വ്യോമയാന ഇന്ധന വില കുറയ്ക്കാന്‍ പാക്കേജ്
എണ്ണ പ്രതിസന്ധിയില്‍ നിന്ന് വിമാനക്കമ്പനികളെ രക്ഷിക്കാന്‍ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന ഇന്ധന സബ്സിഡിക്കായി എണ്ണക്കമ്പനികള്‍ക്ക് 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും. വ്യോമയാന ഇന്ധനത്തിന്റെ വില കുറയ്ക്കാന്‍ ഈ ഫണ്ട് എണ്ണക്കമ്പനികള്‍ക്ക് ഉപയോഗിക്കാം. ഏവിയേഷന്‍ ഫ്യുവലിന്റെ വിലക്കയറ്റം മൂലം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്ന വിമാനക്കമ്പനികള്‍ക്ക് ഈ നടപടി ആശ്വാസകരമാവും. ടിക്കറ്റുകളുടെ നിരക്ക് കുറയുന്നത് യാത്രക്കാരെ സംബന്ധിച്ചും ആശ്വാസമാണ്.
യുഎഇ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ ദാതാവ്
മേയ് മാസത്തില്‍ സൗദി അറേബ്യയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് സപ്ലൈയറായി ഉയര്‍ന്ന് യുഎഇ. പ്രതിദിനം 5,40,000 ബാരല്‍ ക്രൂഡ് ഓയിലാണ് മേയ് മാസത്തില്‍ ഇന്ത്യ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 3,98,000 ബാരലായി കുറഞ്ഞു. പ്രതിദിനം 1.9 ദശലക്ഷം ബാരല്‍ ക്രൂഡുമായി മേയിലും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവ് റഷ്യ തന്നെയാണ്.
ഐടി ഓഹരികളില്‍ വന്‍ ഇടിവ്
മൂന്ന് ദിവസത്തെ ബുള്‍ റണ്‍ അവസാനിപ്പിച്ച് ഓഹരി വിപണിയില്‍ ഐടി ഓഹരികളില്‍ ഇന്ന് വമ്പന്‍ ഇടിവുണ്ടായി. 5.57 ശതമാനം വീഴ്ചയാണ് നിഫ്റ്റി ഐടി സൂചികയിലുണ്ടായത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓഹരി 8.39% വീണു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇന്‍ഫോസിസ് 3.8% ഇടിഞ്ഞു. ഐടിയടക്കം പ്രധാന സെക്ടറുകളില്‍ ലാഭമെടുപ്പ് ഉണ്ടായതോടെ സെന്‍സെക്സ് 0.41% താഴ്ന്ന് 74,436 ലും നിഫ്റ്റി 0.33% ഇടിഞ്ഞ് 23,405 ലുമാണ് ക്ലോസ് ചചെയ്തത്.
ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന് ഉറപ്പ് തന്നെന്ന് ട്രംപ്
ആണവായുധം ഒരിക്കലും ഉണ്ടാക്കില്ലെന്ന് ഇറാന് ഉറപ്പ് തന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. കാര്യങ്ങള്‍ ശരിയായി നടന്നാല്‍ ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ഇറാന് യുദ്ധം യുഎസിനെ സംബന്ധിച്ച് വിജയകരമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ഗള്‍ഫ് മേഖലയില്‍ ഇറാന് വ്യാപക ആക്രമണം നടത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ല്‍ ഇറാന് ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഹ്റൈനിലെ ജനവാസ കേന്ദ്രങ്ങളിലും ഇറാന് ആക്രമണം നടത്തി.
——————




