണിക്കൂറിനകമാണ് ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന് സമാധാന കരാര്‍ ഈ ആക്രമണങ്ങളെ അതിജീവിക്കുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
ലബനനടക്കം എല്ലാ മേഖലകളിലും വെടിനിര്‍ത്തലുണ്ടാകുമെന്ന ധാരണ യുഎസ് പാലിച്ചില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് നടക്കാനിരുന്ന ഔദ്യോഗിക കരാര്‍ ഒപ്പിടലില്‍ നിന്ന് ഇറാന് പിന്മാറുകയും ചെയ്തു. ഡിജിറ്റലായി ഒപ്പിട്ട കരാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിനിടെ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്രയേലിന് മുന്നറിയിപ്പ് നല്കി.
ഹോര്‍മുസ് ശാന്തം
അതേസമയം ഹോര്‍മുസ് ശാന്തമാണ്. തെക്കന്‍ പാതയിലൂടെ ഏത് സമയവും കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാമെന്ന് ജോയന്റ് മാരിടൈം ഇന്‍ഫര്‍മോഷന്‍ സെന്റര്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും തുടരുന്ന യുഎസ് നിവികസേനാ യൂണിറ്റിന്റെ പ്രത്യേക അനുമതി ഇനി ആവശ്യമില്ല. കടല്‍ മൈനുകളെപ്പറ്റിയുള്ള ജാഗ്രതാ നിര്‍ദേശവും ജെഎംഐസി നല്‍കിയിട്ടുണ്ട്.
സ്വര്‍ണവില ഉയര്‍ന്നു
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എണ്ണവില അല്‍പ്പം ഉയര്‍ന്ന് 80 ഡോളറിന് മുകളിലാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80.57 ഡോളറിലാണ്. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 76.54 ഡോളറിലേക്കും ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില 0.22% ഉയര്‍ന്ന് 4222 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 13,390 രൂപയായി. പവന് 160 രൂപ ഉയര്‍ന്ന് 1,07,120 രൂപയാണ് ഇന്നത്തെ വില.
തലവനെ തേടി എയര്‍ ഇന്ത്യ
പുതിയ തലവനെ തേടിയുള്ള എയര്‍ ഇന്ത്യയുടെ അന്വേഷണം നിപുണ്‍ അഗര്വാളിലേക്കും വിനോദ് കണ്ണനിലേക്കും എത്തി നില്‍ക്കുകയാണ്. നിലവില്‍ എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറാണ് നിപുണ്‍ അഗര്‍വാള്‍. എയര്‍ ഇന്ത്യയില്‍ ലയിച്ച പ്രീമിയം എയര്‍ലൈനായ വിസ്താരയുടെ ചീഫ് എക്സിക്യൂട്ടീവായിരുന്നു വിനോദ് കണ്ണന്. ടാറ്റ സണ്‍സിലെ അധികാര വടംവലിയാണ് എയര്‍ ഇന്ത്യയുടെ സിഇഒ നിയമനവും വൈകിക്കുന്നത്. അഗര്‍വാളിന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്റെ പിന്തുണയുണ്ട്. എന്നാല്‍ ചന്ദ്രശേഖരനെ തന്നെ ടാറ്റ സണ്‍സിന്റെ തലപ്പത്തുനിന്ന് മാറ്റാനാണ് ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റയുടെ ശ്രമം.




